ഷാപ്പിലെ ഇറച്ചിക്കറി
By:Motta Thalayan

ചേരുവകള്‍

മാട്ടിറച്ചി 1 കിലോ
തേങ്ങ ചിരണ്ടിയത്‌ ഒരു മുറി
തേങ്ങ നുറുക്കിയത്‌ 3 റ്റീസ്പൂണ്‍
മല്ലിപ്പൊടി 3 റ്റീസ്പൂണ്‍
വറ്റല്‍ മുളക്‌ 5 എണ്ണം/രുചിക്ക്‌
പച്ചമുളക്‌ 5 എണ്ണം/രുചിക്ക്‌
കുരുമുളക്‌ അര റ്റീസ്പൂണ്‍/രുചിക്ക്‌
ഇറച്ചി മസാല ഒരു റ്റീസ്പൂണ്‍
(മസാലപ്പൊടിക്കു പകരം മസാലക്കൂട്ടുപയോഗിച്ചാല്‍ നല്ലതാവും)
മഞ്ഞള്‍ പോടി അര റ്റീസ്പൂണ്‍
ചെറിയ ഉള്ളി കാല്‍ കിലോ
വെളുത്തുള്ളി 10 അല്ലി
ഇഞ്ചി ഒരിഞ്ച്‌ നീളത്തില്‍
കറിവേപ്പില 2 തണ്ട്‌
കടുക്‌ ഒരു റ്റീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം.

സാധനങ്ങളെല്ലാം അടുപ്പിച്ച്‌ വെച്ച്‌ ഒരു കുപ്പിയുടെ പിടലിക്കു പിടിക്കുക.

കഴുകി വച്ച ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക.
ചുരണ്ടിയ തേങ്ങയും വറ്റല്‍ മുളകും കട്ടിയുള്ള ഒരു ചട്ടിയില്‍ ചെറു തീയില്‍ ഒരു റ്റീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച്‌ വറുത്തു തുടങ്ങുക. നല്ലോണ്ണം ഇളക്കണം.

തേങ്ങ സ്വര്‍ണ്ണ നിറം വിട്ട്‌ ബോണ്‍വിറ്റ പോലാകും മുന്‍പ്‌ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍കണം. ബോണ്‍വിറ്റ പോലെ ആയാല്‍, തീ കെടുത്തുക, മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട്‌ കറിവേപ്പില എന്നിവ്‌ ചേര്‍ത്ത്‌ ഇളക്കുക. ചട്ടിയുടെ കട്ടിയനുസരിച്ച്‌ കൂടുതല്‍ സമയം ഇളക്കണം. ഒന്നു തണുത്തതിനു ശേഷം അധികം വെള്ളമൊഴിക്കാതെ മയത്തില്‍ അരച്ചെടുക്കുക.

കുപ്പിയുടെ കഴുത്തില്‍ വീണ്ടും പിടിക്കുക.

ചട്ടിയില്‍ എണ്ണയൊഴിച്ച്‌ അത്ര ചെറുത്താക്കാത്ത ഉള്ളിയും പച്ചമുളകും വറുത്ത്‌ സ്വര്‍ണ്ണ നിറമാകുമ്പോള്‍ ചട്ടിയുടെ വശത്തേക്കു നീക്കി വച്ച്‌ ഊറി വരുന്ന എണ്ണയില്‍ കടുക്‌ പൊട്ടിക്കുക, ഒരു തണ്ട്‌ കറിവേപ്പിലയും, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയും അരച്ചു വച്ചിരിക്കുന്ന തേങ്ങയും നുറുക്കി വച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന്‌ ഉപ്പും ഒരു ഗ്ലാസ്സ് (ആവശ്യത്തിന്) വെള്ളവും ചേര്‍ത്തിളക്കുക. പ്രഷര്‍ കുക്കറില്‍ കിടക്കുവാന്‍ യോഗമില്ലാത്ത ഇറച്ചിയാണങ്കില്‍ ഒരു അര മുക്കാല്‍ മണിക്കൂറില്‍ വേകും. ചോറിനോ കപ്പയ്ക്കോ ആണങ്കില്‍ അല്‍പ്പം ചാറ്‌ നിര്‍ത്താം. കുപ്പിയുടെ കഴുത്തില്‍ നിന്ന് വിടുവാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ വെള്ളം നല്ലപോലെ വറ്റിച്ചെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post