മുട്ട മാല

മാഹി-തലശ്ശേരി-കണ്ണൂർ ഭാഗങ്ങളിൽ പുതിയാപ്ല സൽക്കാരത്തിലെ ഒഴിച്ച്‌ കൂടാൻ പറ്റാത്ത ഒരു വിഭവം. ആദ്യ സൽക്കാരത്തിന്റെ നിർബ്ബന്ധ കോമ്പിനേഷനാണു 'അലിസ-മുട്ടമാല-ബിരിയാണി' എന്ന ത്രിമൂർത്തികൾ...
മുട്ടമാല ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും ഇത്തിരി ക്ഷമ ആവശ്യമാണു.
എന്നാൽ തുടങ്ങാമല്ലെ...

ചേരുവകൾ:

* കോഴിമുട്ട 10 എണ്ണം
* തറാവ്‌ മുട്ട 5 എണ്ണം
* പഞ്ചസാര 1/4 കിലോ.
(താറാവ്‌ മുട്ട കിട്ടിയില്ലെങ്കിൽ കോഴി മുട്ട മാത്രമായാലും മതി. നല്ല മഞ്ഞ നിറത്തിന്റെ രഹസ്യം താറാവ്‌ മുട്ടയാണു.)

പാകം ചെയ്യുന്ന വിധം:

ഒരു നനവില്ലാത്ത വലിയ ബൗളിനു മുകളിൽ അരിപ്പ വച്ച്‌ ഓരോ മുട്ടയും സാവകാശം പൊട്ടിച്ച്‌ ഒഴിച്ച്‌ മുഴുവൻ മഞ്ഞക്കരുവും മാറ്റിയെടുക്കുക. മുട്ടയുടെ വെള്ള 'പിഞ്ഞാണത്തപ്പം' ഉണ്ടാക്കാനായി വേറെ മാറ്റി വയ്ക്കുക. ശേഷം മഞ്ഞക്കരു സ്പൂൺ കൊണ്ട്‌ നന്നായി കലക്കി മിക്സ്‌ ചെയ്യുക.

'മാല' ഉണ്ടാക്കൽ:

ഒരു പരന്ന പാത്രം അടുപ്പിൽ വച്ച്‌ ഒന്നര ഗ്ലാസ്സ്‌ വെള്ളമൊഴിച്ച്‌ പഞ്ചസാര മുഴുവൻ അതിലേക്കിട്ട്‌ 'പാനി'യാക്കുക. കുറച്ച്‌ തിളച്ച്‌ കഴിയുമ്പോൾ അത്‌ ഒട്ടുന്ന പരുവത്തിലാവും. അപ്പോൾ രണ്ട്‌ തുള്ളി ചെറുനാരങ്ങ നീർ ഒഴിക്കുക. ഇത്‌ മാല ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും. തിളച്ച്‌ നുര വരുമ്പോൾ ഒരു ചെറു ദ്വാരമിട്ട ഡിസ്പോസബിൾ ഗ്ലാസ്സിൽ കലക്കി വച്ച മഞ്ഞക്കരു ഒഴിച്ച്‌ നൂൽ പോലെ പഞ്ചസാര പാനിയിലേക്ക്‌ ചുറ്റി ഒഴിക്കുക. തുള്ളിയായി വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പെട്ടെന്ന് തന്നെ തീ കുറച്ച്‌ അൽപം വെള്ളം തളിക്കുക. അപ്പോൾ നുര അടങ്ങും. ഒരു അരിപ്പത്തവി കൊണ്ട്‌ മാല കോരിയെടുക്കുക. വീണ്ടും തീ കൂട്ടി നുര വരുമ്പോൾ മഞ്ഞക്കരു ഒഴിച്ച്‌, തീരും വരെ ഇതാവർത്തിക്കുക. മാല കോരി വക്കുന്ന പാത്രം അൽപം ചരിച്ച്‌ വച്ചാൽ അധികമുള്ള പാനി വാർന്നു പോകാൻ സഹായിക്കും.

പിഞ്ഞാണത്തപ്പം:

മാറ്റി വച്ച മുട്ടയുടെ വെള്ളയിലേക്ക്‌ ബാക്കിവന്ന പഞ്ചസാര പാനി, അര കപ്പ്‌ പഞ്ചസാര, അര ടേബിൾ സ്പൂൺ മൈദ, അര ടേബിൾ സ്പൂൺ പാൽപ്പൊടി, ഒരു നുള്ള്‌ ഏലക്കായപ്പൊടി, ഒരു നുള്ള്‌ ഉപ്പ്‌ എന്നിവ ചേർത്ത്‌ മിക്സിയിൽ നന്നായി അടിച്ച്ടുക്കുക. ആവിച്ചെമ്പിൽ ഒരു പരന്ന പാത്രം വച്ച്‌ നെയ്യ്‌ പുരട്ടി ഈ മിശ്രിതം ഒഴിച്ച്‌ നന്നായി വേവിച്ചെടുക്കുക. വെന്ത്‌ കഴിഞ്ഞാൽ ചെറു കഷ്ണങ്ങളായി ഭംഗിയിൽ മുറിച്ച്‌ വയ്ക്കുക.

ഡക്കറേഷൻ:

ഭംഗിയുള്ള ഒരു പരന്ന പ്ലെയ്റ്റിൽ മുറിച്ച്‌ വച്ച പിഞ്ഞാണത്തപ്പം നിരത്തുക. അതിനു മുകളിൽ മുട്ട മാല നിരത്തി നടുവിൽ ഒരു ചെറി വച്ച്‌ അലങ്കരിക്കാം.
മാലയും അപ്പവും മിക്സ്‌ ചെയ്താണു കഴിക്കേണ്ടത്‌.

സസ്നേഹം,
ആയിഷ ബഷീർ, തായിഫ്‌

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post