By:

സ്നേഹമുള്ള സിംഹം:

അഥവാ ഉണക്ക ചെമ്മീനും കഞ്ഞിയും
തണുത്ത കര്ക്കിടക രാവുകളിൽ കഴിക്കാൻ പറ്റിയ ഒരു സംഭവം ആണിത്. ഇനിയിപ്പോൾ വലിയ തണുപ്പില്ലെലും കഴിക്കാം.. ഉണക്ക ചെമ്മീനുണ്ടോ കർക്കിടകവും ചക്രാന്തിയും ...
...
പേരിന്റെ പിന്നിലെ കഥ: ഇത് കഴിച്ചാൽ സിംഹം പോലിരിക്കുന്ന ഏതു കെട്ടിയോനും (ചേട്ടൻ, അണ്ണൻ, അച്ചായാൻ, ഇച്ചായൻ, പിള്ളേരുടച്ചൻ, കാർന്നോരു, ഇവിടുത്തെ അദ്ധ്യേം, അങ്ങേര് ... എന്നിങ്ങനെ പല പേരുകളിൽ ഇവർ അറിയപ്പെടും) സ്നേഹമുള്ളവർ ആകും. അമ്മായി അമ്മമാരെ വളയ്ക്കാനും ഈ എയ്റ്റത്തിനു കഴിവുണ്ട്..
ഇത് കഴിച്ചിട്ടാത്രെ പണ്ടു ഒരു മഹാകവി ..''മൈ ലവ് ..യു ആർ മൈ പഞ്ചസ്സാര .." എന്ന കവിത പാടിയത്.
സിംഹത്തിനു മീശ ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നും, ചെമ്മീന്റെ മീശ സിംഹം കുറച്ചു കടം എടുത്തതായും പുരാണത്തിൽ പരാമർശം ഉണ്ട്.

