ഗ്രീൻ ആപ്പിൾ മെഴുക്കുവരട്ടി
By : Bibin Jo Thomas
ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടിയുടെ ഫോട്ടോ ഇട്ടിട്ട് ഇയാളെന്താ ഗ്രീൻ ആപ്പിൾ എന്നൊക്കെ പേരിട്ടത് എന്ന് വേണേൽ നിങ്ങൾ ചിന്തിക്കാം... ഫോട്ടോ കണ്ടിട്ട് അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റ് പറയാനും പറ്റില്ല... പക്ഷെ സത്യത്തിൽ ഇത് ഗ്രീൻ ആപ്പിൾ കൊണ്ട് ഉണ്ടാക്കിയ മെഴുക്കുവരട്ടി ആയകൊണ്ടാണ് ഈ പേര് തന്നെ ഇട്ടത്... 
കാര്യത്തിലേക്ക് വരാം അല്ലെ.. അതായത് ഉത്തമ... ഒന്നും ഒന്നും രണ്ട് ആയകൊണ്ട് ഫ്രിഡ്ജിൽ ഇരിക്കുന്ന രണ്ട് ഗ്രീൻ ആപ്പിൾ എടുത്ത് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ച് ഒരു പാത്രത്തിൽ ആക്കി മാറ്റി വയ്ക്കുക... 
പിന്നെ... ആ ചെറിയ തട്ട് തട്ട് ആയിട്ടുള്ള കൊട്ടയിൽ നിന്നും ഒരു ചെറിയ സവോളയും ഒരു വലിയ മുളകും എടുത്ത് കുനു കുനു കുനാന്ന് അരിഞ്ഞ് വേറൊരു പാത്രത്തിൽ ആക്കി മാറ്റി വയ്ക്കുക... 
അത് കഴിഞ്ഞ് വേറൊരു പാത്രത്തിൽ അര ടീസ്പൂൺ ഉലുവ, അര ടീസ്പൂൺ കടുക്, അര ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ മുളക് പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയും എടുത്ത് മാറ്റി വയ്ക്കുക...
ഇനി അങ്ങ് പരുപാടി തുടങ്ങാം അല്ലെ... ഒരു ചീനിച്ചട്ടി എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കുക.. ചൂടായിന്നു തോന്നിയാൽ പിന്നെ ഒന്നും ചിന്തിക്കണ്ട സ്റ്റവിന്റെ കുറച്ചകലെ ആയി മാറ്റി വച്ചിരിക്കുന്ന കുപ്പിയിൽ നിന്ന് കുറച്ച് എണ്ണ അങ്ങ് ഒഴിച്ചേക്കുക...കുറച്ച് എന്ന് പറഞ്ഞാൽ കുറച്ച്; ഒരു മൂന്ന് ടേബിൾ സ്പൂൺ... ആ എണ്ണയും ചൂടായിന്ന് തോന്നിയാൽ നമ്മൾ എടുത്തു വച്ചിരിക്കുന്ന ജീരകം, ഉലുവ, കടുക്‌ എന്നിവ ഇട്ടങ്ങ് പൊട്ടിക്കുക.... അതവിടെ കിടന്ന് പൊട്ടട്ടെ... എന്ത് രസാല്ലേ പൊട്ടുന്നെ കേൾക്കാൻ.... 
ഹാ... പൊട്ടുന്നതും കേട്ടൊണ്ട് നിക്കുവാണോ... അത് കരിഞ്ഞു പോകും.. മറ്റേ പാത്രത്തിൽ അരിഞ്ഞ് വച്ചിരിക്കുന്ന സവോളയും മുളകും ഇട്ട് വഴറ്റാൻ തുടങ്ങിക്കേ... ഇച്ചിരി തീ കൂട്ടി ഇട്ട് വഴറ്റിക്കോ... കാശ് കൊടുത്ത് വാങ്ങിക്കുന്ന ഗ്യാസ് അല്ലെ കുഴപ്പം ഇല്ല.. തീരുമ്പോൾ വാങ്ങിയാൽ മതിയല്ലോ...  :P ഏകദേശം സവോളയുടെ നിറം മാറി എന്ന് മനസ്സിലാക്കിയാൽ പിന്നെ അമാന്തിക്കരുത് എടുത്ത് വച്ചിരിക്കുന്ന മുളക് പൊടിയും മഞ്ഞൾ പൊടിയും ഇട്ട് അങ്ങ് ഇളക്കിയേക്കണം... നിറം മാറുന്ന സവോളയ്ക്ക് മറ്റൊരു നിറം കൊടുക്കാൻ നമുക്കറിയാലോ... അല്ലപിന്നെ... നമ്മുടടുത്താ.... 
ഒരു അര മിനിറ്റ് ഈ ഇളക്കൽ അങ്ങ് തുടരട്ടെ... ആ അര മിനിറ്റ് കഴിഞ്ഞ് ഒരു 13 സെക്കൻഡിനുള്ളിൽ (14 സെക്കന്റ് ആയാൽ പിന്നെ ഋഷിരാജ് സാർ ചിലപ്പോൾ കേസ് ആക്കും അതാ ) ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന നമ്മുടെ ഗ്രീൻ ആപ്പിൾ എടുത്ത് ചട്ടിയിൽ ഇട്ട് നന്നായി ഇളക്കുക.... 
എന്റെ ദേഹത്ത് മസാല പറ്റിയില്ല എന്ന് ഒരു ആപ്പിൾ കഷ്ണവും പരാതി പറയാൻ ഇടവരാത്ത രീതിയിൽ മസില് പിടിക്കാതെ അങ്ങ് ഇളക്കുക.... എല്ലാ കഷ്ണത്തിലും മസാല പറ്റി എന്ന് ഉറപ്പാക്കിയ ശേഷം തീ ചെറുതിൽ ഇട്ട് ഒരു രണ്ടു മിനിറ്റ് മൂടി വയ്ക്കുക.... ആ രണ്ടു മിനിറ്റു കഴിഞ്ഞ് മൂട മാറ്റി തീ കൂട്ടി നമ്മുടെ പാകത്തിന് ഉപ്പും ഇട്ട് നല്ലപോലെ ഒന്നൂടെ ഇളക്കി തീ ഓഫ് ചെയ്തേക്കുക... 
എന്തേ നോക്കണേ... ഒന്നുല്ല.. കഴിഞ്ഞു... ഇത്രേ ഉള്ളു... ന്താ പറഞ്ഞെ... എന്നതൊക്കയ ഇതുണ്ടാക്കാൻ ഉപയോഗിച്ചെന്ന് മനസ്സിലായില്ലന്നോ... ദേ ഇതൊക്കെയാ.....
> രണ്ട് ഗ്രീൻ ആപ്പിൾ
> അര ടീസ്പൂൺ ഉലുവ
> അര ടീസ്പൂൺ കടുക്
> അര ടീസ്പൂൺ ജീരകം
> ഒരു ടീസ്പൂൺ മുളക് പൊടി
> അര ടീസ്പൂൺ മഞ്ഞൾ പൊടി
> മൂന്ന് ടേബിൾ സ്പൂൺ എണ്ണ
> ഉപ്പ് (ഉണ്ടാക്കുന്നവരുടെ പാകത്തിന്)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post