ഒരു വ്യത്യസ്ത ദോശയും കറിയുമാണു ഇന്നത്തെ സ്പെഷൽ..ഈ കറി സാധാരണ ചപ്പാത്തിക്കും പൂരിക്കും ആണു ചേരുക.. ദോശയ്ക്ക് ഒപ്പവും പരീക്ഷിക്കാം.
ക്രിസ്പി അവൽ ദോശ :
By : Rajitha Anup
ഒരു ആന്റി പറഞ്ഞു തന്നതാണേ..
പച്ചരി -2 കപ്പ്
അവൽ - 3/4 കപ്പ് ( എന്റെ പാലക്കാടൻ മട്ട അവൽ ആയിരുന്നു.. കനം കുറഞ്ഞതാണെങ്കിൽ 1 കപ്പ് എടുക്കാം)
ഉഴുന്ന് - 1/2 കപ്പ്
ഉലുവ -1 സ്പൂൺ
ഉപ്പ് - ആവശ്യത്തിനു
അരിയും ഉഴുന്നും വേറെ വേറെ കുതിർത്താൻ ഇടുക. ഉലുവ ഉഴുന്നിനൊപ്പം ചേർക്കാം. അവൽ കുതിരാൻ 10-15 മിനിറ്റ് മതിയാവും. ആദ്യം ഉഴുന്ന് അരച്ചതിനു ശേഷം അരിയും അവലും ചേർത്ത് അരയ്ക്കുക.
ഈ മാവ് അധികം പുളിക്കണമെന്നില്ല.
ചനാക്കറി :
സാധാരണയായി കേരളീയഭക്ഷണത്തിലോ പൂജയ്ക്ക് വെക്കുന്ന ഭക്ഷണത്തിലോ ഉള്ളി ചേർക്കാറില്ല. ജൈനമത വിശ്വാസികളും കറികളിൽ ഉള്ളിയോ വെളുത്തുള്ളിയോ ഇടാറില്ല.
പല കറികളും ഉള്ളി ഉപയോഗിയ്ക്കാതെ തന്നെ സ്വാദിഷ്ടമാക്കാം. അങ്ങനെ ഉണ്ടാക്കിയ ഒരു കറിയാണേ..കുട്ടികളെ കഴിപ്പിക്കാനുള്ള ഒരു അടവുമുണ്ട് ഈ പരീക്ഷണങ്ങൾക്ക് പിന്നിൽ...ഉള്ളി വില കൂടുമ്പോൾ ഇത് ഉപകാരവുമാവും.
നല്ല പോലെ കുതിർന്ന ചന (വെള്ള കടല) അൽപം ഉപ്പ് ചേർത്ത് കുക്കറിൽ വേവിച്ച് വെയ്ക്കുക. ഒരു പിടി മല്ലിയിലയും ഒരു ചെറിയ കഷണം ഇഞ്ചിയും മിക്സിയിൽ വെള്ളം ചേർക്കാതെ അരയ്ക്കുക. പിന്നെ ചീനചട്ടിയിൽ അൽപം എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കുറച്ച് ജീരകം ചേർക്കുക . അത് പൊട്ടുമ്പോൾ അരപ്പ് ചേർത്തിളക്കുക.
രണ്ട് തക്കാളിയുടെ പ്യൂരി ചേർക്കുക. പച്ചമണം മാറി കഴിഞ്ഞാൽ അതിലേക്ക് മല്ലിപൊടി, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർക്കുക. അവസാനമായി ഒരൽപ്പം ഗരം മസാലയും ചേർത്തു. ഇതിലേയ്ക്ക് വേവിച്ച കടലയുടെ മുക്കാൽ ഭാഗവും ചേർക്കുക. ബാക്കി ഭാഗം മിക്സിയിൽ അടിച്ചോ അല്ലെങ്കിൽ തവി വെച്ച് ഉടച്ചോ കറിയിലേക്ക് ചേർക്കാം.. പിന്നെ കുറച്ച് നേരം അടച്ച് വെച്ച് വേവിക്കണം.കറി റെഡി..
ടേസ്റ്റ് കൂട്ടാനായി അൽപം വെണ്ണയോ കസൂരി മേത്തിയോ ചേർക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes