By:

“ചിക്കന്‍ ഉസ്മാനിയ “ എന്ന പേര് കേട്ടിട്ട്, എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാന്‍ ഈ പാചകകുറിപ്പ് പരീക്ഷിച്ചു നോക്കുകയില്ലേ. കര്‍ത്താവാണേ, ഭര്‍ത്താവാണേ, ഒടേ തമ്പുരാനാണേ എന്നൊന്നും തീരുമാനിക്കാന്‍ വരട്ടെ. ആദ്യം ഇതൊന്ന് വായിച്ച് നോക്കുക. പാചകശിരോമണികളായ വനിതകളും, പുരുഷുകളും നമ്മുടെ ഇടയില്‍ ധാരാളം ഉണ്ടല്ലോ. എന്നിട്ട് സമയവും, സന്ദര്‍ഭവും, മനോധൈര്യവും ഉള്ളവര്‍ ഇത് പരീക്ഷിച്ച്, അഭിപ്രായം ഇവിടെ തന്നെ അറിയിച്ചാല്‍, അറച്ചു നില്‍ക്കുന്നവര്‍ക്കും, മടിച്ചു നില്‍ക്കുന്നവര്‍ക്കും ഈ സ്വാദിഷ്ടമായ ചിക്കന്‍ - കറിയെന്നു വിളിക്കാന്‍ പറ്റില്ല, എന്നാ മസാലയെന്നു വിളിക്കാമോ? ഇല്ല അതും പറ്റില്ല? റോസ്റ്റ്? നോ വേ. വരട്ടിയത്? ഇല്ലേയില്ല.

പിന്നെന്തൂട്ടാഷ്ടാ ഈ കുന്തം. ഇതാണ് ചിക്കന്‍ ഉസ്മാനിയ !

ഇത് ഉണ്ടാക്കുന്നത് വനിതകളാണെങ്കില്‍ താഴെ പറയുന്നതുപോലെ ഉണ്ടാക്കിയാല്‍ മാത്രം മതി. അതല്ലാ പുരുഷന്മാരാണെങ്കില്‍, പാചക സമയം രസാവഹമാക്കാന്‍, അല്ലെങ്കില്‍ ആസ്വാദകരമാക്കുവാന്‍, അവനവന്റെ കപ്പാസിറ്റിക്കനുസരിച്ച് രണ്ടോ, മൂന്നോ പെഗ്ഗ് അടിക്കാവുന്നതാണ്. അതില്‍ കൂടരത്. കാരണം അതു കഴിഞ്ഞാല്‍ കറിയുടെ സ്വാദ് ആസ്വദിക്കുവാന്‍ പറ്റില്ല!

ചേരുവകള്‍

ചിക്കന്‍ - 1 1/2 കിലോ ( ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത് - ഫ്രെഷ് ചിക്കന്‍ ആണ് കൂടുതല്‍ അഭികാമ്യം)

മല്ലിപൊടി - 4 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 2 1/2 ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞപൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - 1 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്‘
ജീരകപൊടി - ഒരു നുള്ള് (നിര്‍ബന്ധമില്ല)

സവാള അഥവാ സബോള - 4 എണ്ണം (വലിയത്) - വളരെ കനം കുറച്ച് അരിയുക
ചെറിയ ഉള്ളി - 10-15 എണ്ണം - ഇതും കനം കുറച്ച് അരിയുക
നാളികേര കൊത്ത് - 1/2 മുറിയുടേത് (കനം കുറച്ച്, ചെറുതായി 1/2 ഇഞ്ച് നീളത്തില്‍ കൊത്തിയത്)
ഇഞ്ചി - 1 1/2 ഇഞ്ച് നീളം - പൊടിയായി അരിഞ്ഞത് (വീതി എത്ര വേണം എന്നൊന്നൊന്നും ആരും ചോദിച്ചേക്കരുത്)

തക്കാളി - 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്) - കുരു കുരുന്നനെ അരിഞ്ഞത്
വെളുത്തുള്ളി - 7-8 അല്ലി അഥവാ ചുള - പൊടിയായി അരിഞ്ഞത്
പച്ചമുളക് - 6 എണ്ണം, 3 എണ്ണം നെടുകെ പിളര്‍ന്നത് (ഇനിയിപ്പോ നെടുകെ പിളര്‍ന്നില്ലാന്നു വച്ചിട്ട് ഒരു പുല്ലും സംഭവിക്കാന്‍ പോകുന്നില്ല), 3 എണ്ണം ചെറുതായി ഓമ്ലേറ്റിലേക്കരിയുന്നതുപോലെ അരിയുക.
കറിവേപ്പില - 4 തണ്ട്

പാചകം ചെയ്യുന്ന വിധം : മണ്‍ചട്ടി (അതില്ലെങ്കില്‍, ചീന ചട്ടി, പക്ഷെ അതാണെങ്കില്‍ സൂപ്പര്‍) അടുപ്പില്‍ വച്ച്, ചൂടായതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചണ്ണ അതിലേക്കൊഴിച്ച്, മുളകുപൊടിയും, മല്ലിപൊടിയും അതിലേക്കിട്ട്, ചെറിയ തീയില്‍ ബ്രൌണ്‍ നിറം വിടുന്നതു വരെ വറുക്കുക (കരിക്കരുത്). കഴുകി വെള്ളം പിഴിഞ്ഞു മാറ്റിയ കോഴികഷ്ണത്തിലേക്ക്, എല്ലാം സര്‍വ്വേശ്വരാ നീയെ തുണ എന്നു പറഞ്ഞ് (പറഞ്ഞില്ലെങ്കിലും യാതൊന്നും സംഭവിക്കില്ല) വറുത്ത മസാല ചേര്‍ക്കുക. അരിഞ്ഞു വച്ചിരിക്കുന്നതില്‍ നിന്നും, പകുതി ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, അര സ്പൂണ്‍ കുരുമുളകു പൊടി എന്നിവ ചേര്‍ക്കുക. ആ കൂട്ടിലേക്ക് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും, മുകളില്‍ പറഞ്ഞിരിക്കുന്ന മഞ്ഞപൊടിയും, ആവശ്യത്തിന്നുപ്പും, കൊത്തി വച്ചിരിക്കുന്ന തേങ്ങാ കൊത്തുകളും ചേര്‍ത്ത് നന്നായി തിരുമ്മി വക്കുക. (എത്ര അധികം നേരം ഈ തിരുമ്മി വച്ചിരിക്കുന്നോ അത്രയും, നല്ലത്, അതു കരുതി നാലു മണിക്കൂറിനു മേലെ വച്ചാല്‍, കോഴി വളിച്ചു പോകുന്നതിന്നുത്തരവാദി ഞാനല്ല).

ചീന ചട്ടി ചൂടായതിനു ശേഷം, അതില്‍, മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം (എണ്ണ അവനവന്റെ ആരോഗ്യത്തിന്നനുസരിച്ച്, കൂട്ടുകയും, കുറക്കുകയും ചെയ്യാം, അല്ലാതെ, ഡാഷേ....നിന്റെ റെസീപ്പി പ്രകാരം കറി വച്ചു തിന്നാന്‍ തുടങ്ങിയതിന്നു ശേഷം എന്റെ കൊളസ്ട്രോള്‍ കൂടി എന്നാരും എന്നെ പറയരുത്), അതിലേക്ക്, ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും ചേര്‍ക്കുക. അതൊന്നല്പം മൂത്താല്‍, സവാളയും, കീറി വച്ചിരിക്കുന്ന പച്ചമുളകും ചേര്‍ത്ത നന്നായി വഴറ്റുക. ആ വഴറ്റുന്ന ചേരുവയുടെ നിറം മാറി കാപ്പി പൊടി നിറം, അഥവാ, സവാള സീ ത്രൂ പരുവത്തിലാകുമ്പോള്‍, തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍, രണ്ടു തണ്ടു കറിവേപ്പിലയും, മസാല പുരട്ടി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി ചേര്‍ത്ത്, അടപ്പെടുത്ത് ചീനചട്ടി മൂടുക. തീ ചെറുതാക്കാന്‍ മറക്കരുത്.

ചൂടു തട്ടുമ്പോള്‍ കോഴി, സ്വമേദയാ അടിച്ചിട്ടുള്ള വെള്ളങ്ങളെല്ലാം വാളുവെക്കും എന്നതിനാല്‍, ഒരു പത്ത് നിമിഷത്തിനുള്ളില്‍ ചീന ചട്ടിയില്‍ വെള്ളം കോഴികഷ്ണങ്ങളെ മൂടിയിരിക്കുന്ന പാകത്തില്‍ വെട്ടി തിളക്കുന്നുണ്ടായിരിക്കും. അടപ്പ് മാറ്റി, അവശേഷിച്ചിരിക്കുന്ന അര സ്പൂണ്‍ കുരുമുളകു പൊടിയും, ഗരം മസാല പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക.

പത്ത് മിനിറ്റ് ചെറിയ തീവില്‍ വേവിച്ചതിനു ശേഷം, ചീനചട്ടിയുടെ മൂടി തുറന്ന്, ചീന ചട്ടിയില്‍ ഉള്ള വെള്ളം വറ്റിക്കുക. ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം. അല്ലെങ്കില്‍ അടിയില്‍ പിടിച്ചതെപ്പോഴെന്നു ചോദിച്ചാല്‍ മതി. (അഥവാ അങ്ങിനെ സംഭവിച്ചാല്‍, അടിയില്‍ പിടിക്കുന്നതിന്നുത്തരവാധി ഞാന്‍ അല്ല എന്നും ഈ അവസരത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്നു)

ഇളക്കി..ഇളക്കി കോഴിക്കറി ഒരു കറുത്ത പരുവത്തിലായി തീരും (ചെറുതീയിലാണെന്നോര്‍മ്മ വക്കുക). ആ അവസരത്തില്‍, അല്പം ജീരകപൊടി (ഇഷ്ടമുള്ളവര്‍ മാത്രം) ചേര്‍ത്ത്. തീ കെടുത്തുക.

ഒരു ചെറിയ ചീന ചട്ടിയിലോ, ഫ്രൈയിങ്ങ് പാനിലോ, ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്നതില്‍ അവശേഷിച്ച ചെറിയ ഉള്ളി മൂപ്പിക്കുക. ഉള്ളി പകുതി മൂത്തതിനുശേഷം, ശേഷിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, ഒരു നുള്ള് മുളകു പൊടിയും ചേര്‍ത്ത് നന്നായിളക്കി, ഈ കൂട്ട് വെന്തൊരുങ്ങിയിരിക്കുന്ന “ചിക്കന്‍ കുറുമാനിയ“ യുടെ മുകളിലേക്കൊഴിക്കുക. വീണ്ടും നന്നായി ഇളക്കി, ഒരഞ്ചു മിനിറ്റു നേരത്തേക്കു കൂടി അടച്ചു വയ്ക്കുക.

“ചിക്കന്‍ ഉസ്മാനിയ ” തയ്യാര്‍.

ചോറിനൊപ്പമോ, കുബൂസിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ, കള്ളിനൊപ്പമോ, എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്കീ ചിക്കന്‍ ഉസ്മാനിയ കഴിക്കാം.

സത്യമായും, നിങ്ങള്‍ ഇത് ഇഷ്ടപെടും എന്നെനിക്കുറപ്പുണ്ട്.

അഭിപ്രായങ്ങള്‍ അറിയിച്ചാല്‍, റിസ്ക് ഫാക്ടര്‍ ഒഴിവായി കിട്ടും 

(ഈ കറിക്കുള്ള ക്രെഡിറ്റ് മുഴുവന്‍ എന്റെ അമ്മയ്ക്ക്).

1 Comments

Our Website is One of the Largest Site Dedicated for Cooking Recipes

  1. Sambhavam adipoli! Uppu evideya cherkkandathu ennu aalojichu alpam samayam kalanjenkilum ellam kazhinjappo saadanam super! Nandi mashe.

    ReplyDelete

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post