പലരും ചിന്തിക്കാറുണ്ട് , ഫാസ്റ്റ് ഫുഡ് വണ്ടിയിലും ചെറിയ തട്ടു കടകളിലും മറ്റും കിട്ടുന്ന ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് ഒരു സ്റ്റാർ ഹോട്ടലിലും കിട്ടില്ല , വീട്ടിൽ ഉണ്ടാക്കിയാലും മറ്റേ രുചി കിട്ടില്ല ... ഒരു രഹസ്യ കൂട്ടുണ്ട് ഈ ഫ്രൈ ഉണ്ടാക്കാൻ , പല തട്ടുകടകളിലും ഹോട്ടലുകളിലും കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തോളം പാചകക്കാരനായി നിന്ന സുകുമാരണ്ണനാണ് എനിക്കാ റെസിപ്പി പണ്ട് പറഞ്ഞു തന്നത്, ഞങ്ങൾ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് സെയിം ഫാസ്റ്റ് ഫുഡ് ചിക്കൻ ഫ്രൈ ടേസ്റ്റ് വീട്ടില് കിട്ടും ... അതും ശുദ്ധമായ എണ്ണയിൽ (ഹോട്ടലിൽ ഒരിക്കലും ഫ്രഷ്‌ എണ്ണ ഉപയോഗിക്കാറില്ലല്ലോ) .

എല്ലാവരും ട്രൈ ചെയ്തോളു ,ഇതാണ് ആ കൂട്ട് .

Recipe By: Vinu Nair
Prepared By: Jinsa Bini

വേണ്ട സാധനങ്ങൾ :

1.ചിക്കൻ - കടയിൽ നിന്നും വാങ്ങുമ്പോൾ ഫ്രൈ ചെയ്യാൻ ആണെന്ന് പ്രത്യേകം പറഞ്ഞു കട്ട് ചെയ്തു വാങ്ങുക.

2.വറ്റല് മുളക് - ഒരു കിലോ ചിക്കന് പതിനഞ്ചു മുതൽ ഇരുപതു വറ്റല് മുളക് വരെ എടുക്കാം , മിക്സിയിൽ അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക (മുളക് പൊടി,കുരുമുളക് ,പച്ചമുളക് എന്നിവ ഈ കൂട്ടിൽ ഇല്ല)

3.ഇഞ്ചി വെളുത്തുള്ളി ചതചെടുത്തത് - നല്ല പേസ്റ്റ് പരുവം വേണ്ട. കാരണം ഈ സാധനങ്ങളാണ് ചിക്കൻ ഫ്രൈയുടെ കൂടെ വരുന്ന പൊടി ആയി മാറുന്നത് ,നന്നായി അരഞ്ഞു പോയാൽ രുചികരമായ ചിക്കൻ പൊടി കിട്ടില്ല. പ്രത്യേകം ശ്രദ്ധിക്കുക വറ്റൽ മുളക്-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിറയെ ഉണ്ടെങ്കിലെ ശരിയായ രുചി കിട്ടുകയുള്ളൂ.

4.ഗരം മസാല പൊടി - മൂന്നു സ്പൂണ്‍ (പട്ട ഗ്രാമ്പൂ ഏലയ്ക്ക ജാതി തുടങ്ങിയവ ചീനചട്ടിയിൽ ഇട്ടു ചെറു തീയിൽ പത്തു സെക്കണ്ട് ചൂടാക്കി ,അടുപ്പിൽ നിന്നും മാറ്റി പത്തു മിനിട്ട് വച്ച് തണുത്തതിനു ശേഷം പോടിചെടുത്തു പാത്രത്തിലേക്ക് മാറ്റിയാൽ നല്ല ഹോം മേഡ് ഗരം മസാല റെഡി )

5.കട്ടി തൈര് -- അര ഗ്ലാസ്‌ ( ങേ ,ചിക്കൻ ഫ്രൈയിൽ തൈരോ ?? അതെ തൈരെന്നു വച്ചാൽ സംഭാരം പോലെ കട്ടി കുറഞ്ഞു പുളിച്ച തൈരല്ല വേണ്ടത് ,നല്ല കട്ടിയുള്ള "യൊഗർട്ട്" ആണ് വേണ്ടത് ,സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ടിൻ തൈര് ,അത് തന്നെ സാധനം ,ഇതാണ് ഈ ഫ്രൈയുടെ മെയിൻ ടേസ്റ്റ് )

6.ഉപ്പ് - ആവിശ്യത്തിന് ,ചിലർക്ക് ഉപ്പു കൂടാറുണ്ട് ,ചിലപ്പോൾ കുറഞ്ഞു പോകും , സത്യം പറഞ്ഞാൽ ഒരു പീസ്‌ ചിക്കന് കാൽ സ്പൂണിൽ താഴെ മതി ഉപ്പ്‌ ,അതാണ്‌ കണക്ക് .

7.മഞ്ഞൾ പൊടി - കാൽ സ്പൂണ്‍ (നിർബന്ധമില്ല )

8.മുട്ട - രണ്ടെണ്ണം ബീറ്റ് ചെയ്തത്
*************************************************************
മേൽപ്പറഞ്ഞ സാധനങ്ങൾ എല്ലാം കൂടി നല്ല വണ്ണം മിക്സ്‌ ചെയ്യുക , കൈ കൊണ്ട് നല്ല വണ്ണം പീസുകളിൽ തേച്ചു കുഴക്കണം , എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം സോഫ്റ്റ്‌ ആകും ഫ്രൈ. കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലും ഇത് മൂടി വയ്ക്കണം , ഫ്രിഡ്ജിൽ വച്ചാൽ അത്രയും നന്ന്,പക്ഷെ പുറത്തെടുത്തു തണുപ്പ് മാറിയതിനു ശേഷം മാത്രം പൊരിക്കുക . (ഇങ്ങനെ തേച്ചു വയ്ക്കുമ്പോൾ തന്നെ ഇറച്ചി പകുതി വേവും എന്നാണു സുകുമാരണ്ണൻ പറയുന്നത് ,അത് കൊണ്ടാണ് തട്ടുകടയിൽ നമ്മുടെ മുന്നില് വച്ച് വെറും അഞ്ചു മിനിട്ട് കൊണ്ട് കോഴി എണ്ണയിലിട്ട് പൊരിചെടുത്തു പ്ലേറ്റിൽ തട്ടുന്നത്.)

ഇനി നല്ല കുഴിവുള്ള ഒരു ചട്ടി എടുത്തു നിറയെ വെളിച്ചെണ്ണ ഉഴിക്കുക ,എണ്ണ ചൂടായ ശേഷം പീസുകൾ ഓരോന്നായി കോരിയിടുക,മീഡിയം തീയിൽ പൊരിക്കുക ,മൂടി വയ്ക്കരുത് . ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം , ഇറച്ചി വെന്തു കഴിഞ്ഞു കൊരുന്നതിനു മുന്പ് തീ കൂട്ടി വയ്ച്ചു പീസുകൾ ബ്രൌണ്‍ കളർ ആക്കുക ,ബ്ലാക്ക് ആകുന്നതിനു മുന്പ് കോരി മാറ്റുക , പീസുകൾ എല്ലാം എടുത്തതിനു ശേഷം ചട്ടിയിൽ ഉള്ള പൊടി കോരിയെടുത്തു പീസിനു മുകളിൽ തട്ടുക ,സൈഡിൽ ഒരു ഭംഗിയ്ക്ക് വേണമെങ്കിൽ സവാള അരിഞ്ഞതും വയ്ക്കാം . ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ ഫാസ്റ്റ് ഫുഡ് തട്ട് കട സ്പെഷ്യൽ ചിക്കൻ ഫ്രൈ.

നോട്ട് - പച്ച മുളകും കുരുമുളകും നാരങ്ങാ നീരും ഉള്ളിയും കറിവേപ്പിലയും മുളക് പൊടിയും മല്ലി പൊടിയും ഒന്നും ചേർത്ത് ഇത് കുളമാക്കരുത് ,അങ്ങനെ ചെയ്‌താൽ "മറ്റേ" ടേസ്റ്റ് കിട്ടില്ലാ. ഓർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post