ലുചിയും ദം ആലൂവും 

ചേച്ചി കൂടുതൽ വായിക്കണം എഴുതണം എന്ന് ഇവിടെയുള്ള കൂട്ടുകാരെല്ലാം പറഞ്ഞു തുടങ്ങിയത് കൊണ്ട് ഞാനും അങ്ങ് തീരുമാനിച്ചു - മലയാളം കൂടുതൽ വായിക്കുക തന്നെ 

എൻറെ പ്രിയതമൻ എനിക്ക് ഒരു പിടി പുസ്തകങ്ങൾ കൊണ്ട് തരികയും ചെയ്തു - ആമിയുടെ നീർമാതളവും, പദ്മരാജന്റെ കൃതികളും പൌലൊ കുയെലോ, മീരയുടെ ആരാചാരുമൊക്കെ അതിൽ പെടും.

അറ്റത് ഹൃദയാകൃതിയിൽ കുടുക്കുമായി തൂങ്ങി നില്ക്കുന്ന കയർ പുറംചട്ടയുള്ള ആരാച്ചാർ തന്നെ ആദ്യം തൊട്ടു.

അസാധ്യ പുസ്തകം എന്ന് പറയേണ്ടതില്ലല്ലോ.

വായന തുടങ്ങി നാല് പേജ് എത്തിയപ്പോൾ മാ പരത്തുന്ന "ലുചി"യിലും ചെതുവിന്റെ കൈയ്യിൽ നിന്നും വഴുതി ഉരുണ്ടു പോയ ഉരുളകിഴങ്ങിലും തടഞ്ഞു ഞാൻ നിന്നു.

അല്ലെങ്കിലും ലോകമെമ്പാടുമുള്ള എഴുതുകാരന്മാരുടെ ഒരു പൊതു സ്വഭാവം നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ - അത് ചാൾസ് ഡിക്കെൻസാവട്ടെ എനിഡ് ബ്ലൈറ്റനാവട്ടെ, സർ കോനൻ ഡോയെലാവട്ടെ, മനുഷ്യനെ കൊതിപ്പിക്കാൻ ഒരു കോഫി എങ്കിലും കുടിക്കുന്ന കാര്യം ഒരു ചാപ്റ്റർ നിറയെ വിസ്തരിച്ചങ്ങു ഏഴുതും - കണ്ട്രോൾ കളയാൻ

എൻറെ ഒരു രാശി വച്ച് എവിടെയെങ്കിലും ഒരു അരിമണിയുടെ പരാമർശം ഉണ്ടായാൽ പച്ചില കണ്ട ആട്ടിൻകുഞ്ഞു പോലെ ഞാൻ അവിടെ അങ്ങ് നില്ക്കും.

ആടിന്റെ കാര്യം പറഞ്ഞപ്പോളാണ് ഒരു ആട് കാരണം രണ്ടു ദിവസം ഞാൻ കിടപ്പിലായ ഒരു സംഭവം ഓർമ വന്നത്.

എൻറെ ചപ്ലാച്ചി ഇഷ്ടമാണെന്ന് നിങ്ങൾ പറയുന്നത് കൊണ്ടും എനിക്ക് നാക്കിനു നീളം കൂടുതലായതു കൊണ്ടും അതും കൂടി പറയാം. കഥ വേണ്ടാത്തവർ നേരെ താഴെ റസിപിയിലേക്ക് സ്ക്രോൾ ചെയ്യുക

എൻറെ ആറ് അമ്മാച്ചന്മാരിൽ ഒരാളുടെ ഭാര്യയാണ് ലീലാച്ചി (ലീലാമ്മ ആന്റി) ഒരു പൊട്ടിക്കാളി എന്നാലോ ഒടുക്കത്തെ കൈപുണ്യവും. വന്ന അമ്മയിമാരിൽ ആസ്ഥാന കുക്ക് വല്യമ്മായി കഴിഞ്ഞാൽ പിന്നെ തറവാട്ടിലെ ഏറ്റവും നല്ല പാചകക്കാരി - വെള്ളം കലക്കി തന്നാലും രുചി.

അച്ചൻ (അമ്മച്ചാൻ) കടയിൽ പോയാൽ വീട്ടിലെ മുഷിവു മാറ്റാൻ മൂപ്പത്തി ഒരു ആടിനെ വളർത്തി.

