പാലട 
By : Shaini Janardhanan
ഇന്ന് ചിങ്ങം 1. എല്ലാവർക്കും പുതുവത്സരാശംസകൾ. ഒരു മധുരത്തിൽ തന്നെ നമ്മുക്ക് പുതു വർഷത്തെ വരവേൽക്കാം. 

ഓണവും അടുക്കാറായില്ലേ. എന്റെ വക ഒന്നും തന്നില്ല എന്ന് വേണ്ട.

ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ ആകെ മൂന്ന് വസ്തുക്കൾ വച്ചാണ് ഇതുണ്ടാക്കുന്നുന്നതെങ്കിലും നല്ല ക്ഷമ ആവശ്യമുള്ള ഒരു റെസിപ്പി ആണ് ഇത്. അതുകൊണ്ടു തന്നെ തിരക്ക് കൂട്ടി വെക്കാൻ നോക്കണ്ടാ.

അപ്പോ, ക്ഷമയുടെ ഭഗവതിയെ വിളിച്ചോണ്ട് തുടങ്ങാം

1) പാലട - 200 gm പാക്കറ്റ്
2) പാൽ - 3 ലിറ്റർ
3) പഞ്ചസാര - 1 Kg - 1.25 Kg (മധുരം നിങ്ങളുടെ പാകം)

അട ചൂടുവെള്ളത്തിൽ ഒരു 15 മിനിട്സ് ഒന്ന് വേവിച്ചു വെള്ളം വാലാൻ വക്കുക. അരിയട തണുത്ത വെള്ളത്തിൽ കഴുകണ്ടാ.

ഒരു ഉരുളി അല്ലെങ്കിൽ ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ പാലൊഴിച്ചു ഇളക്കി മീഡിയം ഫ്ലെയിമിൽ തിളക്കുമ്പോൾ സിമ്മിലേക്കു താഴ്ത്തുക. ഇളക്കി കൊണ്ടേ ഇരിക്കുക. അടിയിൽ പിടിക്കരുത്. പാൽ വറ്റി പാതി ആവുമ്പോൾ അടയും കുറച്ചു പഞ്ചസാരയും ചേർത്ത് ഇളക്കൽ തുടരുക. മധുരം കുറവാണെങ്കിൽ ഇടയ്ക്കു ചേർത്ത് പാകം ആക്കുക. നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങുക.

പിങ്ക് നിറമാകുന്നതാണ് പാകം. നിങ്ങളുടെ മെത്തേഡ് ശരിയാണെങ്കിൽ പായസം പിങ്ക് നിറംമാവും. ഉറപ്പ്. ഇനി ഏതെങ്കിലും കാരണവശാൽ ഈ നിറമാകാതെ വറ്റിപ്പോയാൽ വെറുതെ പാലെടുത്തൊഴിച്ചു ചളമാക്കാതെ വാങ്ങുക.

കുറച്ചു നേരം കൂടി ഇടയ്ക്കിടയ്ക്ക് ഇളക്കികൊടുക്കുക. പാട കെട്ടാതിരിക്കാനാണ്.

ഈ പായസത്തിന് നെയ്യോ, ചൗവരിയോ, ഏലയ്ക്കപൊടിയോ, കിസ്മിസ്, കാഷ്യൂ, ചുക്ക്, തേങ്ങാപ്പാൽ, വറുത്ത തേങ്ങാ കൊത്ത്, മിൽക്ക് മൈഡ്, കരമലൈസ്ഡ് ഷുഗർ ഇത്യാദി ഒന്നും ചേർക്കില്ല.

ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് നമ്മൾ അടുപ്പിന്റടുത്തു തന്നെ വേണം.

ഇതിന്റെ രുചി ഒന്നുകൊണ്ടു മാത്രം ഞാൻ എന്റെ ക്ഷമ പരീക്ഷിക്കാറുണ്ട്.

ഇനി അട ഉണ്ടാക്കാൻ ക്ഷമയുണ്ടെകിൽ അത് കൂടി പറയാം.

1) ഉണക്കലരി (പച്ച നെല്ലുകുത്തി തവിടു മാറ്റാത്ത ): 250 ഗ്രാം
2) പഞ്ചസാര - 3 ടേബിൾ സ്പൂൺ
3) നെയ്യ് - 1 ടേബിൾ സ്പൂണ്‍
4) വെള്ളം

ഉണക്കലരി കഴുകി കുതിർത്തു ഒന്ന് തോർത്തി എടുത്തു പൊടിച്ചു അരിപ്പ ഉപയോഗിച്ച് ഇടഞ്ഞെടുക്കുക.
ഈ പൊടി ഐറ്റം 2,3,4 ചേർത്ത് അപ്പം മാവുപോലെ (ദോശ മാവിനേക്കാൾ അയവിൽ) അയച്ചു കലക്കി വയ്ക്കുക. ഈ മാവ് വാഴയില കഴുകി തുടച്ചെടുത്ത്, കനം കുറച്ചു പരത്തി ഇലകൾ റോൾ ചെയ്യുക, വാഴനാര് കൊണ്ട് ഒരു കെട്ടും കെട്ടുക. അപ്പച്ചെമ്പിൽ വേവിച്ചെടുക്കുക. എളുപ്പം വേവും. തണുത്ത ശേഷം മുറിച്ചെടുക്കുക. ഇങ്ങനെയുണ്ടാക്കുന്ന അട ഭയങ്കര ടേസ്റ്റ് ആണ്.

PS : ഇനി അട ഉണ്ടാക്കാൻ മടിയാണെങ്കിൽ ഉണക്കലരി അങ്ങനെ തന്നെ ചേർത്ത് നമുക്ക് അമ്പലപ്പുഴ പാൽപായസമാക്കാം. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post