Image may contain: food, text that says "ചിക്കൻ ലോലിപോപ്പ് ബിരിയാണി അടുക്കള © Ammachiyude Adukkala www. www.ammachiyudeadukkala.in"
By: Vinu Nair..
*
*
കൃത്യം നാല് വർഷത്തിനു മുന്പുള്ള എന്റെ പിറന്നാൾ ദിനം ,(ഇന്നലെ പിറന്നാളായിരുന്നു,അതാണ്‌ പെട്ടന്ന് ഈ റെസിപ്പി ഓർത്തത്.. smile emoticon ) അന്നാണ് ഈ സംഭവത്തിന്റെ ഉത്ഭവം ,ഈ ഐറ്റം നിങ്ങൾ ലോകത്ത് ഒരു വീട്ടിലും ഹോട്ടലിലും ഗൂഗിളിലും തിരഞ്ഞാൽ കിട്ടില്ല(എന്റെ അറിവിൽ ഇല്ല.. tongue emoticon ) ..കാരണം ഇതെന്റെ സ്വന്തം തലയിൽ മാത്രമേ ഉള്ളു .ചക്ക വീണപ്പോൾ മുയല് ചത്തു , ആപ്പിള് വീണപ്പോ ന്യൂട്ടൻറ്റെ തലയിൽ ലഡ്ഡു പൊട്ടി എന്നൊക്കെ പറയില്ലേ അത് പോലെ വീണു കിട്ടിയ ഒരു സൂപ്പർ ഡ്യൂപ്പർ ബിരിയാണി ..കഴിഞ്ഞുപോയ ബെർത്ത്‌ ഡേയുടെ ഓർമ്മ പുതുക്കാൻ വേണ്ടിയാണു ഇന്നിത് ഉണ്ടാക്കിയത് ,കൂട്ടത്തിൽ നിങ്ങളെ ഒക്കെ ഒന്ന് കാണിക്കാം എന്ന ഉദ്ദേശവും ..അപ്പോൾ നാല് വർഷം മുന്പത്തെ ആ സംഭവത്തിലേക്ക് കടക്കാം. ..
*
*
,പിറന്നാൾ ദിവസം ഉച്ചക്ക് വീട്ടിൽ നിന്നും പായസം കൂട്ടി സദ്യയൊക്കെ ഉണ്ട് ഒന്നുറങ്ങി വൈകിട്ട് കൂട്ടുകാരുമൊത്ത് കറങ്ങാൻ ഇറങ്ങി , ഒരു കോടീഹീശ്വരൻ മൊതലാളിയുടെ താന്തോന്നിയായ ഏക മകൻ,എന്റെ സുഹുർത്ത് ചന്തു ,കക്ഷിയുടെ വീട്ടിലേക്കാണ് ചെന്നെത്തിയത് ,,തിരുവനന്തപുരം ജില്ലയിലെ ഒരു പ്രാന്തപ്രദേശമാണ് ലൊക്കേഷൻ ,അൽപ്പം തെക്കൻ കാറ്റൊക്കെ വീശുന്ന സ്ഥലം .. എല്ലാരും നല്ല ജോളി മൂഡ്‌ ... അൽപ്പം എന്ജോയ്മെന്റ്റ് ചെയ്തു കളയാമെന്ന് വച്ചു ..ഫുഡ് പുറത്ത് നിന്നും വാങ്ങാമെന്നു ഒരു കൂട്ടം ,അത് വേണ്ട നമുക്ക് തന്നെ ഉണ്ടാക്കാം എന്ന് ചിലർ ... ചിക്കനും അരിയും വാങ്ങിയാൽ നല്ല ബിരിയാണി ഉണ്ടാക്കി തരാമെന്ന് ഞാനും ..എന്റെ തീരുമാനം എല്ലാവരും കയ്യടിച്ചു പാസാക്കി , ഒരു ആന്ധ്രാ സ്റ്റൈൽ ബിരിയാണി തട്ടിക്കൂട്ടാം എന്ന് ഞാൻ വിചാരിച്ചു,വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതി കൊടുത്തു വിട്ടു ... രണ്ടു പേര് അതിനായി പോകുകയും ചെയ്തു ,
:
ഞങ്ങൾ അവരെയും കാത്ത് അങ്ങനെ ഇരിക്കുമ്പോൾ അതാ വരുന്നു പോയവരുടെ ഫോണ്‍ വിളി ..അളിയാ ചതിച്ചു , ചിക്കൻകട തുറന്നിട്ടില്ല , ഇനി ചിക്കൻ വാങ്ങാൻ ഏകദേശം 4-5 കിലോമീറ്റർ പോകേണ്ടി വരും എന്ന് ... എല്ലാവരും മൂഡ്‌ ഔട്ട്‌ ആയി അങ്ങനെ നിൽക്കുമ്പോൾ ആണ് കുട്ടപ്പന്റെ മൊട്ടത്തലയിൽ ഒരു ഉഗ്രൻ ഐഡിയ മുളച്ചത് ... ഏകദേശം ഒന്നര കിലോമീറ്റർ പോയാൽ അവന്റെ ചേട്ടൻ ജോലി ചെയ്യുന്ന റിസോർട്ട് ഉണ്ട് ,അവിടെ കിച്ചണിൽ ചിക്കൻ കാണും എന്ന്, ഒട്ടും വൈകീല ,ഒരു സംഘം കുട്ടപ്പന്റെ നേതൃത്വത്തിൽ റിസോർട്ട് ലക്ഷ്യമാക്കി നീങ്ങി ,അപ്പോഴേക്കും പച്ചക്കറികളും അരിയും മറ്റും എത്തി ,കഴുകലും അരിയലും ഒക്കെ ഞാൻ തുടങ്ങി ...കുറച്ചു കഴിഞ്ഞു അതാ വരുന്നു വിജയശ്രീലാളിതരായ കുട്ടപ്പന്റെ സംഘം ,കയ്യിൽ ഒരു വലിയ പൊതിയും ,ഒരു വളിച്ച ചിരിയുമായി കുട്ടപ്പൻ എനിക്ക് നേരെ പൊതി വച്ച് നീട്ടി .. ഞാൻ വാങ്ങി തുറന്നപ്പോൾ ഒന്ന് ഞെട്ടി .... സംഭവം ചിക്കന്റെ ലോലിപോപ്പ് പീസാണ് ,അത് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു പോലും ... എന്റെ പ്ലാനിംഗ് മുഴുവൻ തെറ്റി,ഒരു ബിരിയാണി ആകുമ്പോൾ എല്ലാ തരം പീസുകളും ഇല്ലെങ്കിൽ എങ്ങനാ? ഇത് വച്ച് ബിരിയാണി ഉണ്ടാക്കിയാൽ ശരിയാകുമോ ... എല്ലാവർക്കും കണ്ഫ്യൂഷൻ, "ലോലിപ്പോപ് ഡീപ് ഫ്രൈ" ഓർ കറി ,വിത്ത് വെജ് പുലാവ് മതി അല്ലെങ്കിൽ വിത്ത്‌ ബ്രെഡ്‌ ,അങ്ങനെ അങ്ങനെ പലരും പല അഭിപ്പ്രായങ്ങൾ പറഞ്ഞു , ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു, ഈ വിനു ബിരിയാണി ഉണ്ടാക്കാൻ തീരുമാനിച്ചാൽ ഉണ്ടാക്കിയിരിക്കും എന്ന ഭാവത്തിൽ സ്ലോ മോഷനിൽ നടന്നു പോയി ഞാൻ ഉള്ളി അരിയാൻ തുടങ്ങി , അപ്പോൾ ആ വീട്ടിലെ അടുക്കളക്കാരൻ (ഒരു ഉഗ്രൻ കുക്ക്) മണിക്കുട്ടൻ തിലകന്റെ ഭാവത്തിൽ -- " അനുഭവജ്ഞാനം കൊണ്ടും തന്നോടുള്ള വാത്സല്യം കൊണ്ടും പറയുകയാ ,ഇത് കൊളമാകും ,ലോകത്തിന്നേവരെ ഒരുത്തനും ലൊലിപ്പൊപ് പീസ്‌ കൊണ്ട് ബിരിയാണി ഉണ്ടാക്കീട്ടില്ല", അപ്പോൾ ഞാൻ dr.സണ്ണിയുടെ (മോഹൻലാൽ) ഭാവത്തിൽ ,"ഐ നോ മണിക്കുട്ടാ,നിന്നെ പോലുള്ള നല്ല പാചകക്കാരെ ഞാൻ എന്നും ബഹുമാനിച്ചിട്ടേ ഉള്ളു ,പക്ഷെ ഇപ്പോൾ എനിക്ക് നിങ്ങളെ എല്ലാം നിഷേധിച്ചേ പറ്റൂ ...ഒരു ഷെഫും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിചെന്നിരിക്കും ഒരു ഭ്രാന്തനെ പോലെ ..എന്റെ ബിരിയാണിക്ക് വേണ്ടി .i will break all conventional laws of cookery...!!"
