ചമ്മന്തിക്കൂട്ടുകള്‍
By: Rajamony Kunjukunju 

നല്ലൊരു ചമ്മന്തിയുണ്ടായാല്‍ ഒരു പറ ചോറുണ്ണാം എന്ന് പഴമക്കാര്‍ പറയാറുണ്ട്‌. കഞ്ഞിയും ചമ്മന്തിയും , ചോറും ചമ്മന്തിയും, വേവിച്ച കപ്പയും ചമ്മന്തിയും ഒക്കെ മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ്. അമ്മിക്കല്ലില്‍ അമ്മ/ അമ്മൂമ്മ അരച്ച് ഉണ്ടാക്കുന്ന ചമ്മന്തിയും വാട്ടിയ വാഴയിലയില്‍ ചൂടോടെ ചോറ് പൊതിഞ്ഞു പൊതിച്ചോറുമായി സ്കൂളിലും കോളേജിലും പോയ കാലം ഇന്നും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വാഴയിലയുടെ ആ മണവും ചോറിന്റെയും കറികളുടെയും സുഗന്ധവും ചേരുമ്പോള്‍ ഉള്ള ആ അനുഭവവും, വിശന്നിരിക്കുമ്പോള്‍ പൊതിച്ചോറും ചമ്മന്തിയും മറ്റും കൂട്ടിയുള്ള ആ ഊണിനെറെ അനുഭവവും, സംതൃപ്തിയും അനിര്‍വചനീയമായ ഒരു അനുഭൂതി ആയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ, ഇന്ന് അന്യമായിരിക്കുന്നു. അന്നൊക്കെ ദീര്‍ഘ യാത്രകളിലും പോതിചോറ് ഒരു അനുഗ്രഹം ആയിരുന്നു. ഇതിലെല്ലാം ചമ്മന്തി ഒരു അവിഭാജ്യഘടകമായിരുന്നു.

കാലം കുറെ കടന്നു പോയി . ഇന്നും ചില നാടന്‍ ഹോട്ടലുകളിലും ചമ്മന്തി ഒരു വിഭവം ആയി തന്നെ ചോറിന്റെ കൂടെ ലഭിക്കാറുണ്ട്.
നക്ഷത്ര ഹോട്ടലുകളില്‍ ചോറിന്റെ കൂടെ ചമ്മന്തി കിട്ടുമോ എന്നെനിക്കറിയില്ല.എങ്കിലും പല ഹോട്ടലുകളിലും ചോറിന്റെ കറികളുടെ കൂട്ടത്തില്‍ കുറച്ചു ചമ്മന്തി കൂടി കാണാറുണ്ട്. ചമ്മന്തികളെ പ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ഒരു ശ്രമം ആണ് ഞാന്‍ ഇവിടെ നടത്തിയിരിക്കുന്നത്. വിക്കിപീഡിയയുടെ സഹായവും ഉണ്ട്

പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു. ചട്ണി, അരപ്പ് എന്നീ പേരുകളിലും ഈ വിഭവം അറിയപ്പെടുന്നു. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്ക്ക് ഉപദംശമായി ചമ്മന്തി ഉപയോഗിക്കുന്നു. വെള്ളം ചേർത്ത് അരച്ച് കുഴമ്പ്‌ പരുവത്തിലാക്കിയതും പൊടിരൂപത്തിലുള്ളതുമായ രണ്ടുതരം ചമ്മന്തികൾ കേരളത്തിൽ നിലവിലുണ്ട്. ചേർക്കേണ്ട വിഭവങ്ങളെല്ലാം പൊടിച്ചു വച്ച്, ആവശ്യാനുസരണം വെള്ളമോ എണ്ണയോ ചേർത്ത് ഉപയോഗിക്കുന്ന രീതി മലബാറിൽ നിലവിലുണ്ട്.

പണ്ടൊക്കെ എനിക്ക് പരിചയമുള്ള ചമ്മന്തികളുടെ എണ്ണം വിരലില്‍ എണ്ണാമായിരുന്നു.പക്ഷെ ഇന്ന് നമ്മുടെ വീട്ടമ്മമാരും പാചക വിദഗ്ദരും എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര തരങ്ങളില്‍ ഉള്ള ചമ്മന്തികള്‍ക്ക് രൂപം കൊടുത്തിരിക്കുന്നു. വംശ നാശം ഉണ്ടാകും എന്ന് ഭയന്ന ചമ്മന്തി ഇന്ന് വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ ഇടയില്‍ വാഴുന്നു എന്നത് വളരെ സന്തോഷകരമായ ഒരു വസ്തുത തന്നെയാണ്.