അക്കാലത്തു കിട്ടുന്ന എല്ലാ അവധിക്കും ബംഗാളൂര് നിന്നു ഞങ്ങൾ കുട്ടികൾ അമ്മവീട്ടിലേക്ക് ഓടി ചെല്ലുമായിരുന്നു.

അങ്ങിനെ ഒരു അവധികാലം. തറവാട്ടിൽ എത്തിയ ഉടൻ തന്നെ ഉടുപ്പ് പോലും മാറാതെ ബാഗ്‌ താഴെ വെച്ച് വല്യമ്മായിയും ലീലാച്ചിയെയും കാണാൻ ഞാൻ കുന്നു ഓടി കയറി.

മേലെ ചെന്നപ്പോൾ ഒരു കൈയ്യിൽ ആടിന് കൊളയും (കൊന്നയിലയും പ്ലാവിലയും മറ്റും)വാക്കത്തിയും, മറു കൈയ്യിൽ ആടിനെ കെട്ടിയ കയറുമായി വഴിയിൽ ചിരിച്ചോണ്ട് ലീലാച്ചി.

"എപ്പഴാടി മോളെ വന്നെ"
"ഇപ്പൊ വന്നതേ ഉള്ളൂ ലീലാച്ചി - വല്യമ്മായിയോ?"
"കൊച്ചമ്മ ഓലിക്കൽ കാണും - നീ വാ, വല്ലോം കഴിച്ചോ?"
"ഇല്ല - അമ്മച്ചി എടുത്തു വക്കുന്നുണ്ട്, ഞാൻ നിങ്ങളെ കാണാല്ലോന്നു കരുതി വന്നതാ"
"ഞാൻ ആടിന് കൊള വെട്ടാനിറങ്ങിയതാ"
ഇതൊക്കെ ആ ചില്ലനോടോ വർക്കിയോടോ പറഞ്ഞാൽ പോരേ"
"ഓ എനിക്ക് സമയം പോവണ്ടേ, ഈ ആടിനാണെങ്കിൽ മുരിക്കെല മാത്രം മതി - ഒരൊറ്റ മുരിക്കേലും ഒരു തലപ്പ്‌ പോലുമില്ലാതെ ബെന്നിച്ചൻ വെട്ടി നിർത്തിയിരിക്കുവാ"

ബെന്നിച്ചൻ മമ്മിയുടെ ചിറ്റപ്പന്റെ (എൻറെ വല്യപ്പച്ചന്റെ അനിയന്റെ) ഇളയ സന്താനം.. കുടുംബത്തിലെ പോക്കിരി രാജ. അന്ന് 18 വയസ്സേ ഉള്ളുവെങ്കിലും അപ്പാപ്പമാരുടെ ധാര്ഷ്ട്യം - എല്ലാവര്ക്കും ഒരു പൊടി പേടിയുണ്ട് - എന്നേക്കാൾ 5 വയസ്സ് കൂടുതൽ.

വീട്ടിലേക്കു തിരിയുന്ന വളവു എത്തിയപ്പോൾ താഴ്വശത്തെ പറമ്പിൽ മഞ്ഞയും ഓറഞ്ചും കടുംചുവപ്പും നിറം ഇടകലർന്ന പൂക്കുലയുമായി ഒരു മുരിക്കില തലപ്പ്‌

"ഇതൊന്നു മാത്രമേ ഇനി ബാക്കിയുള്ളൂ, നീ അതിങ്ങു വെട്ടിയിട്ടേ"
"അമ്മായി ഇത് മുരിക്കാ, എനിക്ക് വയ്യ മുള്ള് കൊള്ളാൻ"
അപ്പഴാണ് മുരിക്കുംതടിയേലെ കൊതകൾ (ചവിട്ടി കയറാനുള്ള വെട്ടുകൾ) എൻറെ ശ്രദ്ധയിൽ പെട്ടത്

" അതൊക്കെ പോട്ടെ, ബാക്കിയുള്ള തലപ്പൊക്കെ ആരാ വെട്ടിയെ?" ചുഴിഞ്ഞു നോക്കി ഞാൻ ചോദിച്ചു
"ഞാൻ തന്നെ, അല്ലാതാരാ" മേലോട്ട് കണ്ണ് പായിച്ചു ഒരു ചമ്മിയ ചിരിയോടെ ലീലാച്ചി പറഞ്ഞു
"എടി ഭയങ്കരി"
ഡീ വാട്ട് കപ്പകുഴച്ചതും ഉണക്കമീനും ഉണ്ട് - ബെന്നിച്ചൻ വരുന്നേനു മുന്നേ നീ അതിങ്ങു വെട്ടിയിട്ടേ - എനിക്ക് അത് വരെ കയറാൻ വയ്യ അതല്ലേ"
ലീലാച്ചി എൻറെ ബലഹീനതയിൽ മനപ്പൂർവ്വം കുടുക്കി വലിച്ചു കൊണ്ട് പറഞ്ഞു - ഹോ ഒടുക്കത്തെ ഒരു കപ്പേം മീനും!

അങ്ങിനെ ഞാൻ വലിഞ്ഞു കയറി തലപ്പ്‌ വെട്ടിയിട്ടു - അത് വീഴുന്ന കണ്ടു ആട് രണ്ടു കുതിപ്പ് കുതിച്ചു

"ഡീ ഇറങ്ങിക്കോ, ബെന്നിച്ചൻ ചുറ്റുവട്ടത്ത് കാണും, പണിക്കാര് കാപ്പിക്കുരു പറിക്കുന്നുണ്ട്"

ഒരുപാട് നാളായി മുരിക്കുംപ്പൂവിലെ തേൻ കുടിച്ചിട്ട്‌, പൂ പൊട്ടിക്കാനാഞ്ഞതും "ഡീ" എന്നോരാക്രോശത്തിന്റെ ആഘാതത്തിൽ എൻറെ നിയത്രണം തെറ്റി ഉലഞ്ഞു വീഴാൻ പോയ ഞാൻ നില്ക്കുന്നത് മുരിക്കേലാണ് എന്നോർക്കാതെ അതേൽ പൂണ്ടടക്കം കെട്ടി പിടിച്ചു. സ്ലീവിനു താഴോട്ട് ഉരത്തിനകവശതും കൈത്തണ്ടയിലും കഴുത്തിലുമെല്ലാം മുള്ള് തറഞ്ഞു ഞാൻ പുളഞ്ഞു പോയി - നിമിഷ നേരം കൊണ്ട് കട്ടുകഴച്ചു വേദന കൂടി വന്നു
തിരിഞ്ഞു നോക്കിയപ്പോൾ താഴെ ബെന്നിച്ചൻ.
കൈ നീട്ടി താഴെ ഇറങ്ങാൻ സഹായിച്ചു കൊണ്ട് ബെന്നിച്ചൻ ചോദിച്ചു "നീ എന്നാ വന്നെ?"
ദേഷ്യം കൊണ്ടും വേദന കൊണ്ടും ഇടഞ്ഞു നിന്ന ഞാൻ "പത്തു പതിമൂന്ന് കൊല്ലമായി" എന്ന് തിരിച്ചു ചൊടിച്ചു
"ഓഹോ, ബാംഗളൂരിപ്പോൾ നീ മുരിക്കെലേം മുരിക്കുംപൂവുമാണോ തിന്നുന്നെ"
"അത് ഞാൻ ലീലാച്ചി പറഞ്ഞിട്ട് ആടിന്" എന്ന് പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴാണ് ആട് കിടന്നിടത്ത് പൂട പോലും ഇല്ല എന്ന് പറഞ്ഞപോലെ ആടും ലീലാച്ചിയും ഒരുമിച്ചു അപ്രത്യക്ഷരായ കാര്യം മനസ്സിലാക്കിയത്.

കാപ്പിയുടെ മറവിൽ നിന്നു എത്തി നോക്കുന്ന ലീലാച്ചിയെ ബെന്നിച്ചൻ പറഞ്ഞു "ലീലാചിയാണോ കൊച്ചിനെ ഈ മുള്ള് മരത്തേൽ കയറ്റിയത്"
എന്നിട്ടെന്നോട് പറഞ്ഞു "വീട്ടില് ചെന്നിട്ടു തേനോ വെളിച്ചെണ്ണയോ പുരട്ടിക്കോ, പനിക്കും"

പറഞ്ഞപോലെ മുള്ള് കുത്തിയിടമൊക്കെ കരിനീലച്ചു പഴുത്തു - രാത്രി പനിച്ചു - രണ്ടു ദിവസം കിടപ്പിലുമായി.

ഇനി കഥ കേട്ടില്ല എന്ന പരാതി തീര്ന്നല്ലോ.

അപ്പോൾ പിന്നെ ലുചിയും (മൈദാ മാവും നെയ്യും ചേർത്ത് കുഴച്ചു നെയ്യിൽ തന്നെ പൊരിച്ചെടുക്കുന്ന ബംഗാളി പൂരി) ദം ആലൂവും ഇനി ഉണ്ടാക്കിയല്ലേ പറ്റൂ??

മൈദയും നെയ്യും - വേണ്ട - നമ്മുക്ക് സാദാ പൂരി മതി
ഗോതമ്പ് മാവിൽ രണ്ടു സ്പൂണ്‍ നെയ്യും ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് മയത്തിൽ കുഴച്ചു, വെള്ളം കൊണ്ട് മാവിന്റെ മുകൾ വശം നനച്ചു മാറ്റി വച്ചു.

ദം ആലുവിലെക്കു
3 വലിയ ഉരുള കിഴങ്ങ് (ഇല്ലെങ്കിൽ 10-12 ചെറിയ ചാട്ട് പൊട്ടെട്ടൊ)
കുക്കെരിൽ ഒരു വിസിൽ ആവി കയറ്റി പ്രഷര് താഴുമ്പോൾ തൊലി നീക്കി (വലിയ കിഴങ്ങെങ്കിൽ വലിയ ചതുര കഷണങ്ങൾ ആയി മുറിച്ചെടുക്കുക)
ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് പകുതി വെന്ത ഉരുള കിഴങ്ങ് വറക്കുക (ഗോള്ടെൻ ബ്രൌണ്‍ നിറത്തിൽ)

1 മീഡിയം സവാള പൊടിയായി നുറുക്കി വെക്കുക
1 മീഡിയം തക്കാളി പൊടിയായി നുറുക്കി വെക്കുക

ഉരുളകിഴങ്ങ് വറുത്ത എണ്ണയിൽ നിന്നും ആവശ്യത്തിനു അല്പം എടുത്ത് ഒരു ചീനച്ചട്ടിയിൽ ഒഴിച് അതിലേക്കു ഒരു ബേ ലീഫ് ഇട്ടു പൊട്ടിക്കുക. പിറകെ രണ്ടു നുള്ള് കായം ചേർത്ത് മൂക്കുമ്പോൾ അതിലേക്കു അരിഞ്ഞ ഉള്ളി ചേർത്ത് ബ്രൌണ്‍ നിറത്തിൽ വഴറ്റുക.

ഇനി അതിലേക്കു 1 സ്പൂണ്‍ ഇഞ്ചി പേസ്റ്റ് ചേർത്ത് വഴറ്റുക. പച്ചമണം മാറുമ്പോൾ ഇതിലേക്ക് താഴെ പറയുന്നവ ചേര്ക്കുക

1 ടി സ്പൂണ്‍ മുളക്പൊടി
1 ടി സ്പൂണ്‍ ജീരകപൊടി
1/4 ടി സ്പൂണ്‍ മഞ്ഞള്പൊടി
1 ടി സ്പൂണ്‍ ഗരം മസാല

ഇതൊന്നു മൂത്താൽ ഇതിലേക്ക് തക്കാളി ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.

രണ്ടു സ്പൂണ്‍ തൈര് ചേർത്ത് നന്നായി ഇളക്കി പാകത്തിന് ഉപ്പുണ്ടോ എന്ന് നോക്കി ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേർക്കാം (കിഴങ്ങ് ചേര്ക്കുന്നതിന് മുന്നേ 2 സ്പൂണ്‍ നെയ്‌ കൂടി മസാലയിൽ ചേർക്കുകയാണെങ്കിൽ രുചി കൂടും)

അരിഞ്ഞ മല്ലിയില തൂവി ഇളക്കി കിഴങ്ങിൽ മസാല പുരണ്ട രീതിയിൽ ഒരു ബൗളിലേക്ക് മാറ്റുക

കിഴങ്ങ് വറുത്ത എണ്ണയിൽ അല്പം കൂടി എണ്ണ ഒഴിച്ച് നല്ല ചൂടാകുമ്പോൾ പൂരികൾ വറുത്തു കോരുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post