:
രംഗം ശാന്തം ,എല്ലാവരും അവരവരുടെ കാര്യ പരിപാടികളിലേക്ക് കടന്നു , ഞാൻ ബിരിയാണിയിലേയ്ക്കും ...സംഗതി മണിച്ചിത്രത്താഴിലെ ലാലേട്ടന്റെ ഡയലോഗൊക്കെ കസറിയെങ്കിലും എന്റെ ചിന്ത എങ്ങനെയീ ലോലിപ്പോപ് പീസുകൾ വച്ച് ബിരിയാണി കൂടുതൽ രുചിയുള്ളതും ഭംഗിയുള്ളതും ആക്കാം എന്നായിരുന്നു , ബ്രെസ്റ്റ് പീസ്‌ ആയാലും ലെഗ് പീസ്‌ ആയാലും ലോലിപ്പോപ് പീസ്‌ ആയാലും ഒക്കെ ചിക്കൻ തന്നെ ,പക്ഷെ സംഗതി വ്യത്യസ്തമായ രീതിയിൽ അതായതു ഒരു ഫ്രൈഡ് പീസ്‌ഡ് ബിരിയാണി ആക്കി കളയാം എന്ന തീരുമാനത്തിൽ ഞാനെത്തി,സംഗതി വളരെ സിമ്പിളാണ് , ,എല്ലാവരും ട്രൈ ചെയ്തോളു ,ഇതാണ് ഞാൻ അന്ന് സഞ്ചരിച്ച ഭ്രാന്തന്റെ വഴി,വളരെ സിമ്പിൾ ആണ്
:
വേണ്ട സാധനങ്ങൾ
:
1. ചിക്കൻ ലോലിപോപ്പ് പീസുകൾ - 1 kg
2. ബസ്മതി അരി ഒരു കിലോ
4. സവാള അരിഞ്ഞത് - ഒരു കപ്പ്‌
5. തക്കാളി അരിഞ്ഞത് - ഒരു കപ്പ്‌
6. പച്ചമുളക് ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് - ഒരു കപ്പ്‌
7. മല്ലിയില ,പുതീനയില - ഒരു പിടി
8. ഗരം മസാല 3 ടീസ്പൂണ്‍
9. മഞ്ഞപ്പൊടി,മല്ലിപ്പൊടി കുരുമുളക് പൊടി -ഓരോ ടീസ്പൂണ്‍
10. മുളക് പൊടി - 4 സ്പൂണ്‍
11. പട്ട ഗ്രാമ്പു ഏലക്ക ജീരകം ജാതി തുടങ്ങിയവ
12. ഉപ്പ് ആവിശ്യത്തിന്
13. നാരങ്ങാനീര് ഒന്ന്
14 .പുളിയില്ലാത്ത കട്ട തൈര്- 3 സ്പൂണ്‍
15 .നെയ്യ് ,എണ്ണ , ആവിശ്യത്തിന് .
:
തയ്യാറാക്കേണ്ട വിധം -
:
ആദ്യം ചിക്കൻ പൊരിക്കാം , കയ്യിൽ ഉഗ്രൻ ലോലിപോപ്പ് പീസുകൾ കിട്ടീട്ട് ഒന്ന് പൊരിക്കാതെ വിടുന്നത് ശരിയല്ലല്ലോ എന്ന് വച്ചാ അന്ന് ഞാൻ ഇങ്ങനെ ചെയ്തത് , മഞ്ഞപ്പൊടി ,മുളക് പൊടി ,കുരുമുളക് പൊടി ,നാരങ്ങാ നീര് ,ഉപ്പ് ,എന്നിവ ചേർത്ത് ,അര മണിക്കൂർ വയ്ക്കുക ,ശേഷം എണ്ണയിൽ നന്നായി മുക്കി പൊരിച്ച് എടുക്കുക ,മുക്കാൽ ഭാഗം വെന്താൽ മതി.
ഇനി അരി വേവിക്കാം ,ആദ്യം അര മണിക്കൂർ അരി കുതിർത്ത് വയ്ക്കുക ,ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അൽപ്പം പട്ട ഗ്രാമ്പു എന്നിവ മൂപ്പിച്ചു അരി വേകാൻ ഉള്ള വെള്ളം ഉഴിക്കുക, ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന അളവിൽ,രണ്ടു പച്ചമുളക് കീറിയതും ,ഒരു പിടി സവാള അരിഞ്ഞതും , ആവിശ്യത്തിന് ഉപ്പും ,ഒരു സ്പൂണ്‍ ഗരം മസാലപ്പൊടിയും ചേർക്കാം,വെള്ളം നന്നായി വെട്ടി തിളക്കുമ്പോൾ വാർത്തു വച്ചിരിക്കുന്ന അരി ഇടാം ,ഹൈ ഫ്ലെയിമിൽ കുറച്ചു സമയം വച്ച ശേഷം തീ കുറച്ചു വയ്ക്കുക ,അരിമണികൾ തിളയ്ക്കുന്ന വെള്ളത്തിന്‌ മീതെ വന്നു ഡാൻസ് കളിക്കും,അപ്പോഴാണ്‌ തീ കുറക്കേണ്ടത് ,ഒരു 10-15 ആകുമ്പോഴേക്കും അരി വെന്തോ എന്ന് നോക്കുക, ഏകദേശം മുക്കാൽ ഭാഗം വേവ് മതി ,തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിൽ വച്ച് അമർത്തുമ്പോൾ രണ്ടായി മുറിഞ്ഞു പോകണം ,അല്ലാതെ പേസ്റ്റ് പോലെ അലിയരുത്, അതാണ്‌ പരുവം , ഇനി വെള്ളം വാർത്ത് ചോറ് മാറ്റി വയ്ക്കുക.
അടുത്തതായി മസാല തയ്യാറാക്കാം --
ഒരു പാനിൽ എണ്ണയും(ചിക്കൻ പൊരിക്കാൻ ഉപയോഗിച്ച എണ്ണ എടുത്താൽ മതി) അൽപ്പം നെയ്യും ഉഴിച്ചു ചൂടാക്കുക , പിന്നെ ബാക്കിയുള്ള പട്ട ഗ്രാമ്പു ഏലക്ക ജീരകം ജാതി തുടങ്ങിയവ ചേർത്തു മൂപ്പിച്ചു ,സവാളയിട്ട് നന്നായി വഴറ്റുക , മഞ്ഞളും ഉപ്പും ചേർത്തിളക്കി സവാള ബ്രൌണ്‍ നിറമാകുമ്പോൾ പച്ചമുളക് ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതും അൽപ്പം മല്ലിയില പുതീനയില എന്നിവ അരിഞ്ഞതും ചേർത്ത് വഴറ്റുക ,എണ്ണ തെളിഞ്ഞു വരുമ്പോൾ തക്കാളി ചേർക്കാം ,നന്നായി ഇളക്കി അൽപ്പ നേരം കഴിഞ്ഞു എല്ലാം കൂടി ഒരു പേസ്റ്റ് പരുവം ആകുമ്പോൾ മുളക് പൊടി, മല്ലിപ്പൊടി ഗരം മസാലപ്പൊടി എന്നിവ ചേർത്ത് ഒന്നുടി ഇളക്കി തൈരും ചേർക്കാം ..ഇത് നന്നായി പച്ചമണം മാറിയ ശേഷം അൽപ്പം വെള്ളം ചേർക്കാം(പൊരിച്ച ചിക്കനിൽ നിന്നും ഇനി വെള്ളം ഊറി വരും എന്ന പ്രതീക്ഷ വേണ്ട) ,ഇനി ചിക്കൻ പീസുകൾ ചേർത്ത് ഇളക്കുക, ഗ്രേവി നന്നായി പീസുകളിൽ പിടിക്കണം ,മസാല റെഡിയായി .
ഇനി ഈ മസാലയിലേക്ക് തയാറാക്കി വച്ചിരിക്കുന്ന റൈസ് ചേർക്കുക, ചിക്കൻ മസാല തവി കൊണ്ട് പരത്തിയ ശേഷം രണ്ടാമത്തെ ലെയർ പോലെ വേണം ചോറ് നിരത്താൻ ,ചോറ് ഒരു ലെയർ നിരത്തിയ ശേഷം മുകളിൽ അൽപ്പം മല്ലിയില പുതീനയില എന്നിവ തൂവുക ,അതിനു മുകളിലേക്ക് ബാക്കിയുള്ള ചോറും ഇടുക ,നന്നായി അമർത്തി ചോറ് നിരപ്പാക്കി വച്ച ശേഷം മുകളിൽ അണ്ടിപ്പരിപ്പോ മുന്തിരിയോ സവാള വറത്തതോ ഒക്കെ ചേർക്കാം , എന്തായാലും ബാക്കിയുള്ള മല്ലിയില ,പുതീനയില എന്നിവ ചേർക്കാൻ മറക്കണ്ട. ഇനി അടപ്പ് കൊണ്ട് മൂടി മുകളിൽ ഭാരമുള്ള എന്തെങ്കിലും വച്ച ശേഷം തീ ഏറ്റവും കുറച്ചു വയ്ക്കുക , അടിഭാഗം കട്ടിയില്ലാത്ത പാത്രമാണെങ്കിൽ ഒരു ദോശക്കല്ല് അടുപ്പത്ത് വച്ചിട്ട് അതിനു മുകളിൽ ബിരിയാണിപ്പാത്രം വച്ചാൽ മതി. അല്ലെങ്കിൽ അടിക്കു പിടിക്കും .ഒരു 15 മിനിട്ട് കഴിഞ്ഞാൽ മൂടി തുറക്കാം ,വീട് മുഴുവൻ നല്ല ഉഗ്രൻ മണമായിരിക്കും , ലോലിപോപ്പ് പീസുകൾ നല്ല ഭംഗിയിൽ വച്ച് ഒപ്പം ചോറും വച്ചാൽ കുട്ടികളും ഏറെ ഇഷ്ടപ്പെടും ,
:
Note- ഞാൻ രണ്ടു ടൈപ്പ് കളർ ചേർത്തിട്ടുണ്ട് , മഞ്ഞയും ചുവപ്പും , വരട്ട് മഞ്ഞൾക്കട്ട പൊടിച്ചതിൽ വെള്ളം ചേർത്ത് പേസ്റ്റ് ആക്കി കാച്ചിയ എണ്ണയിൽ ചാലിച്ച് എടുത്ത് തളിച്ചതാണ് മഞ്ഞക്കളർ, ബീട്ട്രൂട്ട് -ക്യാരറ്റ് എന്നിവ അരിഞ്ഞു മിക്സിയിൽ അടിച്ചു പിഴിഞ്ഞ് അരിച്ചെടുത്ത നീരാണ് ചുവന്ന കളർ , പണ്ട് മ്യൂറൽ പെയിന്റിംഗ്(ചുവർ ചിത്രം) പഠിക്കാൻ പോയപ്പോൾ കിട്ടിയതാണ് ഈ കളറുണ്ടാക്കൽ ടെക്നിക് ),വളരെ കുറച്ചേ ചേർത്തിട്ടുള്ളൂ.
:
ഫ്രൈ ചെയ്യാൻ ഇഷ്ടമില്ലാത്തവർ മാരിനെറ്റ് ചെയ്ത ചിക്കൻ അതേ പടി മസാലയിൽ ചേർത്തു വേവിച്ചാമതി, ഫ്രൈ ചെയ്യുകയാണെങ്കിൽ മസാലയിൽ ചിക്കൻ സ്റ്റൊക്ക് അല്ലെങ്കിൽ നേരത്തെ ഞാൻ പറഞ്ഞത് പോലെ ചിക്കൻ പൊരിക്കാൻ ഉപയോഗിച്ച എണ്ണ ചേർക്കണം ,ഇല്ലെങ്കിൽ ഇറച്ചിയുടെ ഫ്ലേവർ ചോറിൽ കിട്ടില്ല.
:
അപ്പോൾ എല്ലാവരും ട്രൈ ചെയ്യുക .
:
നന്ദി
Vinu Nair..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post