ചമ്മന്തിയുടെ ഉത്ഭവത്തെ പ്പറ്റി വിക്കിപീഡിയ പറയുന്നു. ഇന്ത്യയില്‍ ആണ് ചമ്മന്തി ഉത്ഭവിച്ചത്‌ എന്ന് കരുതപ്പെടുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ മാംസം ചേർത്ത ചമ്മന്തികൾ ഇതിലും വളരെ മുൻപ് പ്രചാരത്തിലുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.ഇതിനായി ഉപയോഗിക്കുന്ന ചേരുവകൾ എല്ലാം അമ്മിയിൽ അരച്ചും മിക്സി ഉപയോഗിച്ച് അരച്ചും ചമ്മന്തി തയ്യാറാക്കുന്നു. വെള്ളം വളരെ കുറച്ച് ഉപയോഗിച്ച് കുറുകിയ രൂപത്തിൽ ആണ് ചമ്മന്തി തയ്യാറാക്കാറ്. ചമന്തിയിൽ വെള്ളം ചേർത്ത് നേർപ്പിച്ച് കടുകു വറുത്തിട്ട രൂപത്തെ ചട്ണി എന്നു പറയുന്നു.

ചമ്മന്തി എന്ന പേരിനു പിന്നിലെ കഥ ഇങ്ങനെ .
സംസ്കൃതത്തിലെ 'സംബന്ധി' എന്ന വാക്കിൽ നിന്നാണ് മലയാളത്തിലെ 'സമ്മന്തി' അഥവാ 'ചമ്മന്തി' ഉണ്ടായത് എന്നു പറയപ്പെടുന്നു. സംബന്ധി എന്നാൽ ബന്ധപ്പെട്ടത്, പരസ്പരം
ചേർന്നത് എന്നർത്ഥം. ചേർത്തരയ്ക്കുന്നതിനാലോ ചേർത്തു പൊടിക്കുന്നതിനാലോ ആകാം "സംബന്ധി" എന്ന പേര് വന്നത്.
നമ്മള്‍ മലയാളികള്‍ "സംബന്ധിയെ" "ചമ്മന്തി " ആക്കി .

വിവിധങ്ങളായ നമ്മുടെ ചമ്മന്തികളുടെ പേരുകളും ചേരുവകളും ഒന്ന് മനസ്സിലാക്കുന്നത് രസാവഹമാണ്. തേങ്ങ ചമ്മന്തി,
തേങ്ങ പുളിച്ചമ്മന്തി, ഇഞ്ചി ചമ്മന്തി , മാങ്ങ ചമ്മന്തി
പരിപ്പ് ചമ്മന്തി, മാങ്ങയിഞ്ചി ചമ്മന്തി , പപ്പട ചമ്മന്തി
ലൂബിക്ക ചമ്മന്തി, കടലപ്പരിപ്പ് ചമ്മന്തി, മുതിര ചമ്മന്തി
നിലക്കടല ചമ്മന്തി, ഉപ്പുമാങ്ങ ചമ്മന്തി, നെല്ലിക്ക ചമ്മന്തി
ഉള്ളി ചമ്മന്തി, ഇലമ്പിക്കാ ചമ്മന്തി, തക്കാളി ചമ്മന്തി
വഴുതനങ്ങ ചമ്മന്തി, കടലപ്പരിപ്പ് ചമ്മന്തി, കശുവണ്ടി ചമ്മന്തി
ചമ്മന്തിപ്പൊടി, ഉണക്കക്കൊഞ്ച്‌ ചമ്മന്തി, പുതിന ചമ്മന്തി
മല്ലിയില ചമ്മന്തി, ചുട്ട ചമ്മന്തി, അടച്ചൂറ്റി ചമ്മന്തി
വേപ്പിലക്കട്ടി ചമ്മന്തി. അങ്ങനെ കടല്‍ പോലെ ചമ്മന്തികള്‍. ഇതൊന്നും കൂടാതെ " പെട്ടൊന്നൊന്നു കൂടി" എന്ന മറ്റൊരു ചമ്മന്തി കൂടി . പിന്നെ നാടന്‍ പാവയ്ക്ക ചമ്മന്തി, ചേനച്ചമ്മന്തി , തേങ്ങാ ചുട്ട ചമ്മന്തി , ഉണക്ക ചെമ്മീന്‍ ചമ്മന്തി . ഇത്രയും വൈവിധ്യവും രുചിയും ഉള്ള ഒരു വിഭവം ലോകത്തില്‍ വേറെ എവിടെ ഉണ്ട് !!!

