ഇന്നത്തെ ചിന്താവിഷയം
By: Sherin Mathew
നിങ്ങളെ കൊതിപ്പിച്ചു കൊന്നു കൊലവിളിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു - എന്നാ വല്ല വിരോധോം ഒണ്ടോ?
കാന്താരി മുളകും, കൊച്ചുള്ളിയും, തൈരും, ഉപ്പും ചോറും - എല്ലാം കൂടി അങ്ങോട്ട്‌ ഞെരടി ചേർത്ത് - ആഹ!!
ആ അടുത്തിരിക്കുന്ന ലോട്ടക്ക് പിന്നിൽ ഒരു കഥയുണ്ട്
ഇത് ഞാൻ ഈ പ്രാവശ്യം അവധിക്കു നാട്ടിൽ പോയപ്പോൾ എന്റെ അമ്മായിയമ്മ കൊച്ചുകള്ളിയുടെ അലമാരിയിൽ നിന്നും അടിച്ചു മാറ്റി കൊണ്ട് വന്നതാ
ദിവസവും രാവിലെ എണീറ്റ്‌ അടുക്കളയിലെത്തി ഇത് ആ പാതകത്തേൽ ഇരിക്കുന്നതു കാണുമ്പോൾ അമ്മ ഞങ്ങളുടെ ദുബായിലെ വീട്ടിൽ തന്നെ ഉണ്ട് എന്നൊരു തോന്നലും അതിൽ നിന്നും മനസ്സിനൊരു കുളിർമയും അനുഭവപെടും.
എന്റെ അമ്മുവിന്റെയും ഏറ്റവും പ്രിയപ്പെട്ട ആൾക്കാരാണ് അവളുടെ അക്കൂപ്പയും (അപ്പൂപ്പൻ) അച്ഛമ്മയും.
ദുബായിൽ ജനിച്ചു വളർന്ന അവൾ മറ്റു മറുനാടൻ മലയാളി കുഞ്ഞുങ്ങളെ അപേക്ഷിച്ച് നല്ല സ്ഫുടതയോടെയാണ് മലയാളം സംസാരിക്കുന്നത്.
അതിനൊരു കാരണം ഉണ്ട്
1.5 മാസം പ്രായമുള്ളപ്പോൾ മുതൽ അവളെ ബേബി സിറ്റിങ്ങിൽ ഇരുത്തിയാണ് ഞങ്ങൾ രണ്ടാളും ജോലിക്ക് പോകുന്നത്
പല സംസ്ഥാനങ്ങളില നിന്നുള്ള കുഞ്ഞുങ്ങൾ ഉള്ളത് കൊണ്ടും പലവിധ ഭാഷകൾ അവിടെ സംസാരിക്കുന്നത് കൊണ്ടും അമ്മുവിന് സംസാരിച്ചു തുടങ്ങുന്ന പ്രായത്തിൽ ഒരു ഡൈലെമ (കണ്‍ഫ്യൂഷൻ) ഉണ്ടായിരുന്നു
ഒരു ദിവസം ആഹാരം കഴിച്ചോണ്ടിരിക്കെ കുടിക്കാൻ വെള്ളത്തിന്‌ അവൾ എന്നെ നോക്കി കൈ കൊണ്ട് ആഗ്യം കാട്ടി "മമ്മ, പാനി, തണ്ണി, വാട്ടർ, വെള്ളം" എന്ന് പറഞ്ഞു - ഇതിലേതെങ്കിലും ഒന്ന് കുറിക്കു കൊല്ലും എന്ന് കരുതി കാണും
അതോടെ ഞാൻ ഏട്ടനോട് പറഞ്ഞു - അമ്മുവിനോട് മലയാളം മാത്രം സംസാരിക്കുക. ഇംഗ്ലീഷ് അവൾ സ്കൂളിൽ പഠിച്ചോളും. മാത്രവുമല്ല ഇനിയുള്ള അവളുടെ ജീവിതം മുഴുവൻ ഇംഗ്ലീഷ് പറയുവാൻ മാത്രം ഉള്ളതാണ്. പക്ഷെ മലയാളം അങ്ങിനെയല്ലല്ലോ. ആകെയുള്ള കൊച്ചുമകളുടെ ആംഗലേയം കേട്ട് കണ്ണ് തള്ളി തിരിച്ചു മിണ്ടാനാവാതെ ഇരിക്കുന്ന അപ്പൂപ്പനെയും അമ്മൂമ്മയെയും അവരുടെ ആ അവസ്ഥയും ഒന്ന് ഓർത്തു നോക്കിക്കേ!!"
അങ്ങിനെ അവൾ നല്ല മലയാളം പഠിച്ചു - തന്നത്താനെ അല്പസ്വല്പം എഴുതാനും വായിക്കാനും പഠിച്ചു. ഇപ്പോൾ സിനിമകളുടെ പേരും വലിയ അക്ഷരത്തിലുള്ള തലക്കുറിപ്പുകളുമൊക്കെ അവൾ നിഷ്പ്രയാസം വായിക്കും.
നാട്ടിൽ ചെല്ലുമ്പോൾ കൊച്ചു വർത്താനങ്ങൾ പറഞ്ഞു അച്ഛന്റേം അമ്മയുടെം അടുത്ത് അവൾ കൊഞ്ചികുഴഞ്ഞു ഇരിക്കുന്നത് ഞാൻ ഒളിഞ്ഞു നിന്ന് നോക്കാറുണ്ട് - അവർ അനുഭവിക്കുന്ന അനിർവചനീയമായ ആനന്ദവും!!
അതൊക്കെ പോട്ടെ
അവധിക്കു നാട്ടിൽ പോകുമ്പോഴൊക്കെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രധാന പ്രശ്നമാണ് അമ്മുവിനുള്ള പാലും തൈരും - നാട്ടിൽ കിട്ടുന്ന പാലവട്ടെ തൈരാവട്ടെ അവൾ തൊടില്ല
അതുകൊണ്ട് തന്നെ അവളുടെ ആഹാരവും എനിക്കൊരു വൻ തലവേദന ആകാറുണ്ടായിരുന്നു.
പാൽ വീട്ടില് തന്നെ ഉറ ഒഴിച്ച് തൈരുണ്ടാക്കി നോക്കി - കട്ട തൈര് കിട്ടിയെങ്കിലും പുളി കൂടി പോയതിനാൽ അവൾക്കിഷ്ടപെട്ടില്ല
അങ്ങിനെ ലഗ്ഗേജിൽ ഒരു നിഡോ പാക്കെറ്റ് കൂടി ഞാൻ കൂടുതൽ ഉൾപ്പെടുത്തി തുടങ്ങി. ഉഗ്രൻ പാലും തൈരും വീട്ടിൽ തന്നെ ഉണ്ടാക്കി.
നിഡോ തീരുമ്പോൾ നാട്ടിലെ നെസലെ, അമുൽ എന്നിത്യാദികൾ ഉപയോഗിക്കും
അപ്പോൾ താഴെ കാണുന്ന പുളിപ്പ് അധികം ഇല്ലാത്ത കട്ടതൈർ ഞാൻ ഉണ്ടാക്കിയ രീതി ഇങ്ങനെ
2.5 ഗ്ലാസ്‌ വെള്ളം അടുപ്പത് വെച്ച് ചെറു ചൂടായി വരുമ്പോൾ അതിലേക്കു 9 ടേബിൾ സ്പൂണ്‍ പാൽപൊടി ചേർത്ത് ഇളക്കി തിളപ്പിച്ച്‌ 2 ഗ്ലാസ്‌ ആയി കുറയുന്നത് വരെ കാച്ചി കുറുക്കുക.
ഇനി അത് തണുക്കുമ്പോൾ അതിലേക്കു കാൽ ടി സ്പൂണ്‍ (ഉറ കൂടുന്നത് അനുസരിച്ച് പുളിപ്പ് കൂടും - അതുകൊണ്ടാണ് തൈര് പാത്രത്തിൽ ഉള്ള തൈരിലേക്ക് വീണ്ടും വീണ്ടും പാൽ ഉറ ഒഴിക്കുമ്പോൾ തൈര് വല്ലാതെ പുളിച്ചു പോകുന്നത്) തൈര് ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക.
കഴിവതും സ്റ്റീൽ അലുമിനിയം മറ്റു ലോഹ പാത്രങ്ങളിൽ തൈര് ഉറക്കാൻ വെക്കാതിരിക്കാൻ ശ്രമിക്കുക ( അമ്ലം, രാസ പ്രവര്ത്തനം ഈ വാക്കുകളൊക്കെ പരിചയമല്ലേ?)
ഇനി നിങ്ങളുടെ വീട്ടിൽ തൈര് എന്നൊരു പ്രതിഭാസമേ കണ്ടു പിടിക്കപെട്ടിട്ടില്ലായിരുന്നു എന്ന് കരുതുക
അപ്പോൾ ആദ്യം ചെയ്യേണ്ടത് ഒരു ചെറിയ ഗ്ലാസിൽ അല്പം പാൽ ഒഴിച്ച് അതിൽ ഒരു തുള്ളി വിനെഗാരോ അല്ലെങ്കിൽ അല്പം നാരങ്ങ പിഴിഞ്ഞതോ ചേർത്ത് ആദ്യം ഉറ തയ്യാറാക്കുക എന്നതാണ്.
ബാക്കിയുള്ള അഭ്യാസങ്ങളൊക്കെ ഉറ ഉണ്ടാക്കിയതിനു ശേഷം നടത്താം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post