മുട്ട വറുത്തത്

ചുമ്മാ ഒരു പോസ്റ്റിനു വേണ്ടി അല്ല ഇത് പോസ്റ്റ്‌ ചെയ്യുന്നത് 

മുട്ട പൊരിക്കാൻ ആർക്കാ അറിയാൻ മേലാത്തത് - എന്നിരുന്നാലും ഈ രീതി ഒന്ന് നോക്കൂ 
By: Sherin Mathew

ഈ പഴമക്കാർ എന്ന് പറയുന്നത് ഒരു വലിയ ജനത ആണ് - അവരെ നമ്മൾ ഒരിക്കലും ചെറുതായി കാണരുത് - പ്രത്യേകിച്ച് അമ്മച്ചിമാരെ, അമ്മാമ്മമാരെ, അമ്മാമ്മച്ചിമാരെ അമ്മായിമാരെ - DO NOT UNDERESTIMATE THE SKILLS /POWER /KNOWLEDGE OF A COMMON MAN / WOMAN 

എന്റെ മമ്മീടെ ചേച്ചി ഒരു സാധാരണ വീട്ടമ്മ ആണ് - ഇടുക്കിയിൽ ഒരു കൊച്ചു വീട്ടിൽ ഒരു എരുമ കുറച്ചു കോഴി കുറച്ചു കുരുമുളക് തോട്ടം, ഏലം, കപ്പ, പിന്നെ പാവൽ, പടവലം, അച്ചിങ്ങ, കോവക്ക, ഏത്തവാഴ എന്നിത്യാദി കൃഷികളുമായി ജീവിച്ചു പോരുന്നു

പക്ഷെ, ഉച്ചനേരത്ത് അപ്രതീക്ഷിതമായി ആരെങ്കിലും ഊണിനു ചെന്ന് പറ്റി എന്നിരിക്കട്ടെ - അഞ്ചു കറീം കൊഞ്ചും ഇല്ലെങ്കിലും പച്ചമോര് കലക്കിയത്, മുട്ട പൊരിച്ചത്, ഉണക്കമീൻ വറുത്തത്, അച്ചാറുകൾ, ചമ്മന്തി, ചമ്മന്തിപൊടി, പിന്നെ ഒരു ഹൊററിന് ഒരു തക്കാളി തീയലും (ആരെങ്കിലും ഓർക്കുമോ അങ്ങിനെ ഒരു തീയൽ) - കുറഞ്ഞത് ഇത്രയും കറികൾ കൂട്ടി മൃഷ്ടാന്നം ഊണ് കഴിക്കാം. എല്ലാത്തിനും കൂടി 1 മണിക്കൂർ കഷ്ടി - ഇതിനിടയിൽ കൂടി നമ്മളോട് വർത്താനോം പറയും 
 കൈ കണ്ടിക്കുമോ എന്ന് പേടിച്ചു പോകും - മഷീൻ പോലെ അരിയുമ്പോഴും കണ്ണ് നമ്മുടെ മുഖത്തല്ലേ? .

നമ്മൾ നോക്കി ഇരിക്കെ ചിരിച്ചു സംസാരിച്ചു തേങ്ങ തിരുമ്മും, അതിനിടയിൽ ഉള്ളി അരിയും, ഇതിന്റെ മേലേക്ക് ഒരു കുഞ്ഞു കഷണം ഇഞ്ചി കൊത്തി അരിഞ്ഞിടും, പച്ചമുളക്/കാന്താരി അരിഞ്ഞിടും, കറിവേപ്പില അരിഞ്ഞിടും, ഉപ്പു നീരൊഴിക്കും - എന്നിട്ട് എല്ലാംകൂടി ഞെരടി യോജിപ്പിക്കും.

മുറ്റത്ത്‌ കഴുകാൻ നിരത്തി വച്ചിരിക്കുന്ന ചട്ടീം കലോം കാക്ക ഉരുട്ടുന്നത് നോക്കി "കാക്ക ഇന്ന് കരിക്കലം തേച്ചു മെഴക്കുമല്ലോ" എന്നും അടുപ്പ് പാതകത്തേൽ വലിഞ്ഞു കയറി വറുത്തു വച്ചിരിക്കുന്ന ഉണക്കമീന്റെ ചീനച്ചട്ടി മൂക്ക് കൊണ്ടും കൈകൊണ്ടും തട്ടി മാറ്റുന്ന പൂച്ചയോട് "പൂച്ചയോട് മീനിന്റെ ഉപ്പു നോക്കാൻ ഞാൻ പറഞ്ഞാരുന്നോ" എന്ന് ചോദിക്കുമ്പോഴുമൊക്കെ കൈ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കും.

ഇടയ്ക്കു പോയി കനലൊന്നു ഇളക്കി കൂട്ടി കുഴൽ വച്ചൊന്നു ഊതി ദോശകല്ല്‌ എടുത്തു അടുപ്പത് വെക്കും. തിരിച്ചു വന്നു രണ്ടു മുട്ട കോപ്പയുടെ അരികിൽ മുട്ടി ഉടച്ചു തേങ്ങ കൂട്ടിലേക്ക് ചേർക്കും. എന്നിട്ട് വീണ്ടും - എടി ഷെറിമോളെ എന്നാ ഒക്കെ ഉണ്ടെടി വിശേഷം, എന്ന് ചോദിച്ചു മുട്ട ഞെരടി യോജിപ്പിക്കും. എത്ര പ്രാവശ്യം കണ്ടിട്ടുള്ളതാ ഈ കലാപരിപാടി ഒക്കെ എന്നാലും എന്റെ കൌതുകത്തിന് ഇന്നും ഒരു മാറ്റോം ഇല്ല - അതൊരു സ്പെഷ്യൽ കെമിസ്ട്രി ആണ് - എന്തൊരു കൈപുണ്യമാ!!!!

നമ്മുക്കും നോക്കാം 
 തേങ്ങ തിരുമ്മിയത്‌ - 1 ടി കപ്പ്‌
 കൊച്ചുള്ളി അരിഞ്ഞത് - 1 ടി കപ്പ്‌ 
 ഇഞ്ചി - 1/4 ഇഞ്ച്‌ കഷണം കൊത്തി അരിഞ്ഞത് 
 പച്ചമുളക് - 4 എണ്ണം പൊടിയായി അരിഞ്ഞത് (കാന്താരി മുളക് ചേര്ക്കാം, പര്യംപുറത്തെ കാന്താരി ചെടിയിൽ മുളക് ഇല്ലാത്തപ്പോൾ കുഞ്ഞമ്മാമ്മാച്ചി കുരുമുളക് അരകല്ലിൽ വച്ച് ഇടിച്ചു പൊടിച്ചും ചേർക്കാറുണ്ട്, വറ്റൽ മുളക് കുത്തിപൊടിച്ചും ചേർക്കാറുണ്ട്)
കറിവേപ്പില - 4-5 ഇതൾ ചെറുതായി അരിഞ്ഞത് 

ഇനി ഇതെല്ലാം, കുഞ്ഞമ്മാമ്മച്ചിയെ മനസ്സില് ധ്യാനിച്ച് മേലെ വിവരിച്ചപോലെ ഞെരടി ചേർക്കുക (കാക്കയോടും പൂച്ചയോടുമുള്ള ഡയലോഗുകൾ പറയാൻ മറക്കരുത് - രുചി കൂടും)

ഇതിലേക്ക് രണ്ടു മുട്ട ഉടച്ചു ചേർത്ത് ഞെരടി ചേർക്കുക. ഉപ്പു ആവശ്യത്തിനു ചേർത്ത് നന്നായി തിരുമ്മി ഞെരടി യോജിപ്പിക്കുക. തേങ്ങയും ഉള്ളിയും മറ്റും നന്നായി ഒതുങ്ങി നയന്നു വരും. മുട്ട ഇട്ടിട്ടുണ്ട് എന്ന് പോലും തോന്നില്ല - ഒരു നനവ്‌ മാത്രമേ കാണൂ.

ദോശകല്ല്‌ അടുപ്പത്ത് വച്ച് നന്നായി ചൂടാക്കി എണ്ണമയം പുരട്ടുക.
തീ കുറച്ചു മുട്ട മിശ്രിതം ഒരു അട പോലെ നിരത്തുക.എന്നിട്ട് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി വെച്ച് ചെറുതീയിൽ വേവിക്കുക.

ഇനി മൂടി തുറന്നു തീ കൂട്ടി വെച്ച് മൊരിക്കുക (ആവിയിൽ ഇരുന്നു മുട്ട അട വാടി ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് - ഇതോടെ താഴ്വശം വീണ്ടും മൊരിഞ്ഞു ബലക്കും) ഇനി ഒരു നല്ല വീതിയുള്ള ചട്ടുകം കൊണ്ട് മുട്ട തിരിച്ചിടാം.

ഒരു ടി സ്പൂണ്‍ എണ്ണ ചുറ്റിനും ഇറ്റിച്ചു നന്നായി മൊരിക്കുക - ഇനി ചെറിയ കഷണങ്ങൾ ആയി മുറിച്ചു പിഞ്ഞാണത്തിൽ നിരത്തുക - മൂക്ക് വിടർത്തി ഒന്ന് മണം പിടിച്ചോ! ഒടുക്കത്തെ രുചിയാ - സത്യം!!

Enjoyy!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم