ഇന്നത്തെ ഉച്ചയൂണ്..
By : ആരതി അരുണം
നത്തോലി കാന്താരി പീരവറ്റിച്ചത്
********************************

നത്തോലി കാൽകിലോ ക്ളീൻചെയ്ത് മാറ്റിവയ്ക്കുക. പത്തു കഷ്ണം ഉള്ളി കുനു കുനാ അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി എന്നിവ മിക്സീൽ ഇട്ട് ഒന്നു കറക്കി എടുക്കുക. അതിലേക്ക് ഒരു അല്ലി വെള്ളുള്ളി ഇടിച്ച് ചേർക്കണം. ഒരു കപ്പ് തേങ്ങയും പത്ത് കാന്താരി മുളക് (എരിവിനനുസരിച്ച്) എന്നിവ കല്ലിൽ ചതച്ചെടുത്ത് അതിലേക്ക് ഉള്ളി ഇഞ്ചി അരപ്പും ഉപ്പ്,മഞ്ഞൾപ്പൊടി,അൽപ്പം കാശ്മീരി മുളകുപൊടി, നിറയെ വേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അതിലേക്ക് മീൻ ഇട്ട് കുടമ്പുളിയുമിട്ട് പാകത്തിനു വെള്ളമൊഴിച്ച് വറ്റിച്ചെടുക്കുക. വറ്റിവരുമ്പോൾ പച്ചവെളിച്ചെണ്ണ ഒഴിച്ച് വാങ്ങിവയ്ക്കുക.

മീൻ വറുത്തത്
***************

ഇന്ന് ഒരു ഫ്യൂഷൻ മീൻ വറുത്തത് ആരുന്നു. അരപ്പിലെ ഫ്യൂഷൻ..

അരകിലോ കിളിമീനിലേക്ക് ഇഞ്ചി,വെള്ളുള്ളി,പെരും ജീരകം,കുരുമുളക് എന്നിവ അരച്ച് മുളകുപൊടീം ഉപ്പും ചേർത്തു അതിലേക്ക് പുറത്തു നിന്ന് വാങ്ങിയ ഫിഷ് ഫ്രൈ മസാല ഒരു സ്പൂൺ കൂടെ ചേർത്തു അര മണിക്കൂറിനു ശേഷമെടുത്തു വറുത്തു. (അരപ്പു പുരട്ടി ഫ്രിഡ്ജിൽ വച്ചാൽ വേഗം അരപ്പു പിടിക്കും)

അവിയൽ
**********
വെള്ളരി,പടവലം,പച്ചക്കായ,ക്യാരറ്റ്,ചേന,മുരിങ്ങക്ക,പച്ചമുളക് എന്നിവ നല്ല ഭംഗിയിൽ മുറിച്ച് മാറ്റിവയ്ക്കണം. ഒരു കുക്കറെടുത്ത് അടിയിൽ കുറച്ചു വെളിച്ചെണ്ണയും ഒരു തണ്ട് വേപ്പിലയുമിട്ട് അതിനു പുറത്തേക്ക് കഷ്ണങ്ങളിട്ട് പാകത്തിന് ഉപ്പും ഊരു സ്പൂൺ മുളകുപൊടിയും ചേർത്ത് വേവാൻ വയ്ക്കുക.(വെളിച്ചെണ്ണ ഒഴിച്ചതിനാൽ അടിക്ക് പിടിക്കില്ല, വെള്ളം ഒഴിക്കേണ്ട കാര്യവുമില്ല.വെള്ളരിയിൽ നിന്നും വെള്ളമിറങ്ങും).
ഒരു മൂന്നു വിസിൽ കഴിയുമ്പോൾ ഒരു മുറി തേങ്ങ ഒരു സ്പൂൺ ജീരകം ചേർത്തു ചതച്ചെടുത്തതും ചേർത്ത് മാങ്ങയും ചേർത്ത് ഒന്നുകൂടി മൂടിവച്ച് വേവിച്ചെടുക്കുക.

എല്ലാം കൂടി നല്ല കുത്തരിച്ചോറും കൂട്ടി കുഴച്ചു കുഴച്ച് കഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post