തൈര് മുളക് വറുത്തത് കൂടെ സാമ്പാറും മീൻ വറുത്തതും..... 
ദോണ്ടില്ലാ ചോറിന്റെ മുകളിലിങ്ങനെ രാജകീയമായി ഇരിക്കണ ഐറ്റമാണ്‌ തൈര് മുളക് !!! 
By : Sherin Reji Jithin
പാലക്കാടുകാരി ഹോസ്‌റ്റൽമേറ്റിന്റെ കയ്യിന്ന് അടിച്ചു മാറ്റി കഴിക്കുമ്പഴാണ് ആദ്യമായീ രുചി നാവറിഞ്ഞത്‌ !!!! ഉണ്ടാക്കാൻ വളരെ എളുപ്പം അപാര രുചിയും!!! പക്ഷെ ഇച്ചിരെ ക്ഷമ വേണം ... ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കാൻ ശ്രമിച്ച്‌ നല്ല്ല മാന്യമായി പരാജയപ്പെട്ടു !!!! ഇതിണ്ടാക്കി വെയിലത്ത് വച്ച് പൊന്നെ പൊടിയേന്ന് പറഞ്ഞ് ഒന്നുണങ്ങി വരുമ്പോ മഴ തുടങ്ങും .... പിന്നെ പൂപ്പൽ പിടിക്കും ...

(ഇതിന്റെ ഗുണ പാഠം എന്നാന്ന് വച്ചാ, നല്ല വെയിലും വെട്ടൊമൊക്കെ ഉള്ളപ്പൊഴേ തൈര് മുളക് ഉണ്ടാക്കാൻ മിനക്കിടാവൂ.... ഇല്ലെങ്ങിൽ ന്നെ പോലെ ഇളഭ്യയായി മൂഢവദനയായി ഇരിക്കേണ്ടി വരും... )

മൂന്നാമത്തെ തവണ വെയില് ചതിച്ചില്ല...

* പാതി മൂത്ത നാടൻ പച്ചമുളകെടുത്തു ഞെട്ട് മുതൽ പകുതി വരെ നീളത്തിൽ കീറി .

* മുളക് മുങ്ങി കിടക്കാൻ പാകമാണ് തൈരിന്റെ അളവ് .. തൈരിൽ ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി ഇളക്കി മുളക്‌ ഇതിലിട്ടു വച്ചു ..

* ഒരു ദിവസം മുഴുവൻ തൈരിൽ തന്നെ ഇട്ടുവെച്ചു... തൈരിന്റെ സ്വാദൊന്ന് നന്നായി പിടിച്ചോട്ടെ... പിറ്റേന്നെടുത്തു വെയിലത്ത് വച്ചു ... വൈകുന്നേരം വീണ്ടും തൈരിൽ ഇട്ടുവെച്ച്, പിറ്റേന്ന് രാവിലെ വീണ്ടും വെയിലത്ത് ...

മുളക് ഉണങ്ങുന്നത് വരെ ഇത് തുടരാം .. നന്നായി ഉണങ്ങി കഴിയുമ്പോ കാറ്റ് കയറാതെ ട്ടിന്നിലടച്ചു വച്ചേക്കാം ... ആവശ്യമുള്ളപ്പോൾ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം ...

ഇനി വെയിലത്ത് ഉണക്കാൻ ഒരു മാർഗ്ഗോമില്ലെങ്കിൽ മൈക്രോവേവിൽ ചെയ്തെടുക്കാം ... തൈരിൽ നിന്നും മുളകെടുത്തു ആദ്യത്തെ സൈഡ് high ൽ 10 മിനുട്ടും, രണ്ടാമത്തെ സൈഡ്‌ തിരിച്ചിട്ട് 5 മിനുട്ട് വച്ചും സംഭവം റെഡി ആക്കാം...

ഇതിൽ ജീരകം പൊടിച്ചു ചേർക്കുമെന്നൊക്കെ വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് വേറൊന്നും ചേർക്കാതെ വയ്ക്കുന്നതാണ് പ്രിയം...

എത്ര പച്ച മുളക് എടുക്കുന്നോ അതിന്റെ പാതിയെ ഉണങ്ങി കഴിയുമ്പോ കാണൂ ...

(പിന്നെ മുളകുണങ്ങാൻ വയ്ക്ക്കുമ്പോ കാലാഹരണപ്പെട്ട കാസ്സെറ്റ് വള്ളി കൊടി തോരണങ്ങൾ കണ്ണാടി എന്നിവ കൂടെവെക്കുന്നത്‌ കാക്കയും കോഴിയുമൊന്നും റാഞ്ചി കൊണ്ട് പോവാണ്ടിരിക്കാൻ സഹായിക്കും ... തേങ്ക്യു )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم