ഓറഞ്ച് ബ്രെഡ്‌( Orange Bread)
By : Saritha Anoop
ബേക്ക് ചെയ്യാന്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ബ്രെഡ്‌ ആണ്..ബ്രെഡ്‌ ബേക്ക് ചെയ്യുമ്പോള്‍ വീട് മുഴുവന്‍ നല്ല മണം നിറയും..ആ മണമടിക്കുമ്പോള്‍ കുഞ്ഞുന്നാളില്‍ അടുത്തുള്ളൊരു ബേക്കറിയില്‍ നിന്ന് ബ്രെഡ്‌ മേടിക്കുന്നത് ഓര്‍മ വരും.ആ മണമടിക്കാന്‍ വേണ്ടി മാത്രം ബ്രെഡ്‌ ഉണ്ടാക്കാന്‍ തോന്നാറുണ്ട്. ബോര്‍മയുള്ള ബേക്കറിയുടെ അടുത്ത് കൂടെ പോയിട്ടുള്ളവര്‍ക്കൊക്കെ അറിയാം ആ മണം എത്ര ആകര്‍ഷകമാണെന്ന്..അവിടെ നിന്നുള്ള ഫ്രെഷ് ബ്രെഡും ചിക്കന്‍ കറിയും നല്ല കോമ്പിനേഷനായിരുന്നു..അല്ലെങ്കിലും ഫ്രെഷ് ബ്രെഡിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്..അപ്പോള്‍ നമുക്കൊരു സ്പെഷ്യല്‍ ബ്രെഡ്‌ ഉണ്ടാക്കിയാലോ.

മൈദ - 2 1/2 cup
ഉപ്പ് - 1/2 tsp
മുട്ട - 1
പാല്‍ - 1/2 cup
പഞ്ചസാര-6 tbs
യീസ്റ്റ് -1 tsp
ടൂട്ടി ഫ്രൂട്ടി- ആവശ്യത്തിന്
ഓറഞ്ച് ജ്യൂസ്- ഒരു ഓറഞ്ചിന്റെ

1/2 cup ചെറുചൂട് പാലില്‍ യീസ്റ്റും 2 tsp പഞ്ചസാരയും ചേര്‍ത്ത് ആക്ടീവ് ആകാന്‍ വെക്കുക.
ഒരു വലിയ ബൌളില്‍ മൈദ എടുത്ത് നടുക്കൊരു കുഴിയുണ്ടാക്കി മുട്ട അതിലേക്ക് പൊട്ടിചൊഴിക്കുക. പഞ്ചസാരയും ഉപ്പും സൈഡിലായി വിതറുക..കൈ ഇട്ടൊന്നു ഇളക്കി മുട്ട ഉടച്ച് യീസ്റ്റും ചേര്‍ത്ത് പതിയെ യോജിപ്പിക്കുക..ഇനി .ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാവ് തയാറാക്കുക. പകുതി ഓറഞ്ചിന്‍റെ തൊലി ചുരണ്ടിയതും (orange zest )ചേര്‍ക്കാം..വെള്ള ഭാഗം വരാതെ ഗ്രേറ്റ് ചെയ്തെടുക്കണം.
ഇനി മാവ് ബൌളില്‍ നിന്നും മാറ്റി മൈദ തൂകി നന്നായി കുഴച്ചെടുക്കണം. മാവ് ഒട്ടുന്നുണ്ടെങ്കില്‍ കുറേശ്ശെയായി മൈദ തൂവി കുഴക്കാം മാവിന്റെ ഒരു സൈഡില്‍ ഇടത്തെ കൈ കൊണ്ടൊന്ന് പിടിച്ച് വലത്തെ കൈയുടെ താഴത്തെ ഭാഗം( heel) കൊണ്ട് മാവ് നമ്മളുടെ എതിര്‍വശത്തേക്ക് ബലമായി തള്ളുക..ഇനി പുറകിലേക്ക് ഉരുട്ടിയെടുത്ത്‌ വീണ്ടും അങ്ങനെ ചെയ്യുക.. 8-10 മിനിട്ട് അങ്ങനെ ചെയ്ത് അതൊന്നു പരത്തി അതില്‍ ടൂട്ടി ഫ്രൂട്ടി വിതറി വീണ്ടും കുഴച്ച് എല്ലാ ഭാഗത്തും ആക്കുക. ഇനി ബൌളില്‍
മയം പുരട്ടി അതില്‍ മാവ് വെച്ച് ഒരു വൃത്തിയുള്ള ടൌവ്വല്‍ കൊണ്ട് മൂടി ഇരട്ടി വലുപ്പമാകുന്ന വരെ വെക്കുക. 1-2 മണിക്കൂര്‍
മാവ് പൊങ്ങി ഇരട്ടി വലിപ്പമാകുമ്പോള്‍ മുഷ്ടി ചുരുട്ടി ഇടിച്ച് താഴ്ത്തി 4 ആയി മടക്കി എടുത്ത് ഒന്ന് കൂടി മൃദുവായി കുഴച്ച് ബ്രെഡിന്‍റെ ഷേപ്പിലാക്കി ലോഫ് ടിന്നില്‍ വെണ്ണ/ നെയ്യ് തടവി അതിലേക്ക് മാവ് വെച്ച് ടൌവ്വല്‍ കൊണ്ട് കവര്‍ ചെയ്ത് വീണ്ടും മാവ് ഇരട്ടിയാകും വരെ വെക്കുക.
ഇനി മാവിന് മുകളില്‍ പതപ്പിച്ച മുട്ടയോ ഉരുക്കിയ വെണ്ണയോ ബ്രഷ് ചെയ്ത് 200 dc പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 30- 35 മിനിട്ട് ബേക്ക് ചെയ്യുക.
*** മാവ് കുഴക്കല്‍ (kneading )വളരെ പ്രധാനപ്പെട്ട സ്റ്റെപ് ആണ്..ബ്രെഡിന്റെ കറക്റ്റ്‌ സ്ട്രെക്ച്ചര്‍ കിട്ടാന്‍ സഹായിക്കുന്നത് ഈ കുഴക്കലാണ്..ഇത് ഗ്ലൂട്ടിന്‍ ഡെവലപ്മെന്റിനു സഹായിക്കുന്നു..ഗ്ലൂട്ടിന്‍ ബ്രെഡ്‌ സോഫ്ടും കനം കുറഞ്ഞതും ആക്കുന്നു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post