സിംഹത്തെ സ്നേഹം ഉള്ളവൻ ആക്കി മാറ്റാൻ ആവശ്യം ഉള്ള ആയുധങ്ങൾ :
ഉണക്ക ചെമ്മീൻ വൃത്തിയാക്കിയത്, ഉളളി, മുളകുപൊടി, എണ്ണ , ഉപ്പു (കറിവേപ്പില, വറ്റൽ മുളക്‌ - ഒരു ഗമയ്ക്ക്)
(ഇടി, ചത ആദിയായ കൈപ്പെരുമാറ്റം അറിയാവുന്നവര്ക്ക് ഇതു ഉണ്ടാക്കാൻ വളരെ എളുപ്പം ആണു).
1. രണ്ടു കൈ നിറയെ ഉണക്ക ചെമ്മീൻ വാരിയെടുത്തു അടുപ്പിൽ ഇരിക്കുന്ന ചൂടായ ചട്ടിയിൽ ഇട്ടു വറുക്കുക. വറുക്കുമ്പോൾ ആവശ്യത്തിനു ഉപ്പു വിതറുക, തീരെ കുറച്ചു എണ്ണയും മതി.
സീരിയൽ കാണുന്നതിനു ഇടയിൽ ഉണക്ക ചെമ്മീൻ വൃത്തിയാക്കി വെച്ചാൽ കാര്യം എളുപ്പം. (കുങ്കുമപ്പൂവും കാണാം ചെമ്മീനും വൃത്തിയാക്കാം എന്നൊക്കെ കേട്ടിട്ടില്ലേ).
2. ചെമ്മീൻ നന്നായി വറുത്തു കഴിഞ്ഞു, ചട്ടിയിൽ നിന്നും വാങ്ങി വെയ്ക്കുക. ഒരു സയ്ടിൽ ഉള്ളിയും മുളകും എടുത്തു ഇടിയും ചതയും തുടങ്ങിക്കോ ..
3. ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ചു ചതച്ചു വെച്ച ഉള്ളി വഴറ്റുക . മൂത്ത് കഴിഞ്ഞാൽ ചതച്ചു വെച്ച വറ്റൽ മുളക് ചേര്ക്കൂ. പാകത്തിന് മുളക് പൊടി ചേര്ക്കുക, കരിഞ്ഞു പോയാൽ എല്ലാം പോയി .. മേരി കഹാനി ട്രാജഡി ഹുവ ആയിപ്പോകും മുളകുപൊടി മാത്രേ ഉള്ളൂ എങ്കിൽ അത് ചേർത്ത് മൂപ്പിച്ചു നേരത്തേ വറുത്തു വെച്ചിരിക്കുന്ന ചെമ്മീൻ ചേര്ത് നല്ല വണ്ണം ഇളക്കി മൂപ്പിച്ചു എടുത്തോ ..
ഉള്ളി മൂപ്പിക്കുമ്പോൾ കറിവേപ്പിലയും മുഴുവൻ വറ്റൽ മുളകും ചേര്ക്കാം (ഇപ്പോൾ എല്ലാരും അതൊക്കെ വാരി ഇടുന്നുണ്ട്, നമ്മളായിട്ടു കുറയ്ക്കണ്ടാന്ന്).
ഈ ചെമ്മീൻ വറുക്കുന്ന സമയത്തു കഥാനായകനായ സിംഹം അടുക്കള വാതിൽ കടന്നു വന്നു കറുത്തമ്മ എന്ന് വിളിക്കുമ്പോഴുണ്ടല്ലോ ന്റെ അമ്മച്ചീ ...പിന്നെ ചുറ്റുവട്ടത്തുള്ളതൊന്നും കാണാൻ പറ്റൂല !!
4 ഒരു അടുപ്പിൽ ചെമ്മീൻ വറുക്കുമ്പോൾ, മറ്റേ അടുപ്പിൽ നല്ല കുത്തരി കഞ്ഞി വെയ്ക്കാൻ മറക്കല്ലേ .. സിംഹത്തിന്റെ യഥാർത്ഥ മുഖം കാണേണ്ടി വരും...
ഇതെല്ലാം റെഡി ആയി കഴിഞ്ഞു ചൂടോടെ വിളംബി കഴിക്കാം .. ഒരു ഇത്തിരി അച്ചാറും പപ്പടോം കാച്ചിയ മോരും ഉണ്ടേൽ കഞ്ഞി ആയിട്ടോ ചോറിന്റെ കൂടെയോ കഴിക്കാം.
അമ്മായി അമ്മയെ ഐശ്വര്യമായിട്ടു ആദ്യം വിളിച്ചു ഇരുത്തണം ... ഇല്ലേൽ പണി പാളാൻ ചാൻസ് ഉണ്ട്‌ ..

പൂഴിക്കടകൻ: ചെമ്മീൻ ബാക്കി വന്നാൽ കുറച്ചു തേങ്ങ തിരുമ്മി ഉള്ളി, പച്ചമുളക്, മുളകുപൊടി, ലേശം പുളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഉപ്പു ചേർത്ത് ഒരു ചമ്മന്തി ഉണ്ടാക്കി ചേട്ടന്റെ (സിംഹത്തിന്റെ) ചോറ് പൊതിയിൽ വെച്ചേരെ... വൈകുന്നേരം ആപ്പീസ്സിന്നു വരുമ്പോൾ രണ്ടു പയമ്പൊരീം ഉയുന്നുവടേം ആയിട്ടായിരിക്കും ആശാന്റെ വരവ്..
ഇനി അത് കിട്ടിയില്ലേൽ എന്നെ തല്ലണ്ടാ ..തന്നെ അതൊക്കെ അങ്ങ് ഉണ്ടാക്കിയേച്ചാൽ മതി...
ഇത് ബാറ്റ്ചി സഹോദരന്മാര്ക്കും അല്ലാത്തവർക്കും try ചെയ്യാം. ഞാൻ കേസ്സൊന്നും കൊടുക്കൂലാന്നു ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم