കിച്ചണിൽ കയറി ഒരു സവോളയുടെ പകുതി എടുക്കുക.. കറക്റ്റ് അളന്നു വേണം മുറിക്കാൻ.. അല്ലെങ്കിൽ സവോളക്ക് ബെഷ്മം വരും.. അങ്ങനെ ബെഷ്മിക്കുന്ന സവോള അരിയുന്നതുകൊണ്ടാ നമ്മുടെ കണ്ണു നിറയുന്നെ.. കറക്റ്റ് അളവാണെങ്കിൽ കണ്ണ് നിറയില്ല.. അറിയാമോ.. എവിടെ.. ആ.. അപ്പൊ സവോള എടുത്തു.. ഇനി ഒരു പച്ചമുളക് വേണം.. പിന്നെ ഒരു ചെറിയ കഷ്ണം ഇഞ്ചി.. പിന്നേം വേണം സാധനങ്ങൾ.. അത് ഞാൻ വഴിയേ പറയാം.. ആദ്യം ഇത്രേം സാധനങ്ങൾ എടുത്ത് കുരുകുരാന്ന് അരിഞ്ഞ് ഒരു പാത്രത്തിൽ വയ്ക്കുക.. ഇനി ആ ചീനിച്ചട്ടി എടുത്ത് അടുപ്പിൽ വച്ച് തീ കത്തിച്ച് ചട്ടി ചൂടായി കഴിയുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് ഇഞ്ചി, മുളക്, സവോള എന്നിവ യഥാക്രമം ഇട്ടു വഴറ്റുക..ഇച്ചിരി ഉപ്പ് ഇട്ട് കൊടുത്തോ പെട്ടന്ന് വഴന്നു കിട്ടും.. ചെറിയ ഗോൾഡൻ കളർ ആകുമ്പോൾ ആ അലമാരയിൽ ഇരിക്കുന്ന ചിക്കൻ മസലായിൽ കൂട്ട് അര ടീസ്പൂണ്, ആ മുളക് പൊടിയിൽ കൂട്ട് കാൽ ടീസ്പൂണ്, പിന്നെ കാൽ ടീസ്പൂണ് മഞ്ഞൾ പൊടി, കാൽ ടീസ്പൂണ് ഗരം മസാല എന്നിവ ഇട്ട് ഒന്നുകൂടി വഴറ്റുക.. നന്നായി വഴന്നുകഴിഞ്ഞ് ആ ചീനിച്ചട്ടിയോട് കൂടി എടുത്തങ്ങ് മാറ്റി വച്ചേക്കുക...
എന്നിട്ട് ഒരു പരന്ന പാൻ എടുത്ത് അടുപ്പത്ത് വയ്ക്കുക.. പാൻ ചൂടാകുന്ന സമയം കൊണ്ട് ഫ്രിഡ്ജിൽ ഇരിക്കുന്ന രണ്ട് കോഴി മുട്ട എടുക്കുക.. എന്നിട്ട് ആ രണ്ടു മുട്ടയിൽ ഒരെണ്ണം പൊട്ടിച്ച് ഒരു ചെറിയ പാത്രത്തിൽ ഒഴിക്കുക.. ഒരു നുള്ള് ഉപ്പും കൂടി ഇട്ട് നന്നായി പതപ്പിക്കുക.. എന്നിട്ട് ചൂടായ പാനിൽ വേണോങ്കി അല്പം എണ്ണ ഒഴിക്കുക.. നോൻസ്റ്റിക്ക് പാൻ ഒക്കെ ആയകൊണ്ട് എണ്ണ വേണ്ടി വരില്ല.. എന്നിട്ട് അടിച്ചു വച്ച മുട്ട പാനിൽ ഒഴിക്കുക.. നല്ല പരന്ന് കിടക്കുന്ന മുട്ട അല്പം ഒന്ന് വെന്ത് കഴിയുമ്പോൾ തീ കുറച്ചിട്ടിട്ട് നേരത്തെ ചീനിച്ചട്ടിയിൽ ഉണ്ടാക്കി വച്ച സാധനം എടുത്ത് ഈ പാനിലെ മുട്ടയുടെ മുകളിൽ വയ്ക്കുക.. ഒന്ന് പരത്തി വച്ചേരേ.. അതാ നല്ലത്.. എന്നിട്ട് രണ്ടാമത്തെ മുട്ടയും ആദ്യത്തെ മുട്ട ചെയ്തപോലെ പൊട്ടിച്ച് ഒരു നുള്ള് ഉപ്പും ഇട്ട് നന്നായി പതപ്പിച്ച് പാനിലേക്ക് ഒഴിക്കുക.. ഒഴിക്കുമ്പോൾ നമ്മൾ നിരത്തി വച്ച ആ സാധനത്തിന്റെ മുകളിൽ ആയി വേണം ഒഴിക്കാൻ.. കുറച്ചു സമയം ചെറു തീയിൽ വെന്ത് കഴിയുമ്പോൾ ഒരു ചട്ടുകം കൊണ്ട് അതൊന്ന് മറിച്ചിടുക.. ജസ്റ്റ്‌ ഒന്ന് ചൂടായി കഴിയുമ്പോൾ പാത്രത്തിലേക്ക് മാറ്റുക..
നമ്മുടെ വിഭവം റെഡി.. ഓ.. സോറി ഞാൻ ഇതിന്റെ പേര് പറഞ്ഞില്ലല്ലോ അല്ലെ.. ഇതിന്റെ പേരാണ് "മസാല ഓംലെറ്റ്"..
ഈ മസാല ഓംലെറ്റ് വേണോങ്കി ബ്രെഡിന്റെ കൂടെ കഴിക്കാം.. അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കാം.. അങ്ങനെ നിങ്ങൾക്കിഷ്ടമുള്ള എന്തിന്റേം കൂടെ കഴിക്കാം..
ആവശ്യമുള്ള സാധനങ്ങൾ ഒന്നൂടി പറയാം
കോഴിമുട്ട - 2 എണ്ണം
സവോള - ഒരെണ്ണത്തിന്റെ പകുതി
പച്ചമുളക് - 1 എണ്ണം
ഇഞ്ചി - ആവശ്യത്തിന് (optional)
എണ്ണ - ആവശ്യത്തിന്
ചിക്കൻ മസാല - 1/2 ടീസ്പൂണ്
മുളകുപൊടി - 1/4 ടീസ്പൂണ്
മഞ്ഞൾപൊടി - 1/4 ടീസ്പൂണ്
ഗരം മസാല - 1/4 ടീസ്പൂണ്
ഉപ്പ് - പാകത്തിന്

By : Bibin Jo Thomas

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post