നേത്രപഴം പുളിശേരി
By : Sherin Reji
നല്ല എരിവുള്ള ബീഫ് റോസ്റ്റും കൊച്ചുള്ളിയും ഇടിച്ച മുളകുമിട്ട് മൂപ്പിച്ച അച്ചിങ്ങാ പയർ മെഴുക്കുപുരട്ടിയും നേത്രപഴം പുളിശേരിയും ഉണ്ടെങ്കിൽ തൃപ്തിയായി.... കഴിഞ്ഞ തവണത്തെ തട്ടുകട ചിക്കൻ ഫ്രൈ പോസ്റ്റ് കണ്ടപ്പഴും കുറെ പേര് പറഞ്ഞു ഞങ്ങള് വെജിറ്ററിയൻസിനെ ഒന്നും ഒരു മൈന്റും ഇല്ലല്ലൊന്നു...

കാര്യം ഇച്ചിരി പച്ച മോരും കാന്താരിയും ഉണ്ടേൽ എനിക്കും അമ്മയ്ക്കും വേറെ കറി ഒന്നും വേണ്ട... പക്ഷെ "ഇച്ചിരി മീനിന്റെ ചാറ് എങ്കിലും ഇല്ലെങ്കിൽ എങ്ങനാടി കൊച്ചെ ചോറ് ഇറങ്ങുന്നെ " ന് ചോദിക്കും ന്റെ വല്യമ്മച്ചി... കൂടെ ഐക്യയദാർട്യം പ്രകടിപ്പിച്ചു ന്റെ അച്ഛനും അനിയനും... എന്തായാലും ഇന്ന എല്ലാ പരാതിയും തീർത്തേക്കാം..

രണ്ടു ഏത്തപ്പഴം തൊലി കളഞ്ഞു രണ്ടായി കീറി... ഇനി നടുക്കുള്ള കറുത്ത കുരുക്കൾ കത്തി കൊണ്ട്
ചീന്തിയെടുത്തു കളഞ്ഞു... ചതുരത്തിൽ മുറിച്ചു കുഴിവുള്ള മൺചട്ടിയിലേക്ക് ഇട്ടു...

(ഇതിപ്പോ മൺചട്ടി ഇല്ലാത്തൊരു നോൺസ്റ്റിക്ക് പാത്രത്തിലൊ ചീനചട്ടിയിലോ വച്ചോ.. എങ്കിലും ഓരോന്നിനും അതിന്റേതായ തനതു രുചി കിട്ടണമെങ്കിൽ ഉണ്ടാക്കുന്ന പാത്രത്തിനും അതിൽ പങ്കുണ്ടെന്നാണ് വല്യമ്മച്ചി പറയാറ്...

വാവട്ടം കുറഞ്ഞ രണ്ടു കൈ ആഴമുള്ള ചട്ടി വയൽ വാണിഭത്തിന് പോയപ്പോൾ വാങ്ങിയതാണ്... ഇതിൽ മോര് കാച്ചിയാലും തേങ്ങാ അരച്ച കറികൾ വച്ചാലും ഒരു പ്രേത്യേക സ്വാദാണ്... )

1 സ്പൂൺ മുളകുപൊടിയും, 1/4 സ്പൂൺ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത ഏകദേശം 10 മിനുട്ട് വേവിക്കാം..

ചെറിയ അര മുറി തേങ്ങാ 1/4 സ്പൂൺ ജീരകം 2 കൊച്ചുള്ളി 1 പച്ചമുളകും 5,6 മണി കുരുമുളകും ചേർത്ത് വെണ്ണ പോലെ അരച്ചെടുക്കണം...

വെന്ത പഴത്തിലേക്ക് ഈ അരപ്പ് ചേർത്ത് ചെറു തീയിൽ വച്ചോളൂ... രണ്ടു തണ്ട് കറിവേപ്പില കൈ കൊണ്ട് ഞെരടി ഇടാം.. ഇനി പഴത്തിന്റെ മധുരം അനുസരിച്ചു 2 സ്പൂൺ പഞ്ചസാര വരെ ചേർക്കാം... അധികം തിളക്കാതെ ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കാം...

ചെറിയ തിള വന്നപ്പോൾ ഉടച്ച തൈര് ചേർത്ത് കൊടുക്കാം... തൈര് അധികം ഉടച്ചെടുക്കണ്ട... നന്നായി ചൂടായിക്കോട്ടെ... തിളക്കാതെ ചിരട്ട തവിയുടെ മാട് കൊണ്ട് ഇളക്കി കൊടുക്കാം ...

ഒന്ന് ചെറുതായി ചൂടായി വരുമ്പോൾ അടുപ്പിൽ നിന്നും വിറക് പിരിച്ചു വച്ച് കനലിൽ ഇരുന്നോട്ടെ...

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോൾ കുറച്ചു കടുക് പൊട്ടിച്ചു കൊച്ചുള്ളി വട്ടത്തിൽ അരിഞ്ഞതും നാല് അഞ്ചു വറ്റൽ മുളകും കറിവേപ്പില ഞെരടിയതും ഇട്ടു മൂപ്പിച്ചു ആ എണ്ണയോട് കൂടി തന്നെ കറിയുടെ മുകളിലേക്കു ഒഴിക്കാം... അപ്പൊ തന്നെ ഇളക്കാണ്ട് ഒരു പാത്രം കൊണ്ട് മൂടി വച്ചോ...

അടുപ്പിൽ നിന്നും ഇറക്കി പാതകത്തിന്റെ ചൂടിൽ അവിടെ ഇരുന്നോട്ടെ... (കറികൾക്കു കടുക് വറുത്തിട്ടു കഴിഞ്ഞു എപ്പഴും ഇത് പോലെ അടച്ചു വെക്കാം... ആ flavours ഒന്നും പോവാണ്ട് കറിയിലേക്ക് തന്നെ വരനാണിത്... )

വിളമ്പാൻ നേരത്തു ആ മൂടി ഒന്ന് തുറക്കുമ്പോ വീട് മുഴുവൻ പരക്കുന്നൊരു മണമുണ്ട്... ഇനി ഉണ്ടാക്കി നോക്കിട്ടു പറഞ്ഞോളൂ... എല്ലോർക്കും റെസിപ്പി ഇഷ്ടപ്പെട്ടല്ലോ അല്ലെ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post