ഈ ചമ്മന്തികളില്‍ ചിലത് തയ്യാറാക്കുന്ന വിധം കൂടി പറഞ്ഞു കൊണ്ട് തല്‍ക്കാലം ചമ്മന്തി ചരിത്രം ഇവിടെ അവസ്സാനിപ്പിക്കട്ടെ . പക്ഷെ ചമ്മന്തിയുടെ ചരിത്രം ഒരിക്കലും അവസ്സാനിക്കുകയില്ല , ലോകാവസ്സാനം വരെ നമ്മുടെ ചമ്മന്തി ഉണ്ടാകും കേരള വിഭവങ്ങളുടെ കൂടെ.

തേങ്ങ ചമ്മന്തി:
**********************
ചുരണ്ടിയ തേങ്ങ, പച്ചമുളകും ഉപ്പും അല്പം വെള്ളവും കൂട്ടി അരച്ചശേഷം കറിവേപ്പിലയും ഉള്ളിയും ചതച്ചു ചേർത്ത് നന്നായി യോജിപ്പിച്ചാണ് തേങ്ങ ചമ്മന്തി ഉണ്ടാക്കുന്നത്‌. മലബാറിൽ പച്ചമുളകിന് പകരം വറ്റൽ മുളകും ഉപയോഗിക്കുന്നു. ഒരു ചെറുകഷണം ഉളളിയും ചേർക്കാം

തേങ്ങ പുളിച്ചമ്മന്തി:
****************************
തേങ്ങ ചമ്മന്തിയിൽ ഒരു നെല്ലിക്കയോളം വലിപ്പത്തിൽ വാളൻപുളി കൂടി ചേർത്ത് അരയ്ക്കുന്ന ചമ്മന്തിയെ തെങ്ങ പുളിച്ചമ്മന്തി എന്ന് വിളിക്കുന്നു.

ഇഞ്ചി ചമ്മന്തി:
*********************
തേങ്ങ ചമ്മന്തി അരയ്ക്കുമ്പോൾ ഒരു കഷണം ഇഞ്ചി കൂടി ചേർത്താൽ ഇഞ്ചി ചമ്മന്തി തയ്യാറാക്കാം.

പരിപ്പ് ചമ്മന്തി:
**********************
ചെറുപയർ പരിപ്പും തേങ്ങ ചുരണ്ടിയതും കൂടി അരച്ച്, അതിനോട് വറ്റൽ മുളകും ഉപ്പും കൂടി അരച്ച മിശ്രിതം ചേർത്ത് വീണ്ടും ഉള്ളിയും കറിവേപ്പിലയും ചേർത്തരച്ചാണ് പരിപ്പ് ചമ്മന്തി തയ്യാറാക്കുന്നത്.

കടലപ്പരിപ്പ് ചമ്മന്തി:
*****************************
കുതിർത്ത കടലപ്പരിപ്പും, വറ്റൽമുളകും, ഉപ്പും കായവും കൂടി ഒതുക്കിയ തേങ്ങയുടെ കൂടെ ചേർത്തരച്ച ശേഷം ഈ മിശ്രിതം കറിവേപ്പിലയും കടുകും ചേർത്ത് എണ്ണയിൽ വറുത്താണ് കടലപ്പരിപ്പ് ചമ്മന്തി തയ്യാറാക്കുന്നത്.

മുതിര ചമ്മന്തി:
********************
പരിപ്പ് ചമ്മന്തിയിൽ ചെറുപയർ പരിപ്പിന് പകരം വേവിച്ച മുതിര ചേർത്താണ് മുതിര ചമ്മന്തി തയ്യാറാക്കുന്നത്. മുതിരച്ചമ്മന്തി പതിവായി കഴിച്ചാല്‍ കുതിരയുടെ കരുത്ത് ഉണ്ടാകും എന്ന കാര്യം കൂടി ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.

ലൂബിക്ക ചമ്മന്തി:
************************
മൂപ്പെത്തിയ ലൂബിക്ക ഉപ്പും പച്ചമുളകും ചേർത്ത് ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് ലൂബിക്ക ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഉപ്പിലിട്ട ലൂബിക്കയും പച്ചമുളകും കൂട്ടിയരച്ച് ചമ്മന്തിയാക്കാനും പറ്റിയതാണ്.

നിലക്കടല ചമ്മന്തി:
************************
പരിപ്പ് ചമ്മന്തിയിൽ കടലപ്പരിപ്പിനു പകരം നിലക്കടല ചേർത്താണ് നിലക്കടല ചമ്മന്തി തയ്യാറാക്കുന്നത്.

ഉപ്പുമാങ്ങ ചമ്മന്തി:
**************************
വെള്ളം ചേർക്കാതെ അരച്ച ഉപ്പുമാങ്ങയോടുകൂടി ഉപ്പും പച്ചമുളകും ചേർത്തരയ്ക്കുക.ഇതിൽ ഉള്ളിയും കറിവേപ്പിലയും ചതച്ചു ചേർത്താൽ ഉപ്പുമാങ്ങ ചമ്മന്തി തയ്യാറാക്കാം.പച്ചമുളകിന് പകരം വറ്റൽ മുളകും ഉപയോഗിച്ച് കാണുന്നു.

നെല്ലിക്കാ ചമ്മന്തി:
**************************
ഉപ്പും മുളകും കൂടി നന്നായി അരച്ച ശേഷം കുരുകളഞ്ഞ നെല്ലിക്കയും തേങ്ങയും കൂട്ടിവച്ച് നന്നായി അരച്ചെടുത്ത് ഉണ്ടാക്കുന്ന വിഭവത്തെ നെല്ലിക്ക ചമ്മന്തി എന്ന് പറയുന്നു.നെല്ലിക്ക ചമ്മന്തി കുറുക്കി കടുക് വറുത്ത് കൂട്ടാനായും ഉപയോഗിക്കാറുണ്ട്.

അടച്ചൂറ്റിചമ്മന്തി:
***********************
അടപ്പുപലകയിലുണ്ടാക്കുന്ന ചമ്മന്തി അടച്ചൂറ്റിചമ്മന്തി എന്നറിയപ്പെടുന്നു. ചുവന്നുള്ളി, കാന്താരിമുളക്, വാളൻപുളി, ഉപ്പ് എന്നിവ പലകയിൽ വച്ച് കൈ കൊണ്ട് നന്നായി ഞെരുടി വെള്ളവും ശേഷം പച്ച വെളിച്ചെണ്ണയും ചേർത്താണ് അടച്ചൂറ്റി ചമ്മന്തി ഉണ്ടാക്കുന്നത്. പുഴുക്ക് ഭക്ഷണം (ചേമ്പ്, കപ്പ, ചേന) സാധാരണമായിരുന്ന പഴയ പഞ്ഞ കാലങ്ങളിൽ കർ‍ഷകരുടെ പ്രിയ വിഭവമായിരുന്നു അടച്ചൂറ്റിയിൽ പെട്ടെന്നുണ്ടാക്കുന്ന അടച്ചൂറ്റിച്ചമ്മന്തി. ഇന്നും പുഴുക്ക് കഴിക്കാന്‍ ഏറ്റവും നല്ലത് ഈ ചമ്മന്തി തന്നെ സംശയമില്ല .

പുളിയിലച്ചമ്മന്തി:
************************
പുളിമരത്തിന്റെ ഇല ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയാണ് പുളിയിലച്ചമ്മന്തി. പുളിയില, കാന്താരി, തേങ്ങ, ഉള്ളി, ഉപ്പ്, എന്നിവ ചേർത്ത് അരച്ച് വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുത്താണ് ഇത് തയ്യാറാക്കുന്നത്.

മാങ്ങയിഞ്ചി ചമ്മന്തി:
***************************
ചുരണ്ടിയ തേങ്ങയും പച്ചമുളകും ഉപ്പും ചുവന്നുള്ളിയും മാങ്ങയിഞ്ചിയും ചേർത്ത് അരച്ച് മാങ്ങയിഞ്ചി ചമ്മന്തി തയ്യാറാക്കാം.

വേപ്പിലക്കട്ടി:
*******************
വടുകപ്പുളി നാരകത്തിന്റെ ഇല (വലിയ നാരു കളഞ്ഞത്) കുറച്ച് കറി വേപ്പിലയും മല്ലിയിലയും ഉപ്പും ചേർത്ത് ഉരലിലിട്ട് ഇടിക്കുക. പൊടിഞ്ഞ് തുടങ്ങുമ്പോൾ വറ്റൽ‌ മുളകും കായവും ചേർത്ത് വീണ്ടും ഇടിക്കുക. വേണമെങ്കിൽ അൽപ്പം നാരങ്ങാ നീരോ പുളിയോചേർക്കാം.

പപ്പട ചമ്മന്തി:
******************
ചുവന്നുള്ളിയും കുത്തിപ്പൊടിച്ച വറ്റൽ‌ മുളകു പൊടിയും (തീരെ പൊടിയാകരുത്) ഉപ്പും അല്പം വാളൻ പുളിയും (വേണെമെങ്കിൽ) ചുട്ട പപ്പടവും ചേർത്ത് ചതച്ചെടുത്ത് കുറച്ച് പച്ച വെളിച്ചെണ്ണയും ചേർത്ത് തിരുമ്മിയാൽ പപ്പട ചമ്മന്തി തയ്യാർ.

ഉള്ളി ചമ്മന്തി:
*******
ഉള്ളി പ്രധാന ചേരുവയായി ചേർത്ത് ഉണ്ടാക്കി പച്ചയായി കഴിയ്ക്കുന്ന ഒരു ചമ്മന്തിയാണിത്.

ചേരുവകൾ:
ചുവന്നുള്ളി - 2 കപ്പ്
വറ്റൽ മുളക്- 8 എണ്ണം
വാളൻപുളി- നെല്ലിക്കാ വലിപ്പത്തിൽ
ഉപ്പ്- ആവശ്യത്തിനു
വെളിച്ചെണ്ണ- 2 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം
ഉള്ളിയും,വറ്റൽമുളകും ഒരു ടീ സ്പൂൺ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. പിന്നീട് ഉപ്പും ,പുളിയും ചേർത്ത് അരച്ചെടുത്ത് ഒരു ടീ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഉപയോഗിയ്ക്കാം.

മല്ലിയില ചമ്മന്തി:
************************
മല്ലിയില പ്രധാന ചേരുവയായി ചേർത്ത് ഉണ്ടാക്കി അരച്ചെടുത്ത് കഴിയ്ക്കുന്ന ഒരു ചമ്മന്തിയാണിത്.

ചേരുവകൾ
മല്ലിയില- അര(2/1) കപ്പ്
തേങ്ങ ചിരകിയത്- 1 കപ്പ്
പച്ച മുളക്- 7 എണ്ണം
വാളൻപുളി- ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തിൽ
ഉപ്പ്- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം:
എല്ലാ ചേരുവകളും കൂടി നന്നായി ചേർത്ത് അരച്ചെടുത്ത് ഉപയോഗിയ്ക്കാം.

"പെട്ടൊന്നൊന്നു കൂടി" - ചമ്മന്തി
*********************************************
തേങ്ങ നല്ലതുപോലെ പൊടിയായി തിരുമമുക. അതിലേക്ക് മൂന്ന് നാലോ ചെറിയ ഉളളി പൊടിയായി അരിഞ്ഞിടുക.കുറച്ച് മുളകുപൊടിയും, പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കൈ കൊണ്ട് തിരുമ്മി എടുക്കുക. ചോറിന്റെ കൂടെ കഴിക്കാന്‍ നല്ല ഒരു ചമ്മന്തി തയാർ

അമ്മിക്കല്ലിലോ മിക്സിയിലോ അരക്കാതെ തന്നെ വളരെ പെട്ടെന്ന് ചമ്മന്തി തയ്യാറാക്കാം എന്നതാണ് ഈ ചമ്മന്തിയുടെ പ്രത്യേകത

ചെമ്മീന്‍ ചമ്മന്തി
************************
ഇത് വരെ നമ്മള്‍ പരിചയപ്പെട്ടത്‌ തനി വെജിറ്റേറിയന്‍ ചമ്മന്തികള്‍ ആയിരുന്നു. നോണ്‍ വെജിറ്റേറിയന്‍ ചമ്മന്തി വേണമെന്നുള്ളവര്‍ക്ക് പറ്റിയ ഒരു ചമ്മന്തി ആണ് ചെമ്മീന്‍/ കൊഞ്ച് ചമ്മന്തി

ചേരുവകള്‍:
ചെമ്മീന്‍ തൊലികളഞ്ഞത് (വലുത്) 10 എണ്ണം, നാളികേരം (ചിരകിയത്) 1 കപ്പ്, മുളക് ചുവന്നത് 6 എണ്ണം, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്, മല്ലിയില (അരിഞ്ഞത്) അരടീസ്പൂണ്‍, തക്കാളി (അരിഞ്ഞത്) ഒരു ടീസ്പൂണ്‍, വാളന്‍പുളി 10 ഗ്രാം, വെളുത്തുള്ളി 3 അല്ലി, വെളിച്ചെണ്ണ ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം:
ചെമ്മീന്‍ അധികം ഉറപ്പാകാത്ത രീതിയില്‍ വെളിച്ചെണ്ണയില്‍ താളിച്ച് മാറ്റിവെക്കുക. നാളികേരം ചിരകിയത്, മുളക് എന്നിവ ചീനച്ചട്ടിയില്‍ വഴറ്റിയെടുക്കുക. ചെമ്മീന്‍ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിക്കുക. ഒതുങ്ങിവന്നാല്‍ നാളികേരം, തക്കാളി, മല്ലിയില, കറിവേപ്പില, ഉപ്പ്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. വെളിച്ചെണ്ണ തൂവി അതില്‍ അല്പം കുരുമുളക് പൊടിയും ചേര്‍ത്താല്‍ അതിരുചികരമായ ചെമ്മീന്‍ ചമ്മന്തി റെഡി .

പൊതിനച്ചമ്മന്തി:
*************************
ഫ്രൈഡ് റൈസിന്റെയും ബിരിയാണിയുടെയും ഒരു സൈഡ് ഡിഷ്‌ . വിനാഗിരി ഒഴിച്ച ചമ്മന്തി കിട്ടിയാല്‍ അതുമാത്രം മതി ഒരു പറ ചോറോ ബിരിയാണിയോ കഴിക്കാന്‍

ചേരുവകള്‍:
നാളികേരം (ചിരകിയത്)രണ്ടുകപ്പ്, പൊതിനയില (അരിഞ്ഞത്)ഒരു ടേബിള്‍ സ്പൂണ്‍, മല്ലിയിലഅര ടീസ്പൂണ്‍, കറിവേപ്പില (അരിഞ്ഞത്)അര ടീസ്പൂണ്‍, പുളി (വാളന്‍)10 ഗ്രാം, ഉപ്പ്ആവശ്യത്തിന്, വിനാഗിരിരണ്ട് ടീസ്പൂണ്‍, പച്ചമുളക്ആറെണ്ണം, വെളുത്തുള്ളി നാല് അല്ലി.

തയ്യാറാക്കുന്ന വിധം:
നാളികേരം ചിരകിയത് പച്ചമുളകിട്ട് മിക്‌സിയില്‍ നന്നായി ഒതുക്കിയെടുക്കുക. അതില്‍ പൊതിനയില, മല്ലിയില, കറിവേപ്പില, പുളി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. മിക്‌സിയില്‍നിന്ന് പാത്രത്തിലേക്ക് പകര്‍ന്നശേഷം വിനാഗിരി ചേര്‍ത്തിളക്കുക. പൊതിനച്ചമ്മന്തി തയ്യാര്‍ .

തക്കാളിച്ചമ്മന്തി:
***********************
ശ്രീലങ്കക്കാര്‍ ടൊമാറ്റോ സോസ് ചേര്‍ത്താണ് ഇത് തയ്യാറാക്കുക. എന്നാല്‍, നമുക്ക് തക്കാളി ചേര്‍ത്ത് ഇത് തയ്യാറാക്കാം:

ചേരുവകള്‍:
തക്കാളി പഴുത്തത്‌ രണ്ട് എണ്ണം, കുരുമുളക് (മണി)ഒരു ടീസ്പൂണ്‍, പച്ചമുളക്‌രണ്ട് എണ്ണം, നാളികേരംരണ്ട് കപ്പ്, കറിവേപ്പിലഅര ടീസ്പൂണ്‍, വെളുത്തുള്ളിനാല് അല്ലി, മല്ലിയില (അരിഞ്ഞത്)അര ടീസ്പൂണ്‍, ഉപ്പ്, വെളിച്ചെണ്ണആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം:
തക്കാളി ചെറുതായി അരിയുക. നാളികേരം, തക്കാളി, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ്, മല്ലിയില, കുരുമുളക് എന്നിവ നന്നായി അടിച്ചെടുക്കുക (നന്നായി അരഞ്ഞുപോകരുത്). കറിവേപ്പിലയും വെളിച്ചെണ്ണയും കുറച്ച് ചേര്‍ത്ത് ചാലിച്ചെടുത്താല്‍ തക്കാളിച്ചമ്മന്തി തയ്യാര്‍.

നെല്ലിക്കച്ചമ്മന്തി:
***********************
ചേരുവകള്‍:
പച്ചനെല്ലിക്ക10 എണ്ണം, കാന്താരിമുളക്20 എണ്ണം, പുളി10 ഗ്രാം, നാളികേരംഒരു കപ്പ്, കറിവേപ്പില (അരിഞ്ഞത്)അര ടീസ്പൂണ്‍, മല്ലിയില (അരിഞ്ഞത്) അര ടീസ്പൂണ്‍, വെളുത്തുള്ളി മൂന്ന് അല്ലി, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്.

തയ്യാറാക്കുന്നവിധം
നെല്ലിക്ക കുറച്ചു വെള്ളത്തില്‍ ചൂടാക്കിയെടുക്കുക. അത് കുരു കളഞ്ഞശേഷം മിക്‌സിയില്‍ ഒതുക്കുക. ഒതുങ്ങിയ നെല്ലിക്കയില്‍ കാന്താരിമുളക്, ഉപ്പ്, നാളികേരം, പുളി, മല്ലിയില, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. അത് മിക്‌സിയില്‍ നിന്ന് മാറ്റി അല്പം വെളിച്ചെണ്ണ ചാലിച്ചാല്‍ നെല്ലിക്കച്ചമ്മന്തി റെഡി.

വെളുത്തുള്ളിച്ചമ്മന്തി:
******************************
ദഹനത്തിന് വളരെ നല്ലതാണ് ഈ ചമ്മന്തി. വെളുത്തുള്ളി മാത്രം ഉപയോഗിച്ച് ചമ്മന്തി തയ്യാറാക്കാം. ഈ ചമ്മന്തിയില്‍ തേങ്ങ ഉപയോഗിക്കുന്നില്ല എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

ചേരുവകള്‍
വെളുത്തുള്ളി 15 അല്ലി, പുളി 20 ഗ്രാം, ചെറിയ ഉള്ളി 10 ഗ്രാം, പച്ചമുളക് 4 എണ്ണം, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കുന്നവിധം
വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ഉപ്പ് ചേര്‍ത്ത് ചതച്ചെടുക്കുക. കറിവേപ്പില, പുളി എന്നിവ കൂടി ചേര്‍ത്ത് ചതച്ച ചമ്മന്തിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉപയോഗിക്കാം.

കടലച്ചട്ണി
****************
തേങ്ങയ്ക്ക് പകരം പല ഹോട്ടലുകളിലും തയ്യാറാക്കുന്ന ഒരു ചമ്മന്തിയാണിത്.

ചേരുവകള്‍:
പരിപ്പുകടല (പൊട്ട്കടല) ഒരു കപ്പ്, പച്ചമുളക് 4 എണ്ണം, ഇഞ്ചി ഒരു കഷ്ണം, ഉപ്പ് ആവശ്യത്തിന്, മഞ്ഞള്‍പ്പൊടി ഒരു നുള്ള്, കറിവേപ്പില ആവശ്യത്തിന്, കടുക് ഒരു ടീസ്പൂണ്‍, വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
പരിപ്പുകടല മൂന്നു മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്തുവെക്കുക. കുതിര്‍ത്ത കടലപ്പരിപ്പ് പച്ചമുളക് ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ഇഞ്ചി എന്നിവ ചേര്‍ത്ത് അടിച്ചെടുത്ത ചട്ണി കടുക് വറുത്ത് വെള്ളം ചേര്‍ത്ത് തിളപ്പിച്ചാല്‍ കടലച്ചട്ണി തയ്യാറായി. ആവശ്യത്തിനു കറിവേപ്പില ചേര്‍ക്കുന്ന കാര്യം മറക്കരുത്.

മാങ്ങാച്ചമ്മന്തി
*********************
ചേരുവകള്‍:
പുളിയുള്ള പച്ചമാങ്ങ കഷ്ണങ്ങള്‍ ആക്കിയത് ഒരു കപ്പ്, തേങ്ങ (ചിരകിയത്) ഒന്നരക്കപ്പ്, പച്ചമുളക് 5 എണ്ണം, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്, ഇഞ്ചി ഒരു കഷ്ണം, വെളുത്തുള്ളി
3 അല്ലി

തയ്യാറാക്കുന്നവിധം:
തേങ്ങ ചിരകിയത് , പച്ചമാങ്ങ, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക ഇങ്ങനെ അരച്ചെടുത്ത ചമ്മന്തിയില്‍ വെളിച്ചെണ്ണ കൂടി ചേര്‍ക്കാം.

അയല പപ്പടം ചമ്മന്തി
******************************
ചേരുവകള്‍:
അയല ഉപ്പിട്ട് വേവിച്ച് മുള്ള് കളഞ്ഞത്‌ രണ്ടെണ്ണം, തേങ്ങ ചിരകിയത് ഒരു കപ്പ്, ചുവന്ന മുളക് അഞ്ചെണ്ണം, ചെറിയ ഉള്ളി നാല് അല്ലി, പപ്പടം (വറുത്തത്) നാലെണ്ണം, ഉപ്പ്, കറിവേപ്പില ആവശ്യത്തിന്, മഞ്ഞള്‍പ്പൊടി ഒരു നുള്ള്.

തയ്യാറാക്കുന്ന വിധം:
തേങ്ങ ചിരകിയത് , ചുവന്ന മുളക്, ചെറിയുള്ളി, കറിവേപ്പില എന്നിവ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. അതില്‍ മുള്ളുകളഞ്ഞ അയല ചേര്‍ത്ത് വീണ്ടും മിക്സിയില്‍ അടിക്കുക . വറുത്തുവെച്ച പപ്പടം ചെറിയ പൊടിയാക്കി ചേര്‍ത്ത് നന്നായി ഇളക്കിയശേഷം കറിവേപ്പില വറുത്തിട്ട് ഉപയോഗിക്കാം .

ഉണക്കച്ചെമ്മീന്‍ പൊടി ചമ്മന്തി
******************************************
ചേരുവകള്‍:
ഉണക്കച്ചെമ്മീന്‍പൊടി ഒരു കപ്പ്, തേങ്ങ (ചിരകിയത്) ഒന്നര കപ്പ്, മുളക് (ചുവന്നത്) അഞ്ചെണ്ണം, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്, പുളി (വാളന്‍)10 ഗ്രാം.

തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയില്‍ ചെമ്മീന്‍പൊടി വറുക്കുക. അതില്‍ ചുവന്ന മുളകും തേങ്ങ ചിരകിയതും ചേര്‍ത്ത് ചൂടാക്കിയെടുക്കുക. വാളന്‍പുളിയും കറിവേപ്പിലയും ചേര്‍ത്ത് ചെമ്മീന്‍പൊടി നന്നായി ഒതുക്കിയെടുത്ത് അതില്‍ വെളിച്ചെണ്ണ ചാലിച്ചെടുത്താല്‍ അതി രുചികരമായ ഉണക്ക ചെമ്മീന്‍ പൊടി ചമ്മന്തി റെഡി. ഈ ചമ്മന്തിയുണ്ടെങ്കില്‍ മറ്റു കറികള്‍ ഒന്നും ഇല്ലാതെ തന്നെ ഒരു പറ ചോറ് വേണമെങ്കിലും
നമുക്ക് കഴിക്കാം .

ചുട്ടരച്ച ചമ്മന്തി
**********************
ഒരു തനി നാടന്‍ ചമ്മന്തിയാണിത് . നാളികേരവും മുളകും ചുട്ടതാണ് ഇതില്‍ ചേര്‍ക്കുന്നത്. ചുട്ട തേങ്ങയും മുളകും ആണ് ഇതിന്റെ
ചേരുവകള്‍
ഒരു തേങ്ങാ പൂള്‍ , ചുവന്ന മുളക് ആറെണ്ണം, പുളി (വാളന്‍)10 ഗ്രാം, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിന്.

തയ്യാറാക്കുന്നവിധം
തേങ്ങാ പൂളും മുളകും കനലില്‍ ചുട്ട് എടുക്കുക..ഇതിന്റെ കൂടെ പുളിയും ഉപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുത്താല്‍ ചുട്ടരച്ച ചമ്മന്തി റെഡി. വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കുക.

ഉണക്കനെല്ലിക്ക - കുരുമുളക് ചമന്തി
***********************************************
ചേരുവകള്‍
ഉണക്കനെല്ലിക്ക എട്ടെണ്ണം, കുരുമുളക് (പച്ച)ഒരു ടേബിള്‍സ്പൂണ്‍, തേങ്ങാ ചിരകിയത് അരക്കപ്പ്, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിന്.

തയ്യാറാക്കുന്നവിധം
ഉണക്കനെല്ലിക്ക വെള്ളത്തിലിട്ട് കുതിര്‍ത്തിയെടുക്കുക. കുതിര്‍ത്ത ഉണക്കനെല്ലിക്കയും കുരുമുളകും മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. അതില്‍ ചിരകിയ തേങ്ങ , ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക . വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം.


Source of Pic : Raxa Collective

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post