പണിയാരം
by : Sherin Mathew
വെളുപ്പിനെ 5.30 ക്ക് അലാം തല്ലികൊന്നു കല്ലുകെട്ടി കൊക്കയിൽ എറിഞ്ഞിട്ടു അടുക്കളയിൽ എത്തിയപ്പോഴാണ് ഇന്നലത്തെ ഓട്ടവും ചാട്ടവും ഒക്കെ കഴിഞ്ഞു വന്നിട്ട് ഇവിടുത്തെ മഹാറാണി മിസ്സ്‌ നിരഞ്ജനയോട് ടിഫ്ഫിനു എന്താ വേണ്ടത് എന്ന് ചോദിക്കാൻ മറന്നു എന്ന തിരിച്ചറിവും വെളിപാടും ഉണ്ടായത്.

പലവിധ സ്നാക്സ് മനസ്സില് കൂടി കടന്നു പോയി - പക്ഷെ കൈയും കെട്ടി, കുന്തോം പിടിച്ചു, വാലും പൊക്കി, പുരികം വളച്ചു, പല്ല് ഞെരിച്ചു, രൂക്ഷമായി അവയെ നോക്കി നിക്കുന്ന ലുട്ടാപ്പിക്ക് അമ്മുവിൻറെ മുഖച്ഛായ ഇല്ലേ എന്നൊരു ശങ്ക - എല്ലാം മായിച്ചു കളഞ്ഞു.

സ്കൂൾ ബസ് വരുന്നതിന്റെ തൊട്ടുമുൻപുള്ള 5 മിനിറ്റ് വരെയുള്ള അവളുടെ സുഖസുഷുപ്തിക്ക് ഭംഗം വരുത്തി എന്റെ ഈ പ്രശ്നത്തിന് അവളോട്‌ അഭിപ്രായം ചോദിക്കാൻ പോയാലുണ്ടാകാവുന്ന അനർത്ഥങ്ങളെയും ഭവിഷ്യത്തുകളയും മനസ്സിലിട്ടു അവലോകനം ചെയ്തു, ww.ettinte pani. com വെബ്‌സൈറ്റിൽ അംഗമാകാൻ വൈമുഖ്യം ഉള്ളതിനാലും ഭിത്തിയേൽ പടമായി ഇനിയുള്ള കാലം തുടരാൻ താല്പര്യം ഇല്ലാത്തതിനാലും എന്റെ കാലുകൾ അടുക്കളയിൽ തന്നെ ഉറഞ്ഞു നിന്നു

"ഇനി എന്നത്താൻ പണ്ണട്ടും ആണ്ടവാ മുറുഹാ" എന്ന് ഉറക്കെ ആത്മഗതിച്ചപ്പോഴാണ് സാക്ഷാൽ മുരുകൻ, മയിൽവാഹനൻ, വേൽചാമി പഴനിമല പൊരുൾ കാർത്തികേയ സ്വാമി തുണക്കെത്തിയത്.

ആ സമയത്ത് തമിഴിൽ ആത്മഗതിക്കാൻ എന്നെ കൊണ്ട് തോന്നിച്ചതിന് വേൽമുരുകനോട് മനസ്സിൽ നണ്ട്രി സൊല്ലിയിട്ടു ഫ്രിഡ്ജ് തുറന്നു ഒരു കൊച്ചുപാത്രത്തിൽ അടച്ചു വച്ചിരുന്ന, കഴിഞ്ഞ ദിവസം ദോശ ഉണ്ടാക്കിയതിൽ മിച്ചം വന്ന മാവ് ഇങ്ങു പുറത്തേക്കെടുത്തു

ഉണ്ണിയപ്പക്കാരം അടുപ്പത് എണ്ണ ഒഴിച്ച് തയാറാക്കി വച്ചു.

കൊട്ടേഷൻ തുടങ്ങി

ദോശ മാവ് - ഏകദേശം 2 ടി കപ്പ്‌

ഇതിലേക്ക് താഴെ പറയുന്നവ ഇത്തിരി എണ്ണയിൽ കടുകും ഉഴുന്നും പൊട്ടിച്ചു വഴറ്റി ചേർത്തു
സവാള നുറുക്കിയത് - 1 ടേബിൾ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1/4 ടി സ്പൂണ്‍
പച്ചമുളക് - 1 ചെറുതായി അരിഞ്ഞത്
കറിവേപ്പില അരിഞ്ഞത് - 1/2 ടി സ്പൂണ്‍
മല്ലിയില അരിഞ്ഞത് - 1 ടി സ്പൂണ്‍
ഉപ്പ് - ആവശ്യത്തിനു

പിന്നെ എല്ലാം നല്ലപോലെ ഇളക്കി നല്ല പദ്ദുക്കൾ / കുഴിപണിയാരങ്ങൾ വറത്തു കോരി.

ടിഫ്ഫിനിൽ എന്താന്ന് മദാമ്മയോടു മിണ്ടിയിട്ടില്ല - സ്കൂൾ ചെന്ന് സീൻ ഡാർക്ക്‌ ആവേണ്ട എന്ന് കരുതി ഫ്രെണ്ട്സിനും വിതരണം ചെയ്യാനുള്ള പാകത്തിന് ഏറെ പണിയാരങ്ങൾ വച്ചിട്ടുണ്ട്.

എല്ലാർടേം മുന്നിൽ ആള് കളിക്കുന്നതിനിടയിൽ എനിക്കുള്ള കൊട്ടേഷൻ അവൾ മറക്കും - നമ്മളൂടാ ലവൾടെ സ്കെച് - കൊക്കെത്ര കുളം കണ്ടിരിക്കുന്നു!!!!

ഇത് നിങ്ങൾക്കൊക്കെ അറിയാം എന്ന് എനിക്കറിയാം - എന്നാലും ഇരിക്കട്ടെ 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post