വെണ്ടക്ക തക്കാളി തീയൽ 
By : Sherin Reji Jithin
ആർക്കും വെജ് കറികൾ അത്ര ഇഷ്ട്ടമല്ല എന്നുണ്ടോ??
അപാര ടേസ്റ്റ് ആയിരുന്നു ഇതിനെന്ന് ഞാൻ പറഞ്ഞാൽ നിങ്ങളോർക്കും ഞാൻ വച്ചേച്ചിട്ടു പൊക്കി പറയുവാന്ന്... എന്നാ ആ രുചീടെ കാരണം മസാലക്കൂട്ടൊന്നും അല്ല.. 

പിന്നെന്നാ?? നല്ല ഫ്രഷ് പച്ചക്കറിയാ.. ഈ കറി വക്കാൻ ആദ്യം പോയത് അടുക്കളേലോട്ടല്ല മറിച്ച് ടെറസിലേക്കാ.. മൂപ്പ് പാകമായ 5,6 വെണ്ടക്കായയും 2 പഴുത്ത തക്കാളിയും പാതി മൂത്ത 4 പച്ചമുളകും ഇറുത്തെടുത്തു..

ബാക്കി സീൻ അടുക്കളയിലാണെ.. 1/2 മുറി ചെറിയ തേങ്ങാ തിരുമ്മിയത് 5 കൊച്ചുള്ളിയും 1 തണ്ട് കറിവേപ്പിലയുമിട്ടു ചീനച്ചട്ടിയിൽ നന്നായി വറുത്തെടുക്കാം.. ഈ സമയം കൊണ്ട് വെണ്ടക്ക നീളത്തിലും തക്കാളി ചതുര കഷ്ണങ്ങളുമാക്കി പച്ചമുളക് നീളത്തിൽ കീറിയിട്ടു 15 കൊച്ചുള്ളിയും ചേർത്ത് മാറ്റി വക്കാം

**പറയണ പോലല്ല കൊച്ചുള്ളിക്കു നല്ല വിലയാ.. അതോണ്ട് മ്മടെ സവാള എടുത്തു ചതുര കഷ്ണങ്ങളാക്കി ഇട്ടാലും മതി..

തേങ്ങ നന്നായി വറുന്നാൽ ഒന്ന് തണുക്കാനായി മാറ്റി വക്കാം.. മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വച്ച പച്ചക്കറികൾ ഉപ്പും ഒരു തണ്ടു കറിവേപ്പില കൈയിലിട്ടു ഞെരടിയതുമിട്ട് നല്ലോണം വഴറ്റി എടുക്കാം..

**ഇച്ചിരെ ഉപ്പ് കൂടെ ഇട്ടു കൊടുത്താ പെട്ടന്നിങ്ങു വഴന്നു കിട്ടും.. ആദ്യം കൊച്ചുള്ളി വഴറ്റുക, ശേഷം പച്ച മുളക്, പിന്നെ വെണ്ടയ്ക്ക കൂടെ തക്കാളി..

അതവിടെ കിടന്നു വഴലുന്ന സമയം കൊണ്ട് വറുത്ത തേങ്ങാ മിക്സിയിലിട്ട് നന്നായി അരച്ച് മാറ്റി വക്കാം .. ആദ്യം വെള്ളമൊഴിക്കാതെ തേങ്ങാ പൊടിച്ചിങ്ങെടുക്കണം.. പിന്നേ കുറേശ്ശേ കുറേശ്ശേ വെള്ളമൊഴിച്ചു അരച്ചെടുക്കാം.. അതവിടെ ഇരിക്കട്ടെ..

**മിക്സിയുടെ ജാറ് തുറന്നു വച്ചാ ആ ഫ്‌ളേവർ മുഴുവൻ പോകും.. അതോണ്ട് അടച്ചു തന്നെ വച്ചോ..

പച്ചക്കറി വഴന്നു വരുമ്പോൾ ഇതിലേക്ക് 2 സ്പൂൺ മുളകുപൊടി 1 സ്പൂൺ മല്ലിപൊടി 1/2 സ്പൂൺ മസാലപ്പൊടി 1/4 സ്പൂൺ മഞ്ഞൾപൊടി 1/4 സ്പൂൺ ഉലുവാപ്പൊടി ചേർത്ത് നല്ലോണം വഴറ്റാം..

പച്ച മണം മാറുമ്പോൾ 1 1/2 കപ്പ് വെള്ളമൊഴിച്ചു അടച്ചു വച്ച് വേവിക്കാം...നന്നായി വഴന്നതു കൊണ്ട് നമുക്ക് അധികം നേരമൊന്നും വേവിക്കണ്ട..

വെന്തു ചാറ് കുറുകി വരുമ്പോൾ തീ കുറച്ചു നേരത്തെ അരച്ച് വച്ചേക്കുന്ന വറുത്ത തേങ്ങാ ചേർത്തുകൊടുക്കാം.. ചെറിയ ചൂടിൽ നന്നായി ചൂടാക്കി എടുത്തു വാങ്ങി വക്കാം..

**അധികം തിളക്കാൻ സമ്മതിച്ചെക്കല് എന്നാന്നു വച്ചാ നമ്മുടെ തീയലിന്റെ സ്വാദങ്ങു മാറി പോവും..

ഇനി ഇച്ചിരി ആഡംബരമൊക്കെ വേണോന്നു ഉണ്ടെങ്കിൽ കടുക് പൊട്ടിച്ചു ഒരു കൊച്ചുള്ളി വട്ടത്തിൽ അരിഞ്ഞതും രണ്ടു വറ്റൽമുളകും പിച്ചി ഇട്ടു ഒരു തണ്ടു കറിവേപ്പിലയും കൂടെ വറുത്തു ഇടാം.. ഇല്ലെങ്കിലും ഒരു കുഴപ്പോമില്ല..

**മസാല പൊടികൾ തേങ്ങയുടെ കൂടെ ചേർത്ത് മൂപ്പിച്ചു വേണമെങ്കിലും അരച്ചെടുക്കാം..
**അങ്ങനെ ആണേൽ വറ്റൽ മുളകും പച്ചമല്ലിയും ചേർത്ത് വറുക്കുന്നെയാരിക്കും കൂടുതൽ നന്ന്..
**തക്കാളി വഴറ്റുമ്പോഴേ ചേർത്താൽ അലിഞ്ഞു പോവും.. നിങ്ങൾക്കത് ഇഷ്ടമല്ലെങ്കിൽ വഴറ്റി തീരുന്നതിനു 1 മിനുട്ട് മുന്നെ തക്കാളി ഇട്ടാ മതി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post