കണവ!! ഇവനാള് പുലിയാണ് കേട്ടോ... റോസ്റ്റ് ചെയ്ത് കഴിച്ചാലാ സ്വാദ് കൂടുതല്‍
By : Manoj Pillai
വിദേശ മാര്‍ക്കറ്റുകളില്‍ ഇവനുള്ള പ്രൌഡിയും പത്രാസും മറ്റൊരു മീനിനും കിട്ടിയിട്ടില്ല. കൂന്തല്‍ എന്ന് ചിലര്‍ ചെല്ലപ്പേരില്‍ വിളിക്കുന്ന ഇവനെ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത് കണവയെന്നാ...

ഇതിപ്പോ ഇന്നലെ മാര്‍ക്കറ്റില്‍ പോയപ്പോ രണ്ടെണ്ണം വാങ്ങി.. ഇത് ക്ലീന്‍ ചെയ്തെടുക്കുന്നതിലുമുണ്ട് പ്രത്യേകതകള്‍. തലയോട് ചേര്‍ന്നിരിക്കുന്ന ഭാഗത്ത് നോക്കിയാല്‍ ഒരു ചെറിയ സഞ്ചി കാണാം.. അതിനുള്ളില്‍ മുഴുവന്‍ കറുത്ത മഷിയാണ്. കഴിയുന്നതും അത് പൊട്ടിക്കാതെ പിടിച്ച് ഊരികളയണം.. ബാക്കിയുള്ള ഭാഗമാണ് നമുക്ക് വേണ്ടത്. ഇനിയിപ്പോ മഷി പൊട്ടിയെന്ന്‍ വെച്ചോ നിങ്ങള് കഴുകി കഴുകി ഊപ്പാട് വരും. എത്ര കഴുകിയാലുമാ മഷി പോവില്ല. മാര്‍ക്കറ്റില്‍ നിന്നും വാങ്ങുമ്പോള്‍ വൃത്തിയാക്കി വാങ്ങുന്നതാവും ഉചിതം.

ഇനി നമുക്ക് കണവയെ ചെറു കഷണങ്ങളാക്കി മുറിച്ചെടുക്കാം. നീളത്തിലോ അല്ലെങ്കില്‍ റിംഗ് പോലെയോ മുറിച്ചെടുത്ത കണവ അല്‍പ്പം മഞ്ഞള്‍ പൊടിയും ഉപ്പും കൂടി ഇട്ട് അല്‍പ്പം വെള്ളത്തില്‍ ഒരു കുക്കറില്‍ വെച്ച് 4-5 വിസിലടിപ്പിക്കണം.

ഞാന്‍ വെച്ചത് തോരനുമല്ല, റോസ്റ്റുമല്ല എന്നൊരു പരുവത്തിലാ.... എന്തായാലും ചുവന്നുള്ളിയാണ് ഉചിതം. ഒപ്പം നാല് പച്ചമുളകും കൂടി അരിഞ്ഞിട്ട് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേര്‍ത്ത് വഴറ്റണം. ഉള്ളി വഴണ്ട് കഴിഞ്ഞാല്‍ അല്‍പ്പം മുളക് പൊടി, മഞ്ഞള്‍ പൊടി, ഗരം മസാലപ്പൊടി ഇവ ചേര്‍ത്ത് ഇളക്കണം. എരിവ് കൂടുതല്‍ വേണമെന്നുള്ളവര്‍ കുറച്ച് കുരുമുളക് പൊടി കൂടി ചേര്‍ത്തോളൂ. അവശ്യത്തിന് ഉപ്പ് ചേര്‍ക്കാം, ഒപ്പം ഉണങ്ങിയ തേങ്ങാപ്പൊടി ഉണ്ടെങ്കില്‍ അതില്‍ കുറച്ച് ഇടുക. അടിക്കുപിടിക്കാതെ ഇരിക്കാന്‍ ഇത്തിരി( ഒരുപാടാവരുത്) വെള്ളം ഒഴിക്കണം. ഇനി കണവ വെള്ളത്തില്‍ നിന്നും വറ്റിച്ചെടുത്ത് ചേര്‍ക്കണം.. ഒരു 15 മിനിട്ട് നല്ലത് പോലെ ഉലര്‍ത്തിയെടുത്താല്‍ നല്ലൊരു കണവവിഭവം റെഡിയായി കിട്ടും. ഒന്ന് ശ്രമിച്ച് നോക്കിക്കേ... എന്നിട്ട് വിവരം പറയൂ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post