മൈസൂർ മസാല ദോശ - എന്റെ വേർഷൻ
By : Shaini Janardhanan
പേരിലൊരു മൈസൂർ ഉണ്ടെങ്കിലും മൈസൂരിൽ പണ്ട് പോയിട്ടുണ്ടെങ്കിലും ഈ സാധനം ഞാൻ ഇങ്ങു ദുഫായിലാ ആദ്യം കഴിക്കുന്നേ. 

ഒരു 4-5 പേജ് കഥയുണ്ട് ഇതിനു പിന്നിൽ. അതിവിടെ എഴുതിയാൽ, വായിച്ചു നിങ്ങള് ബോറടിച്ചു പോകും.

ഒരിക്കൽ, കഴിച്ചു എരിവുകൊണ്ടു കണ്ണ് പൊട്ടി അന്ന് വീട്ടിലെത്തിയ ഞാൻ ഒരു ശപഥം എടുത്തു. എന്നെ ഇത്ര വെള്ളം കുടിപ്പിച്ച ഈ ദോശക്കിട്ടൊരു പണികൊടുക്കണം.

അങ്ങനെ ഞാൻ എന്റെ മനോധർമം അനുസരിച്ച് മാറ്റിയ റെസിപി ആ ഈ താഴെ കാണുന്നത്.

ഉണ്ടാകാൻ വേണ്ട സാധനങ്ങൾ

ദോശ മാവ് - നിങ്ങളുടെ കൈയിൽ ഉള്ളത്
ഉപ്പ് - പാകത്തിനും ഒരു പൊടി അളവ് കുറവ് (ആ ... അത് മതി)

മസാലക്കു വേണ്ട സാധനങ്ങൾ

1) ഉരുളക്കിഴങ്ങ്‌ - 2 ഇടത്തരം വലുത്
2) പച്ചമുളക് - 2-3 എണ്ണം
3) സവാള - 2 ചെറുത്‌
4) കടുക് - 1/2 ടീ സ്പൂൺ
5) ഉഴുന്ന് - 1/2 ടീ സ്പൂൺ
6) മഞ്ഞൾപൊടി - 1/2 ടീ സ്പൂൺ
7) ഓയിൽ - 1 ടേബിൾ സ്പൂൺ (നെയ്യ് ഉത്തമം)
8) മല്ലിയില - ഒരു കെട്ടു വാങ്ങിയതിന്റെ പകുതി
9) ഉപ്പ് – പാകത്തിന്

ഉരുള കിഴങ്ങ് കുക്കെറിൽ വേവിച്ചു പൊടിച്ചു വക്കുക. പാൻ അടുപ്പിൽ വച്ചു എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിച്ചു ഉഴുന്ന് ഇട്ടു ഗോൾഡൻ നിറമാവുമ്പോൾ സവാള ചെറുതായി മുറിച്ചത്, പച്ചമുളകരിഞ്ഞത്, മഞ്ഞൾ ഇവ ചേർക്കുക. ഉള്ളി ഒന്ന് വാടി കഴിയുമ്പോൾ പൊടിച്ചു വച്ച കിഴങ്ങും ഉപ്പും ചേർത്തിളക്കുക. നന്നായി മിക്സ്‌ ചെയ്തു മല്ലിയില ചേർത്ത് ഒന്നുകൂടി ഇളക്കി മസാല വാങ്ങി വക്കുക.

ഞാൻ ബേസിക് മസാല ആണ് ഉണ്ടാക്കിയത്. നിങ്ങൾക്കതിൽ ഫ്രഷ് ഗ്രീൻ പീസ്, ബീറ്റ് റൂട്ട്, കാഷ്യു, പനീർ, മഷ്‌റൂം തുടങ്ങി നിങ്ങളുടെ യുക്തിയും ടേസ്റ്റും അനുസരിച്ചു എന്തും ചേർക്കാം.

ഇനി രണ്ടു തരം ചമ്മന്തിയുണ്ടാക്കണം

ഒന്നാം നമ്പർ - ഗ്രീൻ ചമ്മന്തി
1) ചെറിയ ഉള്ളി - 5-6
2) പച്ചമുളക് - 3 എണ്ണം
3) തേങ്ങ - 3 ടേബിൾ സ്പൂൺ
4) മല്ലിയില - നേരത്തെ ഉള്ള ബാക്കി പകുതി
5) തൈര് - 2 ടേബിൾ സ്പൂൺ
6) ഇഞ്ചി - ഒരു കുഞ്ഞൻ കഷ്ണം (കൂടരുത്)
7) ഉപ്പ് - പാകത്തിന്
എല്ലാം കൂടി മിക്സിയിൽ ചമ്മന്തി പരുവത്തിൽ അരച്ചെടുക്കുക

രണ്ടാം നമ്പർ - റെഡ് ചമ്മന്തി
1) ചെറിയ ഉള്ളി - 5-6
2) വറ്റൽ മുളക് - 3 എണ്ണം
3) തേങ്ങ -4 ടേബിൾ സ്പൂൺ
4) ഉപ്പ് - പാകത്തിന്
എല്ലാം കൂടി മിക്സിയിൽ ചമ്മന്തി പരുവത്തിൽ അരച്ചെടുക്കുക

ഇനി ദോശയുണ്ടാകാൻ തുടങ്ങാം. ദോശ പാത്രം അടുപ്പത്തു വച്ച് ചൂടായാൽ നെയ്‌ തടവി ഒരു തവി മാവൊഴിച്ച് കനം കുറച്ച്‌ പരത്തി വേവുമ്പോൾ ഒന്ന് തിരിച്ചിടുക. ചമ്മന്തി തേക്കുക .. അല്പം കഴിഞ്ഞു ഒരു 1-1/2 സ്പൂൺ മസാല നടുവിൽ വച്ച് മടക്കി മൊരിച്ചു മാറ്റുക.

ഇങ്ങനെ രണ്ടു ചട്ണി ഉണ്ടാക്കിയാൽ ഒരു പാടുണ്ട് കാര്യം.

ഒന്നാം ദിവസം പച്ച ചമ്മന്തി ദോശയിൽ തേക്കാം. ചുവന്ന ചമ്മന്തി കൂട്ടി കഴിക്കാം.

രണ്ടാം ദിവസം പച്ചക്ക് പകരം ചുവന്നത് തേച്ചു പുതിയ ദോശ ഉണ്ടാക്കാം.

മൂന്നാം ദിവസം പകുതി പച്ചയും പകുതി ചുവപ്പും ആക്കിക്കോ.

അപ്പോ,നാലാം ദിവസമോ? അന്നത്തേക്കു ചമ്മന്തിയും ദോശമാവും കാണില്ലാന്നേ.

ഇനി ദോശ മാവെങ്ങാനും ബാക്കിവന്നാലോ.
അതുകൊണ്ടു എന്തൊക്കെ യുണ്ടാകാം, അല്ലേ?

1) സാദാ ഇഡ്‌ലി
2) ഇഞ്ചി, പച്ചമുളക്, കറി വേപ്പില അറിഞ്ഞിട്ടു ഒരു ടൈപ്പ്
3) മുരിങ്ങയില ചേർത്ത് ഗ്രീൻ ഇഡ്‌ലി
4) ബീറ്റ് റൂട്ട് ചേർത്ത് റെഡ് ഇഡ്‌ലി
5) കാരറ്റ്, കാബ്ബജ് ഒക്കെ ചേർത്ത് വെജിറ്റബിൾ ഇഡ്‌ലി
6) അല്പം പഞ്ചസാരയും കിസ്മിസും തേങ്ങാ അരച്ചത് ചേർത്ത് ഒരു ഇഡ്‌ലി
7) തട്ട് ദോശ
8) കുട്ടി ദോശ
9) പേപ്പർ റോസ്‌റ്
10) ഘീ റോസ്‌റ്
11) സെറ്റ് ദോശ
12) ഊത്തപ്പം
13) പണിയാരം

പിന്നെ, ഞാനാരോടാ ഈ വേദാന്തം വിളമ്പുന്നത്, ദോശ കൊണ്ട് പിസ്സ വരെ ഉണ്ടാക്കുന്നവരല്ലേ നിങ്ങൾ? 

ഇനി മസാല അധികം വന്നാലോ, പൊട്ടറ്റോ ബോണ്ട ഉണ്ടാക്കിക്കോ. നമുക്കെക്കെല്ലാത്തിനും വഴിയുണ്ടന്നേ

PS : ഇനി എന്റെ ഉടായിപ്പു ദോശയല്ലാതെ ശരിക്കും ഉള്ള ഐറ്റം ഉണ്ടാകണമെങ്കിൽ വറ്റൽ മുളക് 5-6 എണ്ണം എടുത്തു ഇളം ചൂടുവെള്ളത്തിൽ 30 മിനിട്സ് കുതിർത്ത് കൂടെ വെളുത്തുള്ളി - 3-4 അല്ലി, കുറച്ചു പുളി, ചെറിയുള്ളി - 5-6 എണ്ണം ഉപ്പും കുറച്ചു വെള്ളവും ചേർത്ത് ചട്ണി പരുവത്തിൽ അരച്ചെടുക്കുക. ഈ പേസ്റ്റ് ദോശയിൽ തേക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post