ഈന്തപ്പഴം-ചെറുനാരങ്ങ അച്ചാർ
By : Rafeena Ziyad
അച്ചാറിന് എരിവും പുളിയും കൂടാതെ മധുരം കൂടിയായാലോ...? ഇഷ്ടമാണോ? എങ്കില്‍ ഈ അച്ചാര്‍ ഒന്നു പരീക്ഷിച്ചു നോക്കൂ:
ആവശ്യമുള്ള സാധനങ്ങള്‍‍:
ഈന്തപ്പഴം - അരക്കിലോ
ചെറുനാരങ്ങ - ഏകദേശം 20 എണ്ണം
ഉണക്കമുന്തിരി - 100 ഗ്രാം
വെളുത്തുള്ളി - 50 ഗ്രാം
ഇഞ്ചി - 50 ഗ്രാം
കാന്താരി മുളക് - ഏകദേശം ഒരു പിടി
കാശ്മീരി മുളകുപൊടി - 3 ടേബിള്‍സ്പൂണ്‍ (നിങ്ങളുടെ പാകത്തിന് അളവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
മഞ്ഞള്‍പ്പൊടി - ഒന്നര ടീസ്പൂണ്‍
കായം - രണ്ടു ടീസ്പൂണ്‍
ഉലുവാപ്പൊടി - രണ്ടു ടീസ്പൂണ്‍
നല്ലെണ്ണ - ഏതാണ്ട് 100ഗ്രാം
വിനാഗിരി - 150 ഗ്രാം
വറുത്തിടാനുള്ള കടുക്, കറിവേപ്പില, മുളക്
ഉപ്പ് - പാകത്തിന്.
ആവശ്യത്തിന് വെള്ളം
ഉണ്ടാക്കുന്ന വിധം:
ഈന്തപ്പഴം കുരുകളഞ്ഞ് നീളത്തില്‍ നുറുക്കി വയ്ക്കണം.
വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക. ഇഞ്ചി പൊടിയായി അരിഞ്ഞു വയ്ക്കുക. കാന്താരിമുളക് ഞെട്ട് കളഞ്ഞതും ഉണക്കമുന്തിരിയും എടുത്തു വയ്ക്കുക. അതവിടെ ഇരിക്കട്ടെ. നമുക്ക് വേറെ കുറച്ചു പണിയുണ്ട്.
ചെറുനാരങ്ങ നന്നായി കഴുകി തുടച്ചെടുത്ത് കുറച്ചു നല്ലെണ്ണ ഒഴിച്ചു വാട്ടിയെടുക്കണം. നാരങ്ങ ഒന്നു മൃദുവാകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. നാരങ്ങ ഒന്നു ചുരുങ്ങി, ചെറിയ പൊട്ടലും ചീറ്റലുമൊക്കെ തുടങ്ങാന്‍ ഭാവിക്കുമ്പോള്‍ വാങ്ങിവയ്ക്കാം:
ഇനി, ഈ നാരങ്ങയിലെ എണ്ണമയം നല്ല വൃത്തിയുള്ള ഒരു തുണികൊണ്ട് തുടച്ചുകളഞ്ഞശേഷം ഓരോന്നും നാലോ എട്ടോ കഷ്ണങ്ങളാക്കി മുറിക്കുക. (ഈ എണ്ണയ്ക്ക് കയ്പുണ്ടാവാന്‍ സാധ്യതയുണ്ട്, അതാണ് തുടച്ചു കളയുന്നത്. അതുപോലെ, നാരങ്ങ വാട്ടാനുപയോഗിച്ച എണ്ണയും പിന്നെ ഉപയോഗിക്കരുത്. വളരെ കുറച്ചു മാത്രം എണ്ണ ഉപയോഗിച്ച് വാട്ടിയാല്‍ എണ്ണ ബാക്കിയാവാതെ ഒപ്പിക്കാം).
ഇനി അച്ചാറുണ്ടാക്കാന്‍ തുടങ്ങാം:
ഒരു കട്ടിയുള്ള പാത്രത്തില്‍ നല്ലെണ്ണ ഒഴിച്ച് അതില്‍ കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം ഇഞ്ചിയും വെളുത്തുള്ളിയും കാന്താരിമുളകും കൂടി ഇട്ടു വഴറ്റുക.
ഇതിലേക്ക് മുന്തിരിയും അരിഞ്ഞുവച്ചിരിക്കുന്ന ഈന്തപ്പഴവും ഇട്ട് വീണ്ടും വഴറ്റുക. എണ്ണ അല്പാല്പമായി ചേര്‍ത്തുകൊടുക്കണം.
ഇനി തീ നന്നായി കുറച്ചശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി മൂത്ത മണം വരുമ്പോള്‍ വിനാഗിരി കുറച്ചു വെള്ളത്തില്‍ കലക്കിയതും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചശേഷം ഒന്നു തിളച്ചാൽ, മുറിച്ചുവച്ചിരിക്കുന്ന നാരങ്ങാക്കഷ്ണങ്ങളും ചേർത്തിളക്കി വാങ്ങിവയ്ക്കാം. വാങ്ങുന്നതിനുതൊട്ടുമുന്‍പ് കായവും ഉലുവാപ്പൊടിയും കൂടി ചേര്‍ത്ത്, ഉപ്പും എരിവുമൊക്കെ പാകത്തിനാണോ എന്നു നോക്കിയശേഷം വാങ്ങുക. ഈന്തപ്പഴം ഒരു വെള്ളം കുടിയനാതുകൊണ്ട് ഈ അച്ചാര്‍ ഇരിക്കുന്തോറും കട്ടിയാവും. അതുകൊണ്ട് വെള്ളം പോരെങ്കില്‍ പിന്നീട് തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് ചേര്‍ക്കാം.
നന്നായി തണുത്തശേഷം കുപ്പിയിലാക്കാം. കുറച്ചു നല്ലെണ്ണ ചൂടാക്കി, തണുത്തശേഷം അച്ചാറിന്റെ മീതെ ഒഴിക്കുന്നത് പൂപ്പല്‍ വരാതിരിക്കാന്‍ നല്ലതാണ്. നല്ലെണ്ണയിലൊ വിനാഗിരിയിലോ മുക്കിയ തുണിക്കഷ്ണം മീതെ വിരിച്ചിടുന്നതും നല്ലതാണ്.
തിരക്കു പിടിക്കണ്ട. ഒരു പത്തുദിവസം കഴിഞ്ഞിട്ട് ഉപയോഗിച്ചാല്‍ മതി. അപ്പോഴേക്കും ഈന്തപ്പഴത്തിന്റെ മധുരം നാരങ്ങയിലേക്കും, നാരങ്ങയുടെ പുളിപ്പ് ഈന്തപ്പഴത്തിലേക്കും നന്നായി കലര്‍ന്ന് അച്ചാര്‍ നല്ല സ്വയമ്പനായിട്ടുണ്ടാവും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post