നെല്ലിക്ക, റാഡിഷ്, ലെമൺ ഉപ്പിലിട്ടത്.
By : Shamsudeen Mohamed
ആവശ്യമുള്ള സാധനങ്ങൾ:-
1) വലിയ നെല്ലിക്ക
റെഡ് റാഡിഷ് (മുള്ളങ്കി, മൂളി, ഷൽഗം 2) ആയാലും മതി)
3) തൊലി കട്ടിയുള്ള ലൈം (ചെറുനാരങ്ങ)
4) പച്ചമുളക്
5) ഉപ്പ്
അപ്പോ തൊടങ്ങല്ലെ? തൊടങ്ങന്നങ്കട്..
നെല്ലിക്കേടെ അത്രേം തന്നെ റാഡിഷും ഒരു ചെറുനാരങ്ങേം കുറച്ച് പച്ചമൊളകോ എരിവ് കൂടുതൽ വേണങ്കീ കാന്താരിയോ ആകാം.. എല്ലാം കഴുകി വെള്ളം വെറ്റാനായി അങ്കട് വെക്കന്നെ! ന്ന്ട്ട് കട്ടിങ്ങ് ബോഡോ പലകയോ വെച്ച് പണിയ തൊടങ്ങ!
നെല്ലിക്ക എടുത്ത് നാലഞ്ച് മില്ലി കനത്തിൽ ഉള്ളിലെ കുരുവിലേക്ക് പൂളിയെടുക്കുക, കുരു മുഴുവനും ഒഴിവാക്കിക്കോ, ചോന്ന റാഡിഷ് എടുത്ത് ഒരു ആറേഴ് മില്ലി കനത്തിൽ അരിഞ്ഞിടുക, നോക്യാൽ നെല്ലിക്കേം റാഡിഷും ഒരേ വലിപ്പം തോന്നിക്കോട്ടെ, തോന്നീലേലും കൊഴപ്പല്ലിട്ടാ.. കട്ടിങ്ങ് ബോഡ് നെറഞ്ഞ് നെരങ്ങി താഴെ വീഴ്ണേന് മുൻപ് വലിയൊരു ഗ്ലാസ്സിന്റെയോ മെലാമൈന്റെയോ പാത്രത്തിലേക്ക് അങ്കട് തട്ട്ക, അതൊക്കെങ്കട് കട്ട് ചെയ്ത് തട്ടിയിട്ട് ആ ലൈം അങ്കട് എട്ത്ത് റാഡിഷിനേക്കാളും കൊറച്ചൂടെ വെൽപ്പത്തിലങ്കട് കട്ടാ ചെയ്ക! കുരു പൊറത്തേക്കാ തട്ടുക! പച്ചമൊളക് നെടുകെ കീറീട്ട് നീളക്കൂടുതൽ ഒണ്ടെങ്കി ഒരു ഒന്നൊന്നര ഇഞ്ച് നേളത്തിലങ്കട് കട്ടാ ചെയ്യ! അതൂം അങ്കട് തട്ടിക്കൊടുക്ക!
അടുത്ത രംഗം ഉപ്പ് പ്രയോഗം, എട്ത്ത് കൊറച്ച് സൂക്ഷിച്ചങ്കട് പതുക്കെ തട്ടിക്കോ... രക്തസമ്മർദ്ദം കൂടുതലൊള്ള അങ്കിൾമാരും ആന്റിമാരും ഒണ്ടെങ്കെ സോഡിയം കൊറവൊള്ള ഉപ്പ് ഇട്ടാ മതിട്ടാ, പ്രഷർ കൂടീട്ട് ആ ചെക്കന്റെ ഉപ്പിലിട്ടതും തിന്നിട്ട് ആസ്പത്രീ പോകാനേ നേരൊള്ളൂന്നും കുതര കേറാം വരണ്ടട്ടാ... ഞാൻ വണ്ടി വിടുംട്ടാ... ചേച്ച്യേ.. ചേട്ടന്റെ കാര്യം നോക്കിക്കോളോട്ടാ...
ഒരു പരുവത്തിൽ ഇവറ്റോളൊക്കെ അങ്കട് എളക്ക്യാ കൊടുക്ക, ദ്വോക്ക്യേ... സ്റ്റീലും അലുമിനിയോം കട്ടിയില്ലാത്ത പ്ലാസ്റ്റിക്കോളും അങ്കട് മാറ്റ്വെച്ചിട്ട് പണി തൊടങ്ങ്യ മതീട്ടാ, എല്ലാത്തിലും ആസിഡ് കൊറെ ഒള്ളതാണേ... അലുമിനിയോം സ്റ്റീലൊന്നും അത്രങ്ങ് ശെരിയല്ലട്ടാ... സംശ്യണ്ടങ്കെ പടിക്കണ കുട്ട്യോൾടാ ചോദിച്ചാ ഒക്കെ പറഞ്ഞ് തരുംട്ടാ... പിന്നൊരു കാര്യം പറഞ്ഞീലാന്ന് വേണ്ട! എടക്ക്ന്ന് കയ്യിട്ട് നുള്ളാൻ വരുണോർക്ക് കയ്ക്ക് ഓരോ കൊട്ടാ കൊടുക്കാ...
എല്ലാം അങ്കട് എളക്കി എളക്ക്യ അദ്ദേ പാത്രത്തേൽ ഇട്ട് അമർത്തി (ഉള്ളിൽ വായു അധികം വേണ്ടാന്ന്, ഫംഗസ് കൂടുന്ന്) മോളിൽ കൊറച്ച് ഉപ്പൂടാന്ന്കട് തൂളീട്ട് പാത്രാ ക്ലോസ് ചെയ്യ! ഒറ്റയെണ്ണത്തിനെക്കൊണ്ട് കയ്യാ തൊടീക്കരുത്, റൂമിൽ ചൂട് 30 ഡിഗ്രിക്ക് താഴെയെങ്കിൽ ഒരു ദിവസത്തിന് ശേഷം അങ്കട് തൊറന്ന് ആ പരുവം നോക്ക്യാ റാഡിഷും നെല്ലിക്കേം പ്രേമിച്ചതിന്റെ നിറപ്പകർച്ച കാണാംട്ടാ, ഒന്നങ്കട് അടിമോൾ മറിച്ചൊന്ന് എളക്കിക്കൊട്, വീണ്ടും പഴയ മാതിരി അമർത്തി വെച്ച് കൊറച്ച് ഉപ്പൂടെ വെതറി പിന്നേം അടക്ക! അടുത്ത ദെവസം അതായത് മൊത്തം 48 മണിക്കൂറ്ന് ശേഷം യെവനെ എടുത്ത് ഒന്നൂടങ്ങ് എളക്കുക! ഒരു ഗ്ലാസ്സിന്റെ ഭരണി(jar)യിലേക്ക് മാറ്റിക്കോ, നല്ല പോലെ അമർത്തി വെക്കുക! ജാറിന്റെ അടപ്പ് മുട്ടണേന്റെ മോളിൽ വെച്ച് ഫില്ലിങ്ങാ നിർത്താ, കൊറച്ച് തണുപ്പിച്ച് ആറ്റിയ വെള്ളം (കൊറച്ചേ വേണ്ടി വരൂ, അമർത്ത്യ കാരണം ഗ്യാപ്പ് ണ്ടാവൂലട്ടാ) മോളിൽ ഐറ്റംസ് മുങ്ങണ വരെ വെള്ളോം ഒഴിച്ച് മോളിൽ കൊടച്ചൂടെ ഉപ്പും തൂകിയങ്ങ് അടച്ച് ഭദ്രമാക്കി വെക്ക്യ!
ഒരാഴ്ച കഴിഞ്ഞിട്ട് ഭരണീന്ന് സാധനങ്കട് പൊക്കിയെടുക്ക! കിടുകിടിലൻ മൊതല് റെഡി!
ദേ ചേച്ചിമാരേ ചേട്ടമ്മാരേ.. വിരുന്ന് കാരുക്ക് കൊടുക്കണ്ടട്ടാ... ഭരണി അവര് കൊണ്ടോകും! അതൊറപ്പല്ലേ